Connect with us

Articles

സമുദായത്തിന്റെ സ്വന്തം ശങ്കരാടികള്‍

Published

|

Last Updated

mic-copyതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എന്തുകൊണ്ടാണ് തോറ്റത് എന്നതിനെ കുറിച്ച് ആലോചിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍, “താത്വികമായ ഒരു വിശകലനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്” എന്ന മുഖവുരയോടെ ശങ്കരാടി എന്ന നടന്‍ അവതരിപ്പിച്ച കുമാരന്‍ പിള്ള എന്ന പാര്‍ട്ടി താത്വികാചാര്യന്‍ നല്‍കുന്ന വിശദീകരണം പ്രസിദ്ധമാണല്ലോ? വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നുവെന്നും ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയാരിന്നുവെന്നും വര്‍ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താ സരണികളും റാഡിക്കലായ ഒരു മാറ്റമല്ലെന്നും അതുകൊണ്ടാണ് പാര്‍ട്ടിക്കു തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതെന്നുമാണ് കുമാരന്‍ പിള്ള വിശദീകരിക്കുന്നത്. “തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണ് തോറ്റത് എന്ന് വളച്ചു കെട്ടില്ലാതെ പറഞ്ഞുകൂടേ” എന്ന് ചോദിച്ച അണികളോട് പാര്‍ട്ടിക്കു നഷ്ടപ്പെട്ടതെല്ലാം ആറ് മാസത്തിനകം തിരിച്ചുപിടിക്കാന്‍ എതിര്‍ പാര്‍ട്ടിയിലെ, ജനങ്ങളെല്ലാം ഇഷ്ടപ്പെടുന്ന കൊള്ളാവുന്ന ചെറുപ്പക്കാരെ വല്ല കള്ളക്കേസിലോ ഗര്‍ഭക്കേസിലോ പെടുത്തുക, ജനങ്ങള്‍ അവരെ കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പുന്ന അവസ്ഥയുണ്ടാക്കുക എന്നീ താത്വികമായ പോംവഴികളാണ് കുമാരന്‍ പിള്ള എന്ന ശങ്കരാടി പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ നിര്‍ദേശിക്കുന്നത്.
ശങ്കരാടിയുടെ ഈ സൈദ്ധാന്തിക തിരഞ്ഞെടുപ്പ് വിശകലനം പോലെ, സംഭവം ഈജിപ്തിലെ തിരഞ്ഞെടുപ്പോ പെട്ടിപ്പാലത്തെ പോലീസ് ലാത്തിച്ചാര്‍ജോ കൊസോവയിലെ വംശഹത്യയോ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ കേരള യാത്രയോ ഒഡീഷയിലെ വെള്ളപ്പൊക്കമോ നീരൊഴുക്കും ചാലിലെ പൂഴി വാരലോ സിറിയയിലെ രാസായുധ പ്രയോഗമോ മര്‍കസ് നോളജ് സിറ്റിയുടെ പരസ്യമോ കൊച്ചിയിലെ മദീനാ മസ്ജിദ് കൈയേറ്റമോ ഞെളിയന്‍ പറമ്പിലെ മാലിന്യമോ മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹ പ്രായമോ ആകട്ടെ, അതേക്കുറിച്ചെല്ലാം താത്വികമായ ഒരു അവലോകനത്തിനാണ് ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ ദിനപത്രമായ മാധ്യമവും വാരികയായ പ്രബോധനവും എപ്പോഴും ഒരുമ്പെടാറുള്ളത്. അതിനായി ആഗോള മൂലധനവും സവര്‍ണ ദേശീയതയും ഉയര്‍ത്തുന്ന ചരിത്രപരമായ വെല്ലുവിളികളുടെയും അതിന് സാര്‍വദേശീയ തലത്തില്‍ പശ്ചാത്തലം ഒരുക്കിക്കൊടുക്കുന്ന കൊളോണിയല്‍ സയണിസ്റ്റ് ഭീകരതയുടെയും അതിനെതിരെ പ്രക്ഷോഭത്തിന്റെ കര്‍മശാസ്ത്രം എടുത്തുകാട്ടി ഇസ്‌ലാമിസ്റ്റുകള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിന്റെയും കോരിത്തരിപ്പിക്കുന്ന വര്‍ത്തമാനകാല ചരിത്രം പശ്ചാത്തലമാക്കി, വെള്ളിമാട്കുന്നിലെ റോഡിനിരുവശവും ഇരുന്നു പാര്‍ട്ടിയുടെ താത്വിക ആചാര്യന്മാര്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തും. അതിലൂടെ ഉരുത്തിരിയുന്ന താത്വികമായ വിശകലനങ്ങളും കണ്ടെത്തലുകളും ചരിത്രത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള പോംവഴികളും യഥാസമയം പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്തും. അത് തൊട്ടുപിറ്റേ ദിവസം പാര്‍ട്ടി ജിഹ്വയായ മാധ്യമത്തിലൂടെയും തൊട്ടടുത്ത ആഴ്ച പ്രബോധനത്തിലൂടെയും വെണ്ടക്ക നിരത്തി അച്ചടിച്ചു വരികയും ചെയ്യും.
ബഹുസ്വര ചരിത്രത്തെയും സമൂഹത്തെയും പ്രക്ഷോഭങ്ങളുടെ മഴവില്‍ സംവാദങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുപോകാനും കൊളോണിയല്‍ ആധുനികതയെയും സവര്‍ണ മതേതരത്വത്തെയും പ്രശ്‌നവത്കരിക്കാനും ചരിത്രത്തെയും ഭാവിയെയും കീഴാളരുടെതാക്കാനും കൃത്യവും കണിശവുമായ ആശയങ്ങളും പദ്ധതികളുമാണ് ഇത്തരം താത്വിക വിശകലനങ്ങളിലൂടെ ജമാഅത്തെ ഇസ്‌ലാമി അണികള്‍ക്കും പൊതു സമൂഹത്തിനും മുന്നില്‍ വെക്കാറുള്ളത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെയും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്ന മത നേതാക്കളെയും വല്ല വിധേനയും ഏതെങ്കിലും കള്ളക്കേസില്‍ കുടുക്കുക, മര്‍കസ് നോളജ് സിറ്റിയുടെ ബ്ലൂ പ്രിന്റിലെ ടെന്നീസ് കോര്‍ട്ടിന്റെ വിസ്തീര്‍ണവും ആംഫി തിയേറ്ററിന്റെ ശബ്ദ സംവിധാനവും എത്രയെന്നും ഏതെന്നും അറിയുന്നതുവരെ യുവാക്കളുടെ ചെറുത്തുനില്‍പ്പ് ശക്തമാക്കുക, മസ്ജിദുല്‍ ആസാറിന്റെ പണി