Connect with us

Kozhikode

വാടക നിയമ- കരട് ബില്ല്: അപാകം പരിഹരിക്കാതെ അംഗീകാരം നല്‍കരുത്- കെട്ടിട ഉടമകള്‍

Published

|

Last Updated

കോഴിക്കോട്: പുതിയ വാടക നിയമ- കരട് ബില്ലിലെ അപാകങ്ങള്‍ പരിഹരിക്കാതെ അംഗീകാരം നല്‍കരുതെന്ന് കെട്ടിട ഉടമകള്‍. പുതിയ നിര്‍ദേശപ്രകാരം, വാസകെട്ടിടങ്ങള്‍ക്ക് അനുകൂലമായ വകുപ്പുകള്‍ ഉണ്ട്. എന്നാല്‍ ബില്ലില്‍ നിരവധി അപാകങ്ങള്‍ ഉണ്ട്. അത് അക്കമിട്ട് നിരത്തി വ്യക്തമായ നിവേദനം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ നിര്‍മാണ ക്ഷേമനിധി സെസിന്റെ പേരില്‍ ഭീമമായ സംഖ്യക്കുള്ള നോട്ടീസുകള്‍ ലേബര്‍ വകുപ്പ് നല്‍കി വരുന്നുണ്ട്. നിര്‍മാണ മേഖലയില്‍ 98 ശതമാനവും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവരാരും തന്നെ ക്ഷേമനിധിയില്‍ അംഗങ്ങളല്ല.
ഈ നിയമത്തിലെ അപാകങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ കെട്ടിട ഉടമകള്‍, ഇപ്പോള്‍ ഒരേ കെട്ടിടത്തിന് റവന്യൂ വകുപ്പിനും തദ്ദേശസ്വയം ഭരണ വകുപ്പിനും നികുതി നല്‍കേണ്ടിവരുന്നുണ്ട്. ഇത് അനീതിയാണ്.
ബില്ലിലെ അപാകങ്ങള്‍ പരിഹരിച്ച് കെട്ടിടനികുതിക്ക് സംസ്ഥാനത്ത് ഏകീകരണം ഉണ്ടാക്കുക, നിര്‍മാണ സാമഗ്രി വിലവര്‍ധന തടയുക എന്നിങ്ങനെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി അസോസിയേഷന്‍ അവകാശ സംരക്ഷണ സമരം, വാഹന പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് മുന്നോടിയായി ഇന്ന് രാവിലെ 10ന് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ കെട്ടിട ഉടമകളുടെ ഉത്തര മേഖല കണ്‍വെനഷന്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് ഇല്യാസ് വടക്കന്‍, സെക്രട്ടറി അഡ്വ സി പ്രകാശ്, എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് ഹംസ തയ്യില്‍, ജില്ലാ സെക്രട്ടറി സി പി അബൂബക്കര്‍, ട്രഷറര്‍ ഫൈസല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.