Connect with us

Wayanad

കാല്‍പ്പന്തിന്റെ ഉയരം തേടി അമന്‍ എം റഷീദ് അണ്ടര്‍ 15 ഫുട്‌ബോള്‍ അക്കാദമിയിലേക്ക്

Published

|

Last Updated

കല്‍പറ്റ: ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അണ്ടര്‍ 15 ഫുട്‌ബോള്‍ അക്കാദമിയിലേക്ക് അമന്‍ എം റഷീദ് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഒരു വയനാട്ടുകാരന്‍ ബംഗളൂരിലെ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കേരളത്തില്‍ നിന്നും രണ്ട് പേര്‍ക്കാണ് അക്കാദമിയിലേക്ക് സെലക്ഷന്‍ ലഭിച്ചത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അണ്ടര്‍ 16 വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക ഈ അക്കാദമിയിലെ കളിക്കാരായിരിക്കും.
കഴിഞ്ഞ നാല് വര്‍ഷമായി കല്‍പറ്റ മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക സഹായത്തോട് കൂടി വയനാട് ഫാല്‍ക്കന്‍സ് ക്ലബ് നടത്തി വരുന്ന വിഷന്‍ ഇന്ത്യ സെന്ററിലൂടെയാണ് അമന്‍ എം റഷീദ് ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.
2011 മുതല്‍ വയനാട് ജില്ലാ ടീമിനെയും 2012-2013 വര്‍ഷത്തില്‍ കേരള ടീമിനെയും അമന്‍ എം റഷീദ് പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പശ്ചിമ ബംഗാളില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ മികവിലാണ് റഷീദ് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തത്. കോഴിക്കോട് നടന്ന ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ചാമ്പ്യന്മാരായ ഫാല്‍ക്കന്‍സ് സോക്കര്‍ സ്‌കൂളിന്റെ ക്യാപ്റ്റനായിരുന്ന അമന്‍ കല്‍പറ്റ എന്‍ എസ് എസ് സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥിയാണ്. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി അമന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2013 ഒക്ടോബറില്‍ തൊടുപുഴയില്‍ നടന്ന 33-ാമത് സംസ്ഥാന സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ ജില്ലാ ടീമിന്റെ മികവിന് പിന്നിലും അമന്‍ റഷീദിന്റെ പങ്ക് നിസ്തുലമാണ്.
ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ കീഴില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലും, കേരള ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി നടത്തി വരുന്ന കേരളത്തിലെ 93 വിഷന്‍ ഇന്ത്യാ ഫുട്‌ബോള്‍ സെന്ററില്‍ നിന്നും ആദ്യമായാണ് ഒരു കുട്ടി ഇന്ത്യന്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
കല്‍പറ്റ ചുഴലി സ്വദേശി മായിന്‍ റഷീദ്, ലൈല ദമ്പതികളുടെ മകനാണ് അമന്‍. ഷാലിന്‍ എം റഷീദ്, സമന്‍ എം റഷീദ് എന്നിവര്‍ സഹോദരങ്ങളാണ്. ജി എസ് ബൈജുവാണ് കോച്ച്. വാര്‍ത്താ സമ്മേളനത്തില്‍ നാസര്‍ കല്ലങ്കോടന്‍, സഫറുല്ല, പോക്കു മുണ്ടോളി, കേയംതൊടി മുജീബ്, പി എസ് രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.