Connect with us

National

പാറ്റ്‌ന സ്‌ഫോടനം: നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

പാറ്റ്‌ന: ബീഹാര്‍ തലസ്ഥാനമായ പാറ്റ്‌നയിലുണ്ടായ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനെന്ന് പോലീസ് സംശയിക്കുന്നയാളുള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. സ്‌ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചതോടെ മരണ സംഖ്യ ആറായി. ബി ജെ പിയുടെ ഹുങ്കാര്‍ റാലിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡി പങ്കെടുക്കാന്‍ എത്തുന്നതിന് തൊട്ടു മുമ്പാണ് പാറ്റ്‌നയിലെ ഗാന്ധി മൈതാനത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഇംതിയാസ് അന്‍സാരി, മുഹമ്മദ് താരീഖ്, മുഹമ്മദ് നോമാന്‍, തൗഫീഖ് ആലം എന്നിവരാണ് അറസ്റ്റിലായതെന്ന് ഝാര്‍ഖണ്ഡ് പോലീസ് സ്ഥിരീകരിച്ചു.
പിടിയിലായവര്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണെന്ന് കരുതുന്നതായി പോലീസ് പറയുന്നു. ഇംതിയാസില്‍ നിന്ന് പ്രഷര്‍ കുക്കര്‍ ബോംബുകളും ഡിറ്റനേറ്ററുകളും ഇന്ത്യന്‍ മുജാഹിദീന്റെ ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ സൂത്രധാരനെന്ന് കരുതുന്ന അന്‍സാരി കുറ്റസമ്മതം നടത്തിയതായി പാറ്റ്‌ന പോലീസ് സൂപ്രണ്ട് അവകാശപ്പെട്ടു. ഇംതിയാസിന്റെ പിതാവിനെയും സഹോദരനെയും റാഞ്ചി പോലീസ് ചോദ്യം ചെയ്തു. മകനും നാല് മരുമക്കളും പാറ്റ്‌നയിലേക്ക് പോയതായും അവര്‍ക്ക് തീവ്രവാദ ബന്ധം ഇല്ലെന്നും പിതാവ് മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ 9.30നും 12.25നും മധ്യേ ബി ജെ പിയുടെ ഹുങ്കാര്‍ റാലി നടക്കുന്ന ഗാന്ധിമൈതാനത്തിന് സമീപം എട്ട് സ്‌ഫോടനങ്ങളാണ് നടന്നത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകളും ടൈമറുകളും ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമിക വിവരം. പാറ്റ്‌ന റെയില്‍വേ സ്റ്റേഷന് സമീപമുള്ള ടോയ്‌ലെറ്റിലാണ് ആദ്യ സ്‌ഫോടനം നടന്നത്. പിന്നീട് ഗാന്ധി മൈതാനത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള സിനിമാ തിയേറ്ററിലും സ്‌ഫോടനമുണ്ടായി. 83 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Latest