Connect with us

Editorial

പാറ്റ്‌ന സ്‌ഫോടനത്തില്‍ ദുരൂഹതകള്‍

Published

|

Last Updated

പാറ്റ്‌നയില്‍ ബി ജെ പി നേതാവ് നരേന്ദ്ര മോഡിയുടെ റാലിയോടനുബന്ധിച്ചുണ്ടായ സ്‌ഫോടന പരമ്പരകളുടെ പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്ന് ബീഹാര്‍ പോലീസ് സ്ഥിരീകരിക്കുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ടു പിടിയിലായ തൗസീം, ഇംതിയാസ് അന്‍സാരി എന്നിവര്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണെന്നും ബീഹാര്‍ മേഖലയില്‍ സംഘടനയുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന തഹ്‌രീര്‍ അഖ്തറാണ് സ്‌ഫോടങ്ങളുടെ സൂത്രധാരനെന്ന് ഇംതിയാസ് അന്‍സാരി വെളിപ്പെടുത്തിയതായും പോലീസ് അറിയിക്കുന്നു. സംഭവം നടന്നു ഇരുപത്തിനാല് മണിക്കൂറിനകം ആസൂത്രകരെയും പ്രതികളെയും കണ്ടെത്തിയ ബീഹാര്‍ പോലീസിനെ അഭിനന്ദിക്കുന്നതോടൊപ്പം ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ചില സന്ദേഹങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐയുടെ ഇന്ത്യന്‍ പതിപ്പാണ് ഇന്ത്യന്‍ മുജാഹിദീനെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ പിറവിയെടുത്ത ഒരു ആഭ്യന്തര സംഘടനയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പേര് ഐ എസ് ഐ ഇതിന് നല്‍കിയതെന്നും അവര്‍ വിലയിരുത്തുകയുണ്ടായി. സംഘടനക്ക് അത്യന്താധുനിക സ്‌ഫോടന വസ്തുക്കളും ആയുധങ്ങളും യഥേഷ്ടം പണവും നല്‍കുന്ന ഐ എസ് ഐ, കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 24 കോടി രൂപ നല്‍കയതായി അടുത്തിടെ നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ സമുന്നത നേതാവ് യാസീന്‍ ഭട്കല്‍ വെളിപ്പെടുത്തുകയുണ്ടായെന്നും എന്‍ ഐ എയെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരമൊരു സുസജ്ജിത സംഘടനക്ക്, പാറ്റ്‌നയില്‍ സ്‌ഫോടന പരമ്പരകള്‍ നടത്താന്‍ നാടന്‍ ബോംബുകളെ ആശ്രയിക്കേണ്ടതുണ്ടോ? ബീഹാറിലെ സ്‌ഫോനങ്ങള്‍ക്ക് ഉപയോഗിച്ചത് നാടന്‍ ബോംബുകളായിരുന്നുവെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. 2007 ലെ ഹൈദരാബാദ് സ്‌ഫോടനം മുതല്‍ രാജ്യത്ത് നടന്ന പത്ത് സ്‌ഫോടനങ്ങളിലെങ്കിലും പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രസ്തുത സ്‌ഫോടനങ്ങളത്രയുംം ഇംപ്രോവൈസ്ഡ് ഇലക്‌ട്രോണിക്‌സ് ഡിവൈസ് എന്ന അത്യന്താധുനിക ഐ ഇ ഡി ബോംബുകളാണ് ഉപയോഗിച്ചതെന്ന് ഐ എന്‍ എ കണ്ടെത്തിയതാണ്.
നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ തീവ്ര ഹിന്ദുത്വ സംഘടനകള്‍ ശക്തി കുറഞ്ഞ സ്‌ഫോടനങ്ങള്‍ നടത്താന്‍ സാധ്യതയുള്ളതായി അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി) കേന്ദ്രത്തിനും ഗുജറാത്ത് പൊലീസിനും റിപ്പോര്‍ട്ട് നല്‍കിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അതിന്റെ പുലര്‍ച്ചയായിക്കൂടേ ഞായറാഴ്ച പാറ്റ്‌നയില്‍ കണ്ടത്? മോഡിയുടെ കടുത്ത രാഷ്ട്രീയ പ്രതിയോഗിയായ നിതീഷ് കുമാറിന്റെ തട്ടകമായ ബീഹാറിലേക്കുള്ള അദ്ദേഹത്തിന്റെ തന്ത്രപരമായ അരങ്ങേറ്റത്തിന്റെ ഭാഗമാണ് പാറ്റ്‌ന സ്‌ഫോടനമെന്നും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ ആസൂത്രണം ചെയ്തു നേട്ടം കൊയ്തവരാണ് ഇതിന് പിന്നിലെന്നുമുള്ള പ്രസ്താവനയിലൂടെ കോണ്‍ഗ്രസ് ജന.സെക്രട്ടരി ദിഗ് വിജയ്‌സിംഗ് ഈ നിഗമനമാണ് മുന്നോട്ട് വെക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാറും ഹിന്ദുത്വ ശക്തികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചു ബി ജെ പിയുമായുള്ള ബന്ധം ജനതാദള്‍-യു വിഛേദിച്ചതിന് പ്രതികാരമാണ് നേരത്തെ ബോധ്ഗയയിലും ഇപ്പോള്‍ പാറ്റ്‌നയിലും അരങ്ങേറിയ സ്‌ഫോടനങ്ങളെന്ന് ജെ ഡി യു നേതാക്കള്‍ കരുതുന്നു.
ഐ എസ് ഐ സ്‌പോണ്‍സര്‍ ചെയ്യുന്ന ചില തീവ്രവാദി സംഘടനകള്‍ രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയപ്പോള്‍ തന്നെ ഹിന്ദുത്വ ശക്തികളും സ്‌ഫോടനങ്ങളും, വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തി അതിന്റെ ഉത്തരവാദിത്വം മതന്യൂനപക്ഷങ്ങളുടെയും മുസ്‌ലിം തീവ്രവാദ സംഘടനകളുടെയും പേരില്‍ കെട്ടിവക്കുന്നതായും തെളഞ്ഞിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്തി സുശീല്‍ കുമാര്‍ ഷിന്‍ഡെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. തിരഞ്ഞെടുപ്പുകളില്‍ വോട്ട് ബേങ്ക് ലാക്കാക്കിയും സംഘ്പരിവാര്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നതായി കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പായി ബംഗളുരുവിലെ ബി ജെ പി ഓഫീസിന് സമീപത്തുണ്ടായ സ്‌ഫോടനത്തെക്കുറിച്ചു നടന്ന അന്വേഷണ വിവരങ്ങള്‍ സാക്ഷ്യപ്പെടത്തുന്നു.
രാജ്യത്ത് വര്‍ഗീയ, തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. നൂറ് കണക്കിനാളുകള്‍ വര്‍ഷം തോറും കൊല്ലപ്പെടുന്നതിന് പുറമെ നാടിന്റെ സമാധാനാന്തരീക്ഷവും സ്വസ്ഥതയും നഷ്ടപ്പെടുത്തുന്ന ഇത്തരം ആക്രണങ്ങള്‍ക്ക് പിന്നില്‍ ആരായായാലും അവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നടപ്പാക്കേണ്ടത് അനിവാര്യമാണ്.

Latest