തുടങ്ങിയോ, തുടങ്ങിയെങ്കില്‍ എവിടെ, എന്ന് കാന്തപുരമോ ഒപ്പമുള്ളവരോ വ്യക്തമാക്കും വരെയും മാധ്യമത്തിന്റെ കാന്തപുരം റിപ്പോര്‍ട്ടര്‍ ഉമര്‍ പുതിയോട്ടിലിനെ കൊണ്ട് വാര്‍ത്ത എഴുതിപ്പിക്കുക, ഇടക്കിടെ ചുവന്ന കുന്നിനും ചേന്നമംഗല്ലൂരിനും ഇടയില്‍ ജെ സി ബി ഓടിക്കുക, തിരുകേശത്തെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന മുസ്‌ലിം നേതാക്കളുടെ എണ്ണം കണ്ടെത്താന്‍ പ്രത്യേക സര്‍വേ നടത്തുക, സുന്നി സമ്മേളനങ്ങളിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെയും ശബ്ദമലിനീകരണത്തിന്റെയും തോത് കണക്കാക്കുക എന്നിങ്ങനെ പോകുന്നു ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെക്കുന്ന ശങ്കരാടി മോഡല്‍ താത്വിക പ്രതിരോധങ്ങള്‍. സ്വയം പ്രതിരോധത്തിന് വേണ്ടി അന്യ മതസ്ഥരുടെ കൈയും മെയ്യും വെട്ടുന്നതും സ്വന്തം മതത്തിന്റെ ആരാധാനാലയവും മത പാഠശാലയും വേദ ഗ്രന്ഥവും കത്തിക്കുന്നതും അനുവദിനീയമാക്കിയ “സമുദായസ്‌നേഹികള്‍” “ഇസ്‌ലാമിനകത്തു” തന്നെ ഉണ്ടാകുമ്പോള്‍ ഇത്തരം താത്വിക പ്രതിരോധങ്ങള്‍ക്ക് ചരിത്രപരവും സാമൂഹികവും വിമോചനദൈവശാസ്ത്രപരവുമായ വലിയ പങ്കാണല്ലോ സമുദായത്തിനകത്തു നിര്‍വഹിക്കാന്‍ ഉണ്ടാകുക.
ഏതായാലും, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന മത പണ്ഡിതന്‍ ഉണ്ടായതും അദ്ദേഹം പൊതുപ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചതും കേരള ജമാഅത്തെ ഇസ്‌ലാമിയുടെയും സമാനമനസ്‌കരുടെയും മഹാഭാഗ്യം തന്നെ എന്ന് വേണം കരുതാന്‍!. കാരണം, ഈ മുക്കൂട്ടു മുന്നണിയുടെ താത്വിക പ്രശ്‌നങ്ങളെല്ലാം തന്നെ എളുപ്പത്തില്‍ പരിഹരിക്കാനുള്ള രക്ഷയും മാര്‍ഗവുമായി കാന്തപുരം അബുബക്കര്‍ മുസലിയാര്‍ ഇതിനോടകം മാറിക്കഴിഞ്ഞു. താന്താങ്ങളുടെ രാഷ്ട്രീയ അജന്‍ഡകളും തനി നിറങ്ങളും ഒളിപ്പിക്കാന്‍ “പുരോഗമന മുസ്‌ലിം പ്രസ്ഥാനങ്ങള്‍ക്ക്” കാന്തപുരവും അദ്ദേഹം നേതൃത്വം നല്‍കുന്ന പ്രസ്ഥാനങ്ങളും തന്നെ വേണം എന്ന സ്ഥിതിലായി കാര്യങ്ങള്‍. കാന്തപുരത്തെ അപലപിക്കുന്ന ഒരു പ്രസ്താവന, അല്ലെങ്കില്‍ ഒരു വാര്‍ത്ത മതി ഈ മുസ്‌ലിം താത്വികാചാര്യന്മാര്‍ക്ക് പുരോഗമനവാദികളാകാന്‍, മുസ്‌ലിം സ്ത്രീകള്‍ക്ക് ഇസ്‌ലാമിക സ്ത്രീവാദികളാകാന്‍, കൈവെട്ടുകാര്‍ക്കു സോഷ്യല്‍ ഡെമോക്രാറ്റുകളാകാന്‍.
