Connect with us

Palakkad

മുഖ്യമന്ത്രിയെ കാണുന്നതിന് സുഗമമായ സംവിധാനം ഒരുക്കും: മന്ത്രി

Published

|

Last Updated

പാലക്കാട്: പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നതിന് ജനസമ്പര്‍ക്ക പരിപാടി ദിവസം സുഗമമായ സംവിധാനം ഒരുക്കുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
18,480 പരാതികളാണ് ജില്ലയില്‍ ആകെ ലഭിച്ചത്. ഇതില്‍ 12,608 പരാതികളില്‍ നടപടി പൂര്‍ത്തീകരിച്ചതായി മന്ത്രി അറിയിച്ചു. കൂടുതല്‍ പരാതികള്‍ ലഭിച്ച വകുപ്പ് തലവന്മാരുമായി പരാതികള്‍ സംബന്ധിച്ച് മന്ത്രി വിശകലനം നടത്തി. പരിഹരിക്കാന്‍ ബാക്കിയുളള പരാതികളില്‍ രണ്ട് ദിവസത്തിനകം നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പരിഹരിക്കേണ്ട പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ 30നകം ജില്ലാ കലക്ടറെ അറിയിക്കണം. ബാക്കിയുളളവക്ക് നവംബര്‍ അഞ്ചിനകം മറുപടി നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ച ജില്ലകളിലൊന്നാണ് പാലക്കാട്. പരമാവധി പരാതികള്‍ ജനസമ്പര്‍ക്ക പരിപാടിക്ക് മുമ്പ് തന്നെ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. 213 വകുപ്പുകളിലായാണ് 18,480 പരാതികള്‍ ലഭിച്ചത്. ഇതില്‍ കോര്‍പ്പറേഷന്‍, ബോര്‍ഡുകള്‍, കോ-ഓപ്പറേറ്റീവ് ബേങ്കുകള്‍ തുടങ്ങിയവ ഉള്‍പ്പെടും. എ പി എല്‍ കാര്‍ഡ് ബി പി എല്‍ കാര്‍ഡാക്കി മാറ്റാനും ചികിത്സാ ധനസഹായം, വികലാംഗരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് പരാതികളിലേറെയും. പതിമൂന്നോളം ബേങ്ക് സംബന്ധിച്ച പരാതിയും ലഭിച്ചിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടിയോടാനുബന്ധിച്ച് യാത്രാ സൗകര്യവും ഏര്‍പ്പെടുത്തും. ഇതിനായി പ്രത്യേക കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നടത്തും. മന്ത്രിയുടെ യോഗത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ലഭിച്ച പരാതികളില്‍ ഓരോ വകുപ്പുകളും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് അവലോകനം നടത്തിയിരുന്നു. പാസ്‌വേഡ് ലഭിക്കാത്ത ഉദ്യോഗസ്ഥര്‍ ഇത് അടിയന്തിരമായി കൈപ്പറ്റണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഷാഫി പറമ്പില്‍ എം എല്‍ എ, എ ഡി എം. കെ ഗണേശന്‍, ജില്ലാ പോലീസ് സൂപ്രണ്ട് ജി സോമശേഖരന്‍, ആര്‍ ഡി ഒ എം കെ കലാധരന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.