Connect with us

Palakkad

കന്നുകാലികള്‍ ചത്തൊടുങ്ങുന്നു; ഭീതിയൊഴിയാതെ കര്‍ഷകര്‍

Published

|

Last Updated

വടക്കഞ്ചേരി: അപൂര്‍വരോഗം ബാധിച്ച് ജില്ലയിലെ വിവിധ മേഖലകളില്‍ കന്നുകാലികള്‍ ചത്തൊടുങ്ങുന്നു. വടക്കഞ്ചേരി, കുഴല്‍മന്ദം എന്നിവിടങ്ങളില്‍ നിരവധി ആടുകളും പശുക്കളും ചത്തു. വടക്കഞ്ചേരിയില്‍ ഇതുവരെ പത്തിലധികം പശുക്കളാണ് ചത്തത്.
ചത്തപശുക്കളെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ വെറ്ററിനറി ഡോക്ടര്‍മാര്‍, കുരലടപ്പന്‍ രോഗമാണെന്ന നിഗമനത്തിലാണെത്തിയത്. കൂടുതല്‍ പരിശോധനക്കായി ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലാണ് പശുക്കള്‍ ചാകുന്നത്. വടക്കഞ്ചേരി പഞ്ചായത്തിലെ അഞ്ചുമൂര്‍ത്തിമംഗലത്താണ് പശുക്കളില്‍ ആദ്യം രോഗം കണ്ടെത്തിയത്. രണ്ട് ദിവസത്തിനകം പശുക്കള്‍ ചാകുകയും ചെയ്തു.
കിഴക്കേത്തറയില്‍ രണ്ട് ദിവസത്തിനിടെ അഞ്ച് കറവപശുക്കളാണ് ചത്തത്. കിഴക്കേത്തറ കൃഷ്ണന്‍, കാശന്‍, സുദേവന്‍ എന്നിവരുടെ പശുക്കളാണ് ചത്തത്. ഇവരെല്ലാം ക്ഷീരകര്‍ഷകരാണ്. ദഹനക്കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളില്‍ കുളമ്പുരോഗവും വ്യാപകമാണ്. പശുക്കള്‍ ചാകാന്‍ ഇതും കാരണമായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
നാവില്‍നിന്ന് ഉമിനീര്‍ വരികയും തുടര്‍ന്ന് തീറ്റയെടുക്കാതെ നുരയും പതയും വരികയും രണ്ട് ദിവസം കിടക്കുന്ന പശുക്കള്‍ ചാകുകയുമാണെന്ന് കര്‍ഷകര്‍ പറയുന്നു. മേഖലയിലെ കൂടുതല്‍ പശുക്കള്‍ക്ക് ഇത്തരം ലക്ഷണം കണ്ടിട്ടുണ്ട്. കുഴല്‍മന്ദം പെരിങ്ങോട്ടുകുറുശി മണ്ണില്‍ക്കളം വീട്ടില്‍ വേലായുധന്റെ ആറ് മാസം പ്രായമുള്ള മൂന്ന് ആടുകള്‍ ചത്തു. കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലമാണ് ആടുകള്‍ ചത്തതെന്നാണ് നടുവത്തപ്പാറ വെറ്ററിനറി ആശുപത്രിയിലെ ഡോ. ശ്രീനിവാസന്‍ പറഞ്ഞത്.
ആടുകള്‍ക്ക് രോഗ ലക്ഷണം കാണുകയാണെങ്കില്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ നൂറോളം കന്നുകാലികളില്‍ കുളമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. പ്രതിരോധകുത്തിവെപ്പ് എടുത്തവക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കര്‍ശകരെ കൂടുതല്‍ ഭീതിയിലാക്കുന്നത്.

Latest