ജമാഅത്തെ ഇസ്‌ലാമിയിലെ സ്ത്രീ നേതാക്കളുടെ ഒരു സ്ഥിരം പരിപാടി കാന്തപുരത്തിന്റെ “സ്ത്രീവിരുദ്ധ” നിലപാടുകളെ അപലപിക്കലാണ്. പക്ഷേ, സ്വന്തം പ്രസ്ഥാനത്തിലെ നേതാക്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ഇവരാരും ഇതുവരെയും അപലപിച്ചതായോ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതായോ ഇതുവരെയും കണ്ടിട്ടില്ല. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി ആരിഫലി പറയുന്നതനുസരിച്ച് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് എറ്റവും പ്രാതിനിധ്യം കൊടുക്കുന്ന സംഘടനയാണത്രേ ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളില്‍ 12 ശതമാനവും പ്രവര്‍ത്തകരില്‍ 30 ശതമാനവും സ്ത്രീകളാണ്. ശൂറയില്‍ രണ്ട് സ്ത്രീകള്‍ ഉണ്ട്, ദേശീയ പ്രതിനിധി സഭയില്‍ 19 സ്ത്രീകളുണ്ട്, മൂന്ന് സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാള്‍ സ്ത്രീയാണ്, എന്നിങ്ങനെ ജമാഅത്തിന്റെ സ്ത്രീപക്ഷവാദത്തെ പരിചയപ്പെടുത്തുന്ന ആരിഫലിയോട്, “എന്നിട്ടുമെന്തേ സ്ത്രീകളുടെ വിവാഹ പ്രായം തീരുമാനിക്കാനുള്ള യോഗത്തിലേക്ക് ഞങ്ങളിലൊരാളെയും അയക്കാതിരുന്നത്?” എന്ന് ശൂറയിലെ ഒരു പിടക്കോഴിയും ചോദിച്ചതായി ആരും കേട്ടിട്ടില്ല. എങ്ങനെ കേള്‍ക്കും? ഇത്തരം സ്ത്രീപക്ഷ ചോദ്യങ്ങളും ആശങ്കകളുമെല്ലാം പൂരം കഴിഞ്ഞ ശേഷം അമീറിനു മാധ്യമത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ശിഷ്യനോട് അഭിമുഖ രൂപത്തില്‍ വെടിവെക്കാന്‍ മാത്രമുള്ള ഉണ്ടകളാണല്ലോ. “മിശ്രവിദ്യാഭ്യാസം സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണമാകുന്നു” എന്ന ജമാത്ത് കേന്ദ്ര ശൂറയുടെ തീരുമാനത്തിനു ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗയത്തിന്റെ നിര്‍ദേശങ്ങളുമായി ഒരു ജമാഅത്ത് താത്വിക ആചാര്യനും സാമ്യം കണ്ടില്ല. അതെങ്ങനെ കാണും? കാന്തപുരത്തെ അപലപിച്ചു സ്വന്തം പുരോഗമനവും സമഗ്രതയും ബോധ്യപ്പെടുത്താന്‍ നോമ്പും നോറ്റിരിക്കുന്നവര്‍ക്കെങ്ങനെ ജമാഅത്തെ ഇസ്‌ലാമിയുടെയും ആര്‍ എസ് എസ്സിന്റെയും അഭിപ്രായങ്ങളിലെ പൊരുത്തപ്പെട്ടു പോകലിനെ കാണാന്‍ കഴിയും? അതു കൊണ്ടാണല്ലോ “കാന്തപുരത്തിനും ആര്‍ എസ് എസ്സിനും ഒരേ സ്വരം” എന്ന് മാധ്യമത്തില്‍ വി എസ് അച്യുതാനന്ദന്റെ പ്രസ്താവന നാല് കോളത്തില്‍ അടിച്ചു വരുന്നതും അതേ വിഷയത്തില്‍ സ്വന്തം ശൂറയുടെ നിലപാട് ഏത് നാഗ്പൂര്‍കാരന്റെതാണ് എന്ന കാര്യം കാന്തപുരത്തെ അടിക്കാനുള്ള ഒരു വടി കിട്ടിയ ആവേശത്തില്‍ ഒ അബ്ദുര്‍റഹ്മാന്‍ എന്ന ഗ്രൂപ്പ് എഡിറ്റര്‍ മറന്നു പോകുന്നതും. ശൂറയുടെ നിലപാട് പോകട്ടെ, ഒ അബ്ദുര്‍റഹ്മാന്‍ തന്നെ എഴുതിയ പുസ്തകത്തില്‍ “പുരുഷന്മാരെ ഇക്കിളിപ്പെടുത്തുന്ന വേഷം ധരിച്ചു ചെത്തി നടക്കുമ്പോള്‍ സ്വാഭാവികമായും കൈയേറ്റങ്ങള്‍ ഉണ്ടാകും” എന്നാണ്(ദൈവം, മതം, ശരീഅത്ത്; സംശയങ്ങള്‍ക്ക് മറുപടി, പേജ് 282) വിശദീകരിച്ചിരിക്കുന്നത്. അബ്ദുര്‍റഹ്മാന്റെ നിലപാടും മോഹന്‍ ഭഗവത്തിന്റെ നിലപാടും തമ്മില്‍ എന്ത് വ്യത്യാസം എന്ന് ആരെങ്കിലും വായനക്കാരുടെ കോളത്തിലേക്ക് എഴുതിയാല്‍ പോലും മാധ്യമം പ്രസിദ്ധീകരിക്കില്ല. വിശ്വാസപരമായ കാര്യങ്ങളില്‍ ഇസ്‌ലാം പുലര്‍ത്തുന്ന കര്‍ശനമായ അഭിപ്രായങ്ങളും വീക്ഷണങ്ങളും “യഥാസ്ഥിതിക മുസ്‌ല്യാക്കന്മാരെ” കൊണ്ടും അതുമല്ലെങ്കില്‍ കേന്ദ്ര ശൂറയിലെ താടിയും തലപ്പാവും ധരിച്ച ഉത്തരേന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ കൊണ്ടും പറയിപ്പിച്ചു “ഞങ്ങള്‍ ഇന്നാട്ടുകാരല്ല, ചേന്നമംഗല്ലൂര്‍ക്കാരാണ്” എന്ന് പറയലാണല്ലോ കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിക്കാരുടെ പൊതു സ്വഭാവം.
യഥാര്‍ഥത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി പ്രസ്ഥാനങ്ങളോടുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ സമീപനത്തിന്റെ അന്തര്‍ധാര പൊതു സമൂഹം ഇസ്‌ലാമിനോടും മുസ്‌ലിംകളോടും പുലര്‍ത്തുന്ന ഇസ്‌ലാം പേടിയുടെ തന്നെ തുടര്‍ച്ചയാണ്. അങ്ങനെ മതത്തിനകത്തെ ഇസ്‌ലാമോഫോബിയയുടെ ഇറക്കുമതിക്കാരായി മാറുകയാണ് ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ മാധ്യമങ്ങളും. മുസ്‌ലിംകള്‍ക്കും പൊതുസമൂഹത്തിനുമിടയില്‍ മെയ്‌വഴക്കം സിദ്ധിച്ച ഒരു ഒറ്റുകാരന്റെ പങ്കാണ് ഇവര്‍ നിര്‍വഹിക്കുന്നത് എന്ന് ചുരുക്കം . ഇസ്‌ലാമിന്റെ ശത്രുക്കള്‍ മുസ്‌ലിംകളോട് എങ്ങനെ പെരുമാറുന്നോ, അതേ പെരുമാറ്റം ഇസ്‌ലാമിനകത്തെ തങ്ങളുടെ വിമര്‍ശകര്‍ക്കും വിയോജിപ്പുകാര്‍ക്കും മേല്‍ പയറ്റുകയാണ് ജമാഅത്തെ ഇസ്‌ലാമിയും അവരുടെ പ്രസിദ്ധീകരണങ്ങളും. പൊതു