Connect with us

National

ജനങ്ങള്‍ക്ക് വേണ്ട; സിറ്റിംഗ് എം എല്‍ എമാര്‍ക്ക് സീറ്റ് പോകും

Published

|

Last Updated

ജയ്പൂര്‍/ ന്യൂഡല്‍ഹി: രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലാണ് സംഭവം. മുന്‍ മുഖ്യമന്ത്രിയും പ്രധാന പ്രതിപക്ഷമായ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷയുമായ വസുന്ധരാ രാജെയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് 150 ഓളം വരുന്ന പ്രദേശവാസികള്‍ കാത്തുനില്‍ക്കുന്നു. വസുന്ധരാ രാജെ പുറത്ത് വന്നയുടന്‍ ജനം അവരെ പൊതിഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ സ്വീകരിക്കാനോ ഏതെങ്കിലും പരിപാടിക്ക് ക്ഷണിക്കാനോ ആണ് അവര്‍ എത്തിയതെന്ന് വസുന്ധരാ രാജേ നിരൂപിച്ചു കാണണം. എന്നാല്‍ ജനങ്ങള്‍ നേരെ തിരിച്ചാണ് പ്രതികരിച്ചത്. അവര്‍ ക്ഷുഭിതരായിരുന്നു. സിറ്റിംഗ് എം എല്‍ എയെക്കുറിച്ചുള്ള പരാതിയുടെ കെട്ടുമായാണ് അവര്‍ വന്നത്. ബി ജെ പി നേതാവായ എം എല്‍ എ രാധേശ്യാമിനെതിരെ രേഖകള്‍ സഹിതമാണ് ജനങ്ങള്‍ വാദിച്ചത്. ഒറ്റ ആവശ്യമേ അവര്‍ക്കുള്ളൂ. ശ്യാമിന് ഇത്തവണ ടിക്കറ്റ് കൊടുക്കരുത്. രേഖകള്‍ വാങ്ങി പരിശോധിച്ച മുന്‍ മുഖ്യമന്ത്രി ജനങ്ങളുടെ ആവശ്യത്തില്‍ ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനമെടുക്കുമെന്ന് അറിയിച്ചു. ഇതോടെയാണ് ജനം അയഞ്ഞത്.
ഗംഗാനഗറിലേത് ഒറ്റപ്പെട്ട സംഭവമല്ല. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി, സഖ്യ വ്യത്യാസമില്ലാതെ ഭൂരിപക്ഷം സിറ്റിംഗ് എം എല്‍ എമാര്‍ക്കും പുതുതായി ടിക്കറ്റ് കിട്ടാനിടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസിനെതിരെ ഭരണവിരുദ്ധ വികാരം രക്ഷയാകുമെന്ന് കരുതി കാത്തിരിക്കുന്ന രാജസ്ഥാനിലെ ബി ജെ പിക്ക് തങ്ങളുടെ സ്വന്തം എം എല്‍ എമാര്‍ക്കെതിരായ ജനവികാരം വന്‍ തിരിച്ചടിയാകുമത്രേ. ഇതേ പ്രശ്‌നം കോണ്‍ഗ്രസിനെയും അലട്ടുന്നുണ്ട്. വികസന മുന്നേറ്റത്തെ കുറിച്ച് പറഞ്ഞ് ചെല്ലുമ്പോഴേക്കും നിലവിലുള്ള നിയമസഭാ അംഗങ്ങളുടെ നിഷ്‌ക്രിയത്വം ചര്‍ച്ചയാകുകയാണ്. ബി ജെ പിയുടെ 78 എം എല്‍ എമാരില്‍ 40 ശതമാനം പേരെയും മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചവരെയും സ്ഥാനാര്‍ഥി പട്ടികക്ക് പുറത്തു നിര്‍ത്തും.
ഇവ മുന്‍കൂട്ടി കണ്ടാണ് രാജസ്ഥാനില്‍ വസുന്ധരാ രാജെയുടെ നേതൃത്വത്തില്‍ നടന്ന സുരാജ് സങ്കല്‍പ്പ് യാത്രയോടനുബന്ധിച്ച് മൂന്ന് സര്‍വേകള്‍ ബി ജെ പി നടത്തിയത്. രണ്ട് അഭിപ്രായ രൂപവത്കരണ യോഗങ്ങളും രാജെ വിളിച്ചു ചേര്‍ത്തു. ചില മന്ത്രിമാരടക്കം 40 ശതമാനത്തിലധികം സിറ്റിംഗ് എം എല്‍ എമാരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെയും തീരുമാനം. സീറ്റ് പോകുമെന്ന് ഭയക്കുന്ന എം എല്‍ എമാര്‍ കൂട്ടമായി ഡല്‍ഹിയിലേക്ക് വണ്ടി കയറുകയാണ്. മതം, ജാതി, സമുദായം തുടങ്ങിയ കാര്‍ഡുകള്‍ പുറത്തെടുത്ത് തങ്ങളുടെ തടി കാക്കാനാണ് എം എല്‍ എമാര്‍ ശ്രമിക്കുന്നത്.
