Connect with us

Malappuram

ദേശീയപാത വികസനം: ഭൂഉടമകളുടെ ആവശ്യം അതോറിറ്റി തള്ളി

Published

|

Last Updated

കോട്ടക്കല്‍: ദേശീയ പാത വികസനത്തില്‍ ഭൂമി നഷ്ടമാകുന്നവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായും അതോറിറ്റി നിരാകരിച്ചു. നടപടി ചട്ടങ്ങള്‍ പൂര്‍ത്തീകരിച്ച് സമര്‍പ്പിച്ച ആവശ്യങ്ങളാണ് ദേശീയ പാത അതോറിറ്റി പൂര്‍ണമായും തള്ളിയത്. ഇതോടെ സ്ഥലമെടുപ്പ് നടപടികള്‍ ഇനിയും നീളും.
പാത വികസിപ്പിക്കുമ്പോള്‍ സ്ഥലം നഷ്ടമാകുന്നവര്‍ക്ക് മോഹവില നല്‍കുക, പണം മുന്‍കൂര്‍ നല്‍കുക, മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു സ്ഥല ഉടമകള്‍ ഉന്നയിച്ചിരുന്നത്. ഇതാണ് തള്ളിയത്. എടുക്കുന്ന ഭൂമിക്ക് ഉടമകള്‍ ആവശ്യപ്പെടുന്ന വില നല്‍കാനാകില്ലെന്ന നിലപാടാണ് ദേശീയ പാത വികസന അതോറിറ്റിക്കുള്ളത്. 1956ലെ ദേശീയ പാത ആക്ട് പ്രകാരമെ നഷ്ടപരിഹാരം നല്‍കാനാവൂ എന്നാണ് ഉടമകള്‍ക്കുള്ള അറിയിപ്പിലുള്ളത്. ഇത് സ്ഥല ഉടമകള്‍ അംഗീകരിക്കുന്നില്ല. പാത വികസനത്തിനായി 25 സെന്റ് വരെ നഷ്ടമാകുന്നവര്‍ ഇപ്പോഴുണ്ട്.
അതോറിറ്റിയുടെ നിലപാടനുസരിച്ച് ഇവര്‍ക്ക് കേവലം ഒരു ലക്ഷം രൂപ വരെ മാത്രമേ ലഭിക്കുകയുള്ളു. പാത വികസനത്തിനായി വളവ് നികത്തിയും ആരാധനാലയങ്ങള്‍ ഒഴിവാക്കിയുമാണ് ഭൂമി ഏറ്റെടുക്കുന്നത്. സാറ്റ്‌ലൈറ്റ് വഴിയാണ് ഇതിന് ഭൂമി ഏറ്റെടുക്കുക. ഇതും ഉടമകള്‍ക്ക് വന്‍ നഷ്ടം വരുത്തും. ഇങ്ങനെ ഭൂമി പോകുന്നവര്‍ക്കും ആവശ്യത്തിനനുസരിച്ച് വില കിട്ടില്ല. ദേശീയ പാത ഇടിമുഴിക്കല്‍ മുതല്‍ ചങ്ങരംകുളം വരെയുള്ള ഭാഗങ്ങളിലാണ് ഭൂമി ഏറ്റെടുക്കാനുള്ളത്.
തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിലാണ് ഇവ. നേരത്തെ ജില്ലാ കലക്ടറുടെ നേതൃത്വത്തിലും മറ്റുമാണ് ഹിയറിംഗ് നടപടികള്‍ നടന്നത്. ഇക്കാര്യങ്ങളെല്ലാം പൂര്‍ത്തീകരിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ദേശീയ പാത സ്ഥലമേറ്റെടുപ്പ് അതോറിറ്റി ഇപ്പോള്‍ തള്ളിയിരിക്കുന്നത്. അതെ അവസരത്തില്‍ പാത വികസനത്തിനായി ഈ താലൂക്കുകളില്‍ ഇപ്പോള്‍ കൈയേറ്റ ഭൂമിയും സര്‍ക്കാര്‍ സ്ഥലവും തിട്ടപ്പെടുത്തുന്ന നടപടികള്‍ നടന്നു വരുന്നുണ്ട്. ഇവക്ക് ശേഷമായിരിക്കും സ്വകാര്യ വ്യക്തികളുടെ ഭൂമി എടുക്കുക. ദേശീയ പാത വികസനം 30മീറ്ററില്‍ മതി എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍കുകയാണെങ്കില്‍ കുറഞ്ഞ സ്ഥലം മാത്രമായിരിക്കും ആവശ്യമാവുക.
അതോറിറ്റിയുടെ നിലപാട് പ്രകാരം ഇവര്‍ക്കും തുഛമായ തുകയെ ഈ അവസ്ഥയിലും ലഭിക്കൂ. അതിനിടയില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെ വിളിച്ചു കൂട്ടി തലസ്ഥാനത്ത് നടന്ന യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള ഭൂരിപക്ഷ പാര്‍ട്ടി മന്ത്രിമാര്‍ സ്ഥലത്തിന്റെ അളവ് സംബന്ധിച്ച് ഒന്നും പ്രതികരിക്കാതിരുന്നത് ഭൂമി നഷ്ടമാകുന്നവര്‍ക്കിടയില്‍ ഏറെ പ്രതിഷേധത്തിനിടവരുത്തിയിട്ടുണ്ട്. പാതക്കായി സ്ഥലമേറ്റടുപ്പും തുടര്‍ നടപടികളും തിരഞ്ഞെടുപ്പ് കഴിയും വരെ വെച്ച് താമസിപ്പിക്കാനും നീക്കമുണ്ടെന്നാണ് അറിയുന്നത്.