സമൂഹം മുസ്‌ലിംവിരുദ്ധമാണ് എന്ന് സ്ഥാപിക്കാന്‍ ജമാത്ത് താത്വികാചാര്യന്മാര്‍ ഉപയോഗിക്കുന്ന അതേ മാനദണ്ഡം വെച്ചു ജമാത്തെ ഇസ്‌ലാമിയെയും മാധ്യമം പത്രത്തെയും വായിച്ചാല്‍ ഇക്കാര്യം എളുപ്പത്തില്‍ മനസ്സിലാകും. ഇസ്‌ലാമോ ഫോബിയ എന്ന പരിച കാട്ടി, സ്വന്തം രാഷ്ട്രീയ ഭൂമികയെ ന്യായീകരിക്കാന്‍ മൗദൂദികള്‍ കാണിക്കുന്ന താത്വിക വിശകലനങ്ങളൊന്നും ഇസ്‌ലാമിനകത്തെ മറ്റു വിഭാഗങ്ങള്‍ക്ക് ബാധകമല്ലെന്നു സാരം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരോടുള്ള മാധ്യമത്തിന്റെ എഡിറ്റോറിയല്‍ നയം തന്നെയാണ് ഇതിന്റെ മികച്ച ഉദാഹരണം. കാന്തപുരത്തിന്റെ താടിയും തലപ്പാവും കാണിച്ചു വേണമല്ലോ ശൂറ അംഗങ്ങള്‍ക്ക് പുരോഗമന ഇസ്‌ലാമിന്റെ മൂടുപടം എടുത്തണിയാന്‍.
കാന്തപുരത്തെ കുറിച്ചോ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയോ പ്രസ്ഥാനങ്ങളെയോ കുറിച്ചോ വാര്‍ത്ത എഴുതുമ്പോള്‍ മാധ്യമത്തിലെ തന്നെ മികച്ച പത്രപ്രവര്‍ത്തകരുടെയും എഡിറ്റര്‍മാരുടെയും പ്രൊഫഷനല്‍ സിദ്ധികള്‍ തോറ്റുപോകുന്നത് വെറുതെയല്ല. പ്രൊഫഷനലിസത്തെക്കാളും മികച്ചതാണ് കാന്തപുരംവിരോധം എന്ന് ഏത് ജമാഅത്തുകാരനാണ് അറിഞ്ഞുകൂടാത്തത്? പ്രൊഫഷനലിസത്തിന്റെ പരിധിയില്‍ മുഖ്യധാരാ പത്ര പ്രസിദ്ധീകരണങ്ങള്‍ക്ക് മുസ്‌ലിംകളും സ്ത്രീകളും ദളിതരും കമ്യൂണിസ്റ്റുകാരും പെടാത്തതു പോലെ, മാധ്യമത്തിന്റെ പ്രൊഫഷനലിസം യാഥാസ്ഥിതിക മുസ്‌ലിംകള്‍ക്കും ബാധകമല്ലെന്ന് ചുരുക്കം. മാലയും മൗലൂദും ചൊല്ലി നടക്കുന്ന, പാതിരാവഅ ളിന് ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന, തിരുകേശം കാണാന്‍ കിലോമീറ്ററുകളോളം വെയിലത്ത് വരി നില്‍ക്കുന്ന മുസ്‌ലിയാക്കന്മാര്‍ക്ക് സൗജന്യം കൊടുക്കാനുള്ളതല്ലല്ലോ സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനം നടത്തുന്ന ദിനപത്രത്തിന്റെ പ്രൊഫഷനലിസം. അതുകൊണ്ട് മുസ്‌ലിയാക്കന്മാര്‍ക്ക് ഒരു നീതി; ശൂറ അംഗങ്ങള്‍ക്ക് വേറൊരു നീതി; ആദിവാസികള്‍ക്കും നക്‌സലൈറ്റുകള്‍ക്കും മറ്റൊരു നീതി. ഇതിനെയാണല്ലോ നമ്മുടെ ശങ്കരാടികള്‍ ദൈവത്തിന്റെ ഭൂമിയിലെ നീതിയുടെ സംസ്ഥാപനം എന്ന് താത്വിക ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിരിക്കുന്നത്!.
(അവസാനിക്കുന്നില്ല)

Latest