Connect with us

Palakkad

കഞ്ചിക്കോട് കോച്ച് ഫാക്ടറി വീണ്ടും അട്ടിമറിക്കപ്പെടുന്നു

Published

|

Last Updated

പാലക്കാട്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി വീണ്ടും അട്ടിമറിക്കപ്പെടുന്നു.
കോച്ച് ഫാക്ടറിക്ക് മുതല്‍ മുടക്കാമെന്ന “സെയിലിന്റെ നിര്‍ദേശം അവഗണിച്ച് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ മുന്നോട്ടുപോകാനാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചുവെങ്കിലും സ്വകാര്യ പങ്കാളികളൊന്നും വരാത്തതിനെതുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ നീട്ടിയിരിക്കുകയാണ്.
ഘട്ടം ഘട്ടമായുള്ള റെയില്‍വേ സ്വകാര്യവത്ക്കരണത്തിന്റെ ഭാഗമായാണ് ഈ നടപടി. പൊതു-സ്വകാര്യ പങ്കാളിത്തം വേണമെന്ന ആസൂത്രണകമീഷന്‍ നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് റെയില്‍വേ ബോര്‍ഡ് കോച്ച് ഫാക്ടറിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. പാലക്കാട് കോച്ച് ഫാക്ടറി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചത്. എന്നാല്‍, നിര്‍മാണം ഏറ്റെടുക്കാന്‍ സ്വകാര്യകമ്പനികള്‍ ആരും മുന്നോട്ടുവന്നില്ല. ഈ സാഹചര്യത്തില്‍ എം ബി രാജേഷ് എം പി മുന്‍കൈയെടുത്ത് പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചര്‍ച്ച ചെയ്തിരുന്നു. ഫാക്ടറി നിര്‍മാണം പൂര്‍ണമായും ഏറ്റെടുക്കാമെന്ന് “സെയില്‍” സമ്മതിച്ചിരുന്നു. എന്നാല്‍, റെയില്‍വേ ഈ നിര്‍ദേശത്തോട് മുഖം തിരിക്കുകയായിരുന്നു. റെയില്‍വേ ക്ഷണിച്ച ടെന്‍ഡര്‍ നോട്ടിഫിക്കേഷനില്‍ പറയുന്നത് ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രണ്ട് വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും ഇതിനായി സാങ്കേതിക വിദ്യ നിര്‍മാണ കമ്പനിക്ക് കൈമാറുമെന്നുമാണ്.
പ്രതിവര്‍ഷം 400 കോച്ചുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 600 കോടി രൂപയുടെ മുതല്‍മുടക്കാണ് പ്രതീക്ഷിക്കുന്നത്. കോച്ച് ഫാക്ടറിക്കായി കഞ്ചിക്കോട് സര്‍ക്കാര്‍ ഏറ്റെടുത്ത 430 ഏക്കറില്‍ 239 ഏക്കര്‍ ഭൂമി റെയില്‍വേക്ക് കൈമാറിയിട്ട് കാലങ്ങളായി. എന്നാല്‍, ഏറ്റെടുത്ത സ്ഥലത്ത് മതില്‍കെട്ടി തിരിച്ചതല്ലാതെ ഒരു നിര്‍മാണപ്രവൃത്തിയും ചെയ്തിട്ടില്ല.
എന്നാല്‍, പാലക്കാടിനൊപ്പം പ്രഖ്യാപിച്ച, സോണിയാ ഗാന്ധിയുടെ റായ്ബറേലി മണ്ഡലത്തിലെ കോച്ച് ഫാക്ടറിയില്‍നിന്ന് കോച്ചുകള്‍ റെയില്‍വേക്ക് ലഭിച്ചു തുടങ്ങി. എന്നിട്ടും പാലക്കാടിന്റെ കോച്ച് ഫാക്ടറി സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഒന്നാം യുപി എ സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപവത്കരിച്ചപ്പോള്‍ പകരം നല്‍കിയ വാഗ്ദാനമായിരുന്നു പാലക്കാട് കോച്ച് ഫാക്ടറി. എന്നാല്‍, ഇപ്പോള്‍ പാലക്കാടിനെ വീണ്ടും വെട്ടിമുറിച്ച് മംഗളൂരു ഡിവിഷന്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുമ്പോഴും കോച്ച് ഫാക്ടറി ത്രിശങ്കുസ്വര്‍ഗത്തിലാണ്. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ ടൗണ്‍ഷിപ്പോടുകൂടിയ കോച്ച് ഫാക്ടറിയാണ് വാഗ്ദാനം നല്‍കിയത്. കോച്ച് ഫാക്ടറിക്ക് 98.45 ഏക്കര്‍ സ്ഥലം കൂടിവേണമെന്നും സമീപത്തുള്ള വനഭൂമിവേണമെന്നാവശ്യവും ഉന്നയിച്ചിട്ടുണ്ട്. വനഭൂമി അത്രവേഗത്തില്‍ കിട്ടില്ലെന്ന് അറിഞ്ഞിട്ടും റയില്‍വേയുടെ ഈ ആവശ്യം കോച്ച് ഫാക്ടറി ഉടനെ വരില്ലെന്നാ സൂചനയാണ് നല്‍കുന്നത്.