Connect with us

Malappuram

ചരിത്രത്തെ മണ്ണിട്ട് മൂടാന്‍ ശ്രമം; റോഡ് വീതികൂട്ടുന്നതിന് കൊടക്കല്ല് നശിപ്പിക്കുന്നു

Published

|

Last Updated

വേങ്ങര: റോഡ് വിപുലീകരണത്തിനായി നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊടക്കല്ല് നശിപ്പിക്കാന്‍ നീക്കം. എ ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ കൊടക്കല്ലിങ്ങല്‍ എന്ന സ്ഥലത്തിന് നാമകരണം വരാന്‍ ഇടയായ കൊടക്കല്ലാണ് ഭീഷണി നേരിടുന്നത്. കരിപ്പൂര്‍ വിമാനത്താ വളവുമായി ദേശീയപാത 17നെ ബന്ധിപ്പിക്കുന്ന കൊളപ്പുറം-കൊണ്ടോട്ടി സംസ്ഥാന പാതയുടെ നവീകരണത്തിനാണ് കൊടക്കല്ല് നശിപ്പിക്കുന്നത്.
റോഡിന്റെ ഇരുവശങ്ങളും കോണ്‍ക്രീറ്റ് ഭിത്തികെട്ടി ഉയര്‍ത്തി സമനിലയാക്കുന്നതിന്റെ പ്രവര്‍ത്തി നടന്ന് കൊണ്ടിരിക്കുകയാണ്. ഈ കൊടക്കല്ലിന്റെ പകുതി ഭാഗത്ത് നേരത്തെ സ്വകാര്യ വ്യക്തി മതില്‍കെട്ടുകയും പകുതി ഭാഗം റോഡിന്റെ സ്ഥലത്തുമാണ് ഉണ്ടായിരുന്നത്. ഇവിടെ ഒന്നര മീറ്റര്‍ റോഡ് ഉയരുന്നതോടെ കൊടക്കല്ല് പൂര്‍ണമായും റോഡിനുള്ളിലാവും. ഇതോടെ ഒരു ചരിത്ര ശേഷിപ്പുകൂടെ നാമവശേഷമാവും. മാഹശില സംസ്‌കാരത്തിന്റെ ശേഷിക്കുന്ന ചരിത്ര രേഖകളാണ് കൊടക്കല്ലുകള്‍. ബി സി 200നും എ ഡി 600നും ഇടക്ക് ജീവിച്ചിരുന്ന ഉയര്‍ന്ന വിഭാഗമായ രാജ കുടുംബങ്ങള്‍, പുരോഹിതര്‍ തുടങ്ങിയവരുടെ മൃതശരീരങ്ങള്‍ ഉപകരണങ്ങളടക്കം നന്നങ്ങാടികളില്‍ അടക്കം ചെയ്യുകയും അതിനു മുകളില്‍ കല്ല് കൊണ്ട് കൊത്തി ഉണ്ടാക്കിയ കൊടക്കല്ലുകള്‍ അടക്കം ചെയ്യുന്ന നന്നങ്ങാടികള്‍ക്ക് മുകളില്‍ സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് സംഘകാല കൃതികളില്‍ പ്രതിപാദിക്കുന്നുണ്ട്. എ ആര്‍ നഗറിലെ കൊടകല്ല് മണ്ണിനടിയിലാകുന്നത് തടയണമെന്നും മതില്‍ കെട്ടി സംരക്ഷിക്കണമെന്നുമാണ് ചരിത്രാന്വേഷണകരുടെ ആവശ്യം.