Connect with us

Ongoing News

സെസ്സുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി വിധിയുണ്ടാകാത്തത് വേദനാജനകം: മന്ത്രി

Published

|

Last Updated

തൃശൂര്‍: മത്സ്യത്തൊഴിലാളികളുടെ സെസ്സുമായി ബന്ധപ്പെട്ട കേസില്‍ കേരള ഹൈക്കോടതി വിധി നടപ്പാക്കാത്തത് വേദനാജനകമെന്ന് മന്ത്രി കെ ബാബു. മത്സ്യത്തൊളിലാളികളുടെ ക്ഷേമനിധി വര്‍ധിപ്പിക്കാത്തത് ഈ മേഖലയിലെ കയറ്റുമതിക്കാര്‍ സെസ്സ് അടക്കാത്തത് മൂലമാണ്. ഇതു സംബന്ധിച്ച കേസ് നാല് വര്‍ഷമായി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എട്ട് മാസത്തോളമായി കേരള ഹൈക്കോടതി ബഞ്ചില്‍ നിന്ന് കേസിനെ സംബന്ധിച്ച വിധി പുറപ്പെടുന്നില്ല. കോടതിയോട് ആദരവും ബഹുമാനവും ഉണ്ട്. എന്നാല്‍ കോടതിയുടെ ഈ നടപടിയില്‍ സര്‍ക്കാറിന് ദുഃഖമുണ്ടെന്നും മന്ത്രി പറഞ്ഞു. ടൗണ്‍ ഹാളില്‍ ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡും സംയുക്തമായി നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡിന്റെ സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യബന്ധനമേഖലയിലെ പാരമ്പര്യത്തൊഴിലില്‍ നിന്ന് ആധുനികവിദ്യാഭ്യാസം ആര്‍ജിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കുട്ടികള്‍ കടന്നുവരാനുള്ള പരിശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സായി നല്‍കിയിരുന്ന മൂന്ന് ലക്ഷം രൂപ അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തി. ഭവനപദ്ധതിക്കായി നല്‍കിയിരുന്ന അമ്പതിനായിരം രൂപ രണ്ട് ലക്ഷമായി ഉയര്‍ത്തി. സ്വന്തമായി സ്ഥലമില്ലാത്തവരേയും ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വിവാഹധനസഹായം 1500 രൂപയില്‍ നിന്ന് 10,000 ആക്കി ഉയര്‍ത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡും, കായിക അവാര്‍ഡും മന്ത്രി വിതരണം ചെയ്തു.

 

Latest