Connect with us

Kannur

വിഘടിതര്‍ മതസംഘടനയെന്ന ലേബല്‍ അഴിച്ചുവെക്കണം

Published

|

Last Updated

കണ്ണൂര്‍: വിശുദ്ധ ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ഹീനമായ കുറ്റകൃത്യങ്ങള്‍ അണികളില്‍ വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിഘടിത സമസ്തക്കും എസ് കെ എസ് എസ് എഫിനും മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ലെന്ന് എസ് വൈ എസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുല്ലത്വീഫ് സഅദി അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് സുന്നി സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ പിളര്‍പ്പുണ്ടായതു മുതല്‍ കൊലപാതകം അജന്‍ഡയാക്കിയവരാണ് വിഘടിത വിഭാഗം. ആറിലധികം സുന്നിപ്രവര്‍ത്തകരെ ഇവര്‍ വധിച്ചിട്ടുണ്ട്. ഇപ്പോള്‍ ബോംബ് നിര്‍മാണവും ബോംബാക്രമണവും സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വന്തം അണികളെ പഠിപ്പിക്കുകയാണ്.
മദ്‌റസ കത്തിച്ചും വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ തീയിട്ട് കരിച്ചും ഏത് നാണംകെട്ട ചെയ്തികളും അംഗീകരിച്ചും സുന്നി പ്രവര്‍ത്തകരെ ആക്രമിക്കാനും കള്ളക്കേസില്‍ കുടുക്കാനുമുള്ള പരിശീലനം നല്‍കുകയാണ്. ഇതിന്റെ ഏറ്റവും വലുതും വ്യക്തവുമായ തെളിവാണ് പാനൂരിനടുത്ത പാറാട്ടെ ബോംബ് നിര്‍മാണവും, സ്‌ഫോടനവും ഓണപ്പറമ്പിലെ കൊട്ടിലയില്‍ മദ്‌റസ തീവെക