Connect with us

Malappuram

ബ്രേക്ക് പൊട്ടി; മലപ്പുറത്ത് മിനിബസ് തലകീഴായി മറിഞ്ഞ് 20 പേര്‍ക്ക് പരുക്ക്

Published

|

Last Updated

മലപ്പുറം: മിനിബസ് നിയന്ത്രണംവിട്ട് മതിലിനിടിച്ച് മറിഞ്ഞ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. കുന്നുമ്മലില്‍ നിന്നുവരികയായിരുന്ന ഫെവേറേറ്റ് മിനിബസാണ് ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡില്‍ പലതവണ മറിഞ്ഞശേഷം സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ച് തലകീഴായി മറിഞ്ഞത്. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിന് സമീപം അപകടമുണ്ടായത്.
ബസില്‍ ഇരുപതോളം വിദ്യാര്‍ഥികളും 10 യാത്രക്കാരുമാണ് ഉണ്ടായിരുന്നതെന്നാണ് അറിയുന്നത്. പലരെയും പ്രാഥമിക ശുശ്രൂഷക്ക് ശേഷം ആശുപത്രികളില്‍ നിന്നുവിട്ടയച്ചു. ബസിന്റെ ചില്ല് പൊട്ടിച്ചാണ് പലരെയും പുറത്തെടുത്തത്. പരുക്കേറ്റവരെ ഉടന്‍ ആശുപത്രികളിലെത്തിച്ചു.
സെന്റ് ജെമ്മാസ് എച്ച് എസ് എസിലെ മേല്‍മുറി പുലിക്കുന്ന് ശ്രീജിത (16),മേല്‍മുറി അക്ഷയ(16), പിലാക്കല്‍ പുളിക്കത്തൊടി ആതിര(16), വൊള്ളാനുപറമ്പില്‍ നീതു(15),കോഴിശ്ശേരി ദിവ്യ(16), മേല്‍മുറി വിസ്മയ(17), പള്ളിയാല്‍പടിയില്‍ ഷഹ്‌ല തസ്‌നി(16), എം എസ് പി സ്‌കൂളിലെ മേല്‍മുറി പെരുമ്പില്‍ നിതിന്‍(13), ഉക്കപറമ്പ് അനുവിസ്മയ(16), മന്‍സൂക്ക (16), മേല്‍മുറി പനമ്പുഴ സിദ്ധീഖ്(15) എന്നിവരാണ് അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍. ബസിന്റെ ഡ്രൈവര്‍ മോങ്ങം പറക്കാട് മന്‍സൂറലി (22), കണ്ടക്ടര്‍ അറവങ്കര പുഴിക്കോട്ടുപറമ്പില്‍ ഉമ്മര്‍, കോട്ടുമല നാലുകണ്ടം മൊയ്തീന്‍കുട്ടി (70), വള്ളുവമ്പ്രം മോയിക്കല്‍ റജീന(30), ഇവരുടെ സഹോദരി അറവങ്ങര കളത്തിങ്ങല്‍ സുബൈദ(42), ഇവരുടെ മരുമകള്‍ മുഹ്‌സിന(19), മട്ടത്തൂര്‍ കുന്നത്തുവീട്ടില്‍ പാറു(65), കോട്ടുമല നാലുകണ്ടം മൊയ്തീന്‍ കുട്ടി എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവര്‍.
ഇവരെ കോട്ടപ്പടി താലൂക്ക് ആശുപത്രി, സഹകരണ ആശുപത്രി, ഓര്‍ക്കിഡ് ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. റോഡിന്റെ മധ്യത്തിലായി കിടന്ന ബസ് പിന്നീട് ക്രെയിനെത്തിയാണ് മാറ്റിയത്. മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.