Connect with us

Kasargod

പാചകവാതകം: ഉപഭോക്താക്കള്‍ക്ക് തൂക്കം പരിശോധിക്കാം

Published

|

Last Updated

കാസര്‍കോട്: പാചകവാതക സിലിണ്ടറുകളില്‍ തൂക്കം കുറവെന്ന് ഉപഭോക്താക്കള്‍ക്ക് സംശയം തോന്നിയാല്‍ വിതരണക്കാര്‍ സിലിണ്ടര്‍ തൂക്കി ഉറപ്പ് വരുത്തി നല്‍കണമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പാചകവാതക ഓപ്പണ്‍ ഫോറം നിര്‍ദേശിച്ചു. പാചകവാതകം വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ തൂക്കം നോക്കുന്ന യന്ത്രം ഉണ്ടായിരിക്കണം. ഗാര്‍ഹിക ആവശ്യത്തിനായി നല്‍കുന്ന ഗ്യാസ് സിലിണ്ടറിന്റെ ഭാരം 14.2 കിലോഗ്രാം ഉണ്ടായിരിക്കണം. ഇത്ര തൂക്കം ഇല്ലെങ്കില്‍ സിലിണ്ടര്‍ തിരിച്ചു നല്‍കാം. ഉപഭോക്താക്കള്‍ക്ക് ഗ്യാസ് വില കാണിച്ചു കൊണ്ടുള്ള രശീതി നിര്‍ബന്ധമായും നല്‍കണം. അംഗണ്‍വാടികളില്‍ സബ്‌സിഡി നിരക്കില്‍ പാചകവാതകം ലഭ്യമാക്കാന്‍ നടപടി ഉണ്ടാകണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. നിലവില്‍ ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പാചകവാതകം വിതരണം ചെയ്യുന്നതിനാല്‍ അംഗണ്‍വാടി, അനാഥാലയങ്ങള്‍ എന്നിവയക്ക് ഗ്യാസ് അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശം പുറപ്പെടുവിക്കണം.

പാചകവാതകം സംബന്ധിച്ചു ഉപഭോക്താക്കളുടെ ദൈനംദിന പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതലത്തില്‍ ഒരു ഹെല്‍പ്പ് ഡെസ്‌ക്ക് സ്ഥാപിക്കണമെന്ന് ഉപഭോക്താക്കള്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ പരാതികള്‍ സപ്ലൈ ഓഫീസര്‍മാരെ വിളിച്ചറിയിക്കുകയാണ് ചെയ്യുന്നത്. ചില ഗ്യാസ് വിതരണക്കാര്‍ 48 മണിക്കൂറിനകം ഗ്യാസ് വിതരണം ചെയ്യുമെന്ന് സന്ദേശം അയക്കുന്നുണ്ടെങ്കിലും നിശ്ചിത സമയത്തിനകം ഗ്യാസ് ലഭിക്കുന്നില്ലെന്നും പരാതിയുണ്ടായി.
ഓപ്പണ്‍ ഫോറത്തില്‍ ഡപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു. സിവില്‍ സപ്ലൈസ് വകുപ്പ് സീനിയര്‍ സൂപ്രണ്ട് എം കെ വേലായുധന്‍, താലൂക്ക് സപ്ലൈ ഓഫീര്‍മാരായ കെ ആര്‍ ഷംസുദ്ദീന്‍, എം വി രാമകൃഷ്ണന്‍, വിവിധ ഗ്യാസ് ഏജന്‍സികളുടെ പ്രതിനിധികള്‍, ഗ്യാസ് വിതരണക്കാര്‍, ഉപഭോക്താക്കള്‍ സംബന്ധിച്ചു.