Connect with us

Kozhikode

ഗുജറാത്ത് വംശഹത്യയുടെ 'മുഖം' കേരളത്തിലെത്തുന്നു

Published

|

Last Updated

കോഴിക്കോട്: ഗുജറാത്ത് വംശഹത്യയുടെ “മുഖം” കേരളത്തിലെത്തുന്നു. 2002 ലെ വംശഹത്യയുടെ സമയത്ത് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ആര്‍കൊദത്തയുടെ ക്യാമറകണ്ണില്‍ പെട്ട് ഗുജറാത്ത് വംശഹത്യയുടെ പ്രതീകമായി മാറിയ ഖുത്ബുദ്ദീന്‍ അന്‍സാരിയാണ് ആദ്യമായി കേരളത്തിലെത്തുന്നത്. സി പി എമ്മിന്റെ നിയന്ത്രണത്തില്‍ പുറത്തിറങ്ങുന്ന “മുഖ്യധാര” മാസികയുടെ പ്രകാശനച്ചടങ്ങിലാണ് ഖുത്ബുദ്ദീന്‍ അന്‍സാരി പങ്കെടുക്കുന്നത്. നവംബര്‍ ഏഴിന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സി പി എം സെക്രട്ടറി പ്രകാശ് കാരാട്ടില്‍ നിന്ന് “മുഖ്യധാര”യുടെ ആദ്യ പ്രതി ഏറ്റുവാങ്ങുന്നത് അന്‍സാരിയാണ്.