ഛത്തീസ്ഗഢില്‍ ഭരണവിരുദ്ധ വികാരമേയില്ലെന്നാണ് ബി ജെ പി നേതാവും മുഖ്യമന്ത്രിയുമായ രമണ്‍ സിംഗ് അവകാശപ്പെടുന്നത്. എന്നാല്‍ സിറ്റിംഗ് എം എല്‍ എമാര്‍ക്കെതിരെ ജനവികാരം ഉണ്ട്. അതുകൊണ്ട് ജയസാധ്യത മാത്രം കണക്കിലെടുത്താകും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയെന്ന് അദ്ദേഹം പറയുന്നു. ഈ മാസം 20ന് പുറത്തു വിട്ട ആദ്യ പട്ടികയില്‍ 10 സിറ്റിംഗ് അംഗങ്ങള്‍ക്ക് ഇടം ലഭിച്ചില്ല. പാര്‍ട്ടി പ്രവര്‍ത്തകരും വിവിധ സാമുദായിക, സാമൂഹിക സംഘടനാ നേതാക്കളും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച ചില സിറ്റിംഗ് എം എല്‍ എമാര്‍ക്ക് സീറ്റ് നിഷേധിച്ചിട്ടുണ്ടെന്ന് പട്ടികാ രൂപവത്കരണത്തില്‍ മുഖ്യ പങ്ക് വഹിച്ച ഒരു നേതാവ് പറഞ്ഞു. പാര്‍ട്ടിയുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തവര്‍ക്ക് ടിക്കറ്റ് നല്‍കേണ്ടെന്നാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ഡല്‍ഹിയാണ് അല്‍പ്പം അപവാദമായിട്ടുള്ളത്. ഇവിടെ മോശം പ്രകടനം കാഴ്ചവെച്ച 10 എം എല്‍ എമാരെ മാറ്റണമെന്നാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചത്. എന്നാല്‍ എല്ലാ സിറ്റിംഗ് എം എല്‍ എമാര്‍ക്കും ടിക്കറ്റ് നല്‍കുമെന്നാണ് ഏറ്റവും പുതിയ വിവരം. മണ്ഡലങ്ങളില്‍ മാറ്റമുണ്ടായേക്കാം.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഭരണവിരുദ്ധ വികാരത്തെ നന്നായി ഭയക്കുന്നുണ്ട്. ഇവിടെ സിറ്റിംഗ് എം എല്‍ എമാര്‍ക്ക് സീറ്റ് നിഷേധിക്കുന്നത് ഈ ഭയം കൊണ്ട് കൂടിയാണ്. എന്നാല്‍ നിലവിലുള്ള അംഗങ്ങളെ മാറ്റി പുതിയ മുഖങ്ങള്‍ പരീക്ഷിക്കുന്നത് കൊണ്ട് മാത്രം ഭരണ വിരുദ്ധവികാരം മറികടക്കാനാകില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
അതേസമയം, സിറ്റിംഗ് എം എല്‍ എമാരെ മാറ്റി നിര്‍ത്തുന്നതോടെ ദുഷ്‌കരമായ ഉത്തരവാദിത്വമാണ് പാര്‍ട്ടി നേതാക്കള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നത്. കൂടുതല്‍ യോഗ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് തന്നെയാണ് ആദ്യത്തേത്. തഴയപ്പെട്ട ചില എം എല്‍ എമാര്‍ വെറുതെയിരിക്കില്ല. ശക്തമായ വിമത നീക്കം ഉണ്ടാകും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പട്ടിക പുറത്തിറക്കുന്നത് പരമാവധി വൈകിപ്പിക്കുകയാണ് പാര്‍ട്ടികള്‍. തഴയപ്പെടുന്നവര്‍ക്ക് ബോര്‍ഡുകളും കോര്‍പ്പറേഷനുകളും വെച്ചു നീട്ടി അനുനയിപ്പിക്കാന്‍ വേണ്ടിയാണ് ഈ കാലതാമസം വിനിയോഗിക്കുന്നത്.