Connect with us

Eranakulam

വിദേശ ഓഹരി: നിലവിലുള്ള പരിധിയില്‍ നിന്ന് മാറ്റം ആവശ്യപ്പെട്ടിട്ടില്ല- ഫെഡറല്‍ ബേങ്ക്

Published

|

Last Updated

കൊച്ചി: ഫെഡറല്‍ ബേങ്കിന്റെ ഓഹരികളില്‍ നിലവിലുള്ള വിദേശ പങ്കാളിത്തപരിധിയില്‍ നിന്ന് ബേങ്ക് മാറ്റങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലന്ന് ബേങ്ക് അധികൃതര്‍ അറിയിച്ചു. ഉപ പരിധികളായ എഫ് ഐ ഐ (49 ശതമാനം) എന്‍ ആര്‍ ഐ (24 ശതമാനം) എന്നിവയിലും ഫെഡറല്‍ ബേങ്ക് മാറ്റങ്ങള്‍ക്കുവേണ്ടി റിസര്‍വ് ബേങ്കിനെ സമീപിച്ചിട്ടില്ല. കൂടാതെ, വിദേശനിക്ഷേപത്തിന് 74 ശതമാനം എന്ന പരിധി തന്നെ ബേങ്കിന്റെ ഓഹരിയുടമകള്‍ 2006 ഫെബ്രുവരി 23ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ അംഗീകരിച്ചിട്ടുള്ളതും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ 2006 മാര്‍ച്ച് 22ന് അംഗീകാരം നല്‍കിയിട്ടുള്ളതുമാണെന്നും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആനന്ദ് ചുഘ് പത്രസമ്മേനത്തില്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് ആര്‍ ബി ഐ പുറത്തിറക്കിയ പുതിയ വിദേശ നിക്ഷേപ നയ പ്രകാരം സ്വകാര്യ ബേങ്കുകളിലെ ഓഹരിയിന്മേലുള്ള വിദേശപങ്കാളിത്തം 49 ശതമാനത്തില്‍ നിന്ന് വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാറിന്റെ അനുവാദം നേടേണ്ടതുണ്ടായിരുന്നു. ഈ നയം നിലവില്‍ വന്നപ്പോള്‍ റിസര്‍വ് ബേങ്ക് മറ്റുപല ബേങ്കുകളെയുമറിയിക്കുന്ന കൂട്ടത്തില്‍ ഫെഡറല്‍ ബാങ്കിനെയും പുതുതായി അനുവാദം വാങ്ങേണ്ടതിന്റെ ആവശ്യകത എഴുതിയറിയിക്കുകയുണ്ടായി. അതുപ്രകാരമാണ് നിലവില്‍ തന്നെ വിദേശഓഹരി പങ്കാളിത്തം 49 ശതമാനത്തിലേറെയുണ്ടായിരുന്ന ഫെഡറല്‍ ബേങ്ക് എഫ് ഐ പി ബിയുടെ അനുവാദത്തിന് അപേക്ഷ നല്‍കിയത്. ഇതാണ് ഇപ്പോള്‍ വിവാദത്തിനിടയാക്കിയിരിക്കുന്നത്.
എന്നാല്‍ ഫെഡറല്‍ ബേങ്ക്‌നേരിട്ട് പുതുതായി ഇന്‍വെസ്റ്റ്‌മെന്റോ ഫണ്ടോ സ്വീകരിക്കുന്നതല്ല. ഇതുകൂടാതെ ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഓഹരികളുടെ എണ്ണം 4.99 ശതമാനമായി തന്നെയാണ് തുടരുന്നത്. അതുകൊണ്ടു തന്നെ ഡയറക്ടര്‍ ബോര്‍ഡിന്റെയും തുടര്‍ന്ന് റെഗുലേറ്റര്‍മാരുടെയും അനുമതി കൂടാതെ ആര്‍ക്കും തന്നെ ബേങ്കിന്റെ ഓഹരികള്‍ 4.99 ശതമാനത്തില്‍ കൂടുതല്‍ വാങ്ങാന്‍ കഴിയുന്നതല്ല. ഈ വിഷയത്തില്‍ ഫെഡറല്‍ ബേങ്കിന് എഫ് ഐ പി ബിയുടെ അനുമതി ലഭിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ബേങ്കിന് ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ലഭിച്ചിട്ടില്ല.
ഫെഡറല്‍ ബേങ്ക് സ്വഭാവികമായ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ഉടമസ്ഥാവകാശത്തിന്മേലുള്ള എന്തെങ്കിലുമൊരു മാറ്റം ബാങ്കിന്റെ പരിഗണനാവിഷയമായി വന്നിട്ടേയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബേങ്ക് സി എം ടി ശാം ശ്രീനിവാസനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.