ഗുജറാത്ത് വംശഹത്യയില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മോഡിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കൂടിയാണ് ഗുജറാത്ത് വംശഹത്യയുടെ ഇരയെ സി പി എം കേരളത്തില്‍ അവതരിപ്പിക്കുന്നത്. മുസ്‌ലിം ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് വേണ്ടിയാണ് സി പി എമ്മിന്റെ നേതൃത്വത്തില്‍ മുഖ്യധാര മാസിക പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ പ്രകാശന ചടങ്ങില്‍ അന്‍സാരിയെ അവതരിപ്പിക്കുന്നതോടെ സി പി എമ്മിന്റെ മോഡിവിരുദ്ധ പ്രചാരണ ക്യാമ്പയിന് കൂടിയാണ് തുടക്കമാകുന്നത്. 2002 ഫെബ്രുവരി 28 ന് ആര്‍കൊദത്ത പകര്‍ത്തിയ ചിത്രമാണ് ഗുജറാത്ത് വംശഹത്യയുടെ പ്രതീകമായി പിന്നീട് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. പ്രകാശ് കാരാട്ട് പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നു എന്നതിനാല്‍ ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടും.
അഹമ്മദാബാദിലെ റഖിയാനിലെ റഹ്മത്ത് നഗറില്‍ ഫഌറ്റിലെ രണ്ടാം നിലയിലായിരുന്നു അന്‍സാരിയുടെയും കുടുംബത്തിന്റെയും താമസം. ഫഌറ്റിന്റെ ഒന്നാം നിലയിലെ പ്രിന്റ് ഫോട്ടോ എന്ന സ്ഥാപനത്തിന് അക്രമികള്‍ തീയിട്ടതിനെ തുടര്‍ന്ന് അന്‍സാരിയും കുടുംബവും ഫഌറ്റില്‍ അകപ്പെട്ടു. അകത്ത് തീ, പുറത്ത് അക്രമികള്‍. ഈ നിസ്സഹായാവസ്ഥക്കിടയില്‍ വാതില്‍പാളിയിലൂടെ അര്‍ധസൈനിക വിഭാഗത്തിന്റെ വാഹനം വരുന്നത് അന്‍സാരി കണ്ടു. അക്രമിക്കപ്പെട്ടവരെ രക്ഷപ്പെടുത്താനാണെന്ന് തെറ്റിദ്ധരിച്ച അന്‍സാരി പുറത്തിറങ്ങി വാഹനത്തിനരികിലേക്ക് ഓടി രക്ഷപ്പെടുത്തണമെന്ന് കൈകൂപ്പി യാചിച്ചു. പത്രപ്രവര്‍ത്തകരുമായി പോകുകയായിരുന്ന വാഹനമായിരുന്നു അത്. ഈ വാഹനത്തില്‍ നിന്നാണ് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ആര്‍കൊദത്ത ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന ആ മുഖം പകര്‍ത്തിയെടുത്തത്. ഖുത്ബുദ്ദീന്‍ അന്‍സാരിയെ ശ്രദ്ധിക്കാതെ കടന്നുപോയ വാഹനം പീന്നീട് തിരിച്ചെത്തി. ഇരയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുപോകാന്‍ മനസ്സ് അനുവദിക്കാതിരുന്ന ആര്‍കൊദത്തയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഈ തിരിച്ചുവരവ്.
അര്‍ധസൈനിക വിഭാഗത്തിന്റെ വാഹനത്തില്‍ അന്‍സാരിയെയും ഗര്‍ഭിണിയായ ഭാര്യയെയും മകള്‍ റുഖിയയെയും ഇവര്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ റഹ്മത്ത് നഗറിന്റെ അകത്തേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് റോയിട്ടേഴ്‌സിന്റെ വിദേശ പത്രപ്രതിനിധി ബാപ്പു നഗറിലെ ക്യാമ്പില്‍ നിന്ന് അന്‍സാരിയെ കണ്ടെത്തി. ഗുജറാത്ത് ശാന്തമായതോടെ മഹാരാഷ്ട്രയിലെ മലേഗാവില്‍ സഹോദരിയുടെ അടുത്ത് ജോലിതേടി പോയ അന്‍സാരി തുന്നല്‍കാരനായി ഒരു ഫാക്ടറിയില്‍ ജോലിക്ക് കയറി. ഗുജറാത്ത് വംശഹത്യയുടെ ഇരയാണ് തന്റെ ജീവനക്കാരനെന്ന് തിരിച്ചറിഞ്ഞതോടെ ഫാക്ടറി ഉടമ രണ്ട് മാസത്തിനുള്ളില്‍ തന്നെ അന്‍സാരിയെ പിരിച്ചു വിട്ടു. പിന്നീട് ടീസ്റ്റ സെതല്‍വാദിന്റെ പ്രതിനിധി റഹീസ്ഖാന്‍ അഹമ്മദാബാദില്‍ നിന്ന് അന്‍സാരിയെ കണ്ടെത്തി. ടീസ്റ്റയുടെ “കമ്മ്യൂണലിസം കോമ്പാറ്റ്” എന്ന മാഗസിനില്‍ അന്‍സാരിയെ പരിചയപ്പെടുത്തിയ ലേഖനത്തില്‍ അന്‍സാരിയുടെ കുടുംബത്തെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥനയുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സി പി എം കേന്ദ്രകമ്മറ്റി അംഗവും ബംഗാള്‍ നിയമസഭയിലെ അന്നത്തെ ന്യൂനപക്ഷത്തിന്റെ ചുമതല കൂടിയുണ്ടായിരുന്ന മന്ത്രിയുമായ മുഹമ്മദ് സലീം ടീസ്റ്റയുമായി ബന്ധപ്പെട്ട് അന്‍സാരിയെയും കുടുംബത്തെയും കൊല്‍ക്കത്തയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ചെറിയ ഫാക്ടറി തുടങ്ങാന്‍ സഹായം നല്‍കുകയും ചെയ്തു. ഒരു വര്‍ഷത്തോളം കൊല്‍ക്കത്തയിലായിരുന്നു അന്‍സാരിയുടെയും കുടുംബത്തിന്റെയും താമസം. പിന്നീട് തിരയൊടുങ്ങിയ ഗുജറാത്തിലേക്ക് ഉമ്മയുടെ ആഗ്രഹപ്രകാരം മുഹമ്മദ് സലീമിന്റെ സമ്മതത്തോടെ അന്‍സാരിയും കുടുംബവും തിരിച്ചെത്തി. ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഉപകരണങ്ങള്‍ സര്‍ക്കാര്‍ തന്നെ അഹമ്മദാബാദിലെ റഹ്മത്ത് നഗറിലേക്ക് എത്തിച്ചു കൊടുത്തു. ഇത് ഇവിടെ സ്ഥാപിച്ചാണ് അന്‍സാരി ജീവിക്കാനുള്ള വഴി കണ്ടെത്തുന്നത്.
ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം പോലും നിഷേധിച്ച സമയത്ത് തനിക്ക് അഭയം നല്‍കുകയും ജീവിതമാര്‍ഗം ഒരുക്കിത്തരികയും ചെയ്ത പാര്‍ട്ടിയോടുള്ള തന്റെ കടപ്പാട് കൂടിയാണ് സി പി എം നിയന്ത്രണത്തിലുള്ള പരിപാടിയിലെ അന്‍സാരിയുടെ പങ്കാളിത്തം. നവംബര്‍ ആറിന് അന്‍സാരി കേരളത്തിലെത്തും.

Latest