Connect with us

Kozhikode

ഫെഡറേഷന്‍ കപ്പ്: ആതിഥേയ ടീമില്ലാതെ കേരളമൊരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: ആതിഥേയ ടീമില്ലാതെ കേരളം ഫെഡറേഷന്‍ കപ്പിനൊരുങ്ങുന്നു. പതിനേഴ് വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ ഫെഡറേഷന്‍ കപ്പിലാണ് കേരളത്തിന് ടീമില്ലാത്തത്. സമ്മര്‍ദമുണ്ടായിട്ടും ഇന്നലെ പുറത്തുവിട്ട 16 ടീമുകളുടെ ലിസ്റ്റില്‍ കേരളത്തിന ഇടം കിട്ടിയില്ല. 2014 ജനുവരി ഒന്നിന് തുടങ്ങുന്ന ടൂര്‍ണമെന്റിനായി കൊച്ചി, കോഴിക്കോട്, മഞ്ചേരി എന്നിവയാണ് പരിഗണിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ അടുത്ത സെപ്തംബറിലേക്ക് മാറ്റിവെച്ചതോടെ കൊച്ചി ഒരു വേദിയാകുമെന്നുറപ്പാണ്. നവംബര്‍ രണ്ടാം വാരത്തില്‍ എ എഫ് എ മാച്ച് കമ്മിറ്റി വേദികള്‍ സന്ദര്‍ശിച്ച് കോഴിക്കോട്, മഞ്ചേരി എന്നിവയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഏതെങ്കിലും ഒരു വേദിയാണ് പരിഗണിക്കപ്പെടുക.

1991ല്‍ തൃശൂരിലും 92ല്‍ കണ്ണൂരിലും നടന്ന ഫെഡറേഷന്‍ കപ്പ് ടൂര്‍ണമെന്റുകളിലും ആതിഥേയ ടീമായ കേരള പോലീസായിരുന്നു ചാമ്പ്യന്‍മാര്‍. കൂടാതെ രണ്ട് തവണയും ടൈറ്റാനിയം തിരുവനന്തപുരവും കെല്‍ട്രോണ്‍ കണ്ണൂരും ടൂര്‍ണമെന്റില്‍ കളിച്ചിരുന്നു. അവസാനമായി കേരളത്തിന്റെ മണ്ണില്‍ ടൂര്‍ണമെന്റ് എത്തിയത് 1996ല്‍ കണ്ണൂരിലായിരുന്നു. കേരളത്തില്‍ നിന്നുള്ള ഒരു ടീമിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. കേരളത്തിന്റെ താത്പര്യത്തിനായി ശ്രമം നടത്തുന്നുണ്ടെന്നും പരമാവധി ശ്രമിക്കുമെന്നും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ കെ എം ഐ മേത്തര്‍ സിറാജിനോട് പറഞ്ഞു. അടുത്തു നടക്കുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ യോഗത്തിലും കേരള ടീമിനായി സമ്മര്‍ദം ചെലുത്തുമെന്നും മേത്തര്‍ പറഞ്ഞു.
സാല്‍ഗോക്കര്‍ എഫ് സി (ഗോവ), പൂനെ എഫ് സി ( മഹാരാഷ്ട്ര), ബംഗളൂരു എഫ് സി (കര്‍ണാടക), സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ഗോവ (ഗോവ), പ്രയാഗ് യുനൈറ്റഡ് (ബംഗാള്‍), ഷില്ലോംഗ് ലജോംഗ് എഫ് സി (മേഘാലയ), മോഹന്‍ ബഗാന്‍ (ബംഗാള്‍), മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് (ബംഗാള്‍) , ഈസ്റ്റ് ബംഗാള്‍ (ബംഗാള്‍), മുംബൈ എഫ് സി (മഹാരാഷ്ട്ര) , ഡംപോ ഗോവ (ഗോവ), ചര്‍ച്ചില്‍ ബ്രദേഴ്‌സ് (ഗോവ), രംഗ്ജീദ് എഫ് സി (മേഘാലയ), യുനൈറ്റഡ് സിക്കിം (സിക്കിം), ബവാനിപൂര്‍ എഫ് സി (ബംഗാള്‍), ലാംഗ്‌സിംഗ് എഫ് സി (മേഘാലയ) എന്നിവയാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന ടീമുകള്‍.