Connect with us

National

റിലയന്‍സിന്റെ പ്രകൃതി വാതക ബ്ലോക്കുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

Published

|

Last Updated

മുംബൈ: കെ ജി- ഡി6 ബ്ലോക്കിലെ അഞ്ച് പ്രകൃതി വാതക നിക്ഷേപങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇവ റിലയന്‍സ് കണ്ടെത്തിയതാണെങ്കിലും, പ്രകൃതി വാതക പര്യവേക്ഷണം സമയബന്ധിതമായി നടത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. മൊയ്‌ലി മന്ത്രിയായിരിക്കെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് വന്‍തോതില്‍ നേട്ടമുണ്ടാക്കിയെന്ന് പരക്കെ ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ഡി4, ഡി7, ഡി8, ഡി16, ഡി23 എന്നീ അഞ്ച് പ്രകൃതി വാതക നിക്ഷേപങ്ങളാണ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ 0.805 ട്രില്ല്യന്‍ ക്യൂബിക് അടി (80500 ലക്ഷം കോടി ) വാതക നിക്ഷേപമുണ്ട്. സമയബന്ധിതമായി പര്യവേക്ഷണം പൂര്‍ത്തിയാക്കണമെന്ന ഉപാധി പാലിക്കാതിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പ്രകൃതി വാതക നിക്ഷേപ പര്യവേക്ഷണത്തിന് നല്‍കിയ കരാര്‍ റദ്ദാക്കണമെന്ന് സി പി ഐ നേതാവും പാര്‍ലിമെന്റ് അംഗവുമായ ഗുരുദാസ് ദാസ് ഗുപ്ത കുറച്ചുകാലമായി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. ഒടുവില്‍, കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ആര്‍ ഐ എല്ലിനെതിരെ നടപടി തുടങ്ങിയിരിക്കുന്നു എന്നാണ് മൊയ്‌ലിയുടെ പ്രസ്താവന നല്‍കുന്ന സൂചനയെന്ന് ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. “റിലയന്‍സിനെതിരെ എന്തെല്ലാമോ നടപടി സ്വീകരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം. പക്ഷെ നടപടിയൊന്നും എടുക്കില്ല. രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ് അവര്‍ ചെയ്യുന്നത്. വില്‍പ്പന നടത്തിയ പ്രകൃതി വാതകത്തിന് കമ്പനി പണം നല്‍കണം. ഡി29, ഡി30, ഡി31 പ്രകൃതിവാതകപ്പാടങ്ങള്‍ റിലയന്‍സ് കൈവശം വെക്കുന്നത് അംഗീകരിക്കാനാകില്ല- ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു. പ്രകൃതി വാതകപ്പാടങ്ങള്‍ സമയബന്ധിതമായി വികസിപ്പിച്ചെടുക്കാത്ത ആര്‍ ഐ എല്ലില്‍ നിന്ന് 1,130 ചതുരശ്ര കിലോമീറ്റര്‍ പാടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബന്‍സ് (ഡി ജി എച്ച്) നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സംരംഭത്തില്‍ ബ്രിട്ടീഷ് പെട്രോളിയമാണ് ആര്‍ ഐ എല്ലിന്റെ വ്യവസായ പങ്കാളി.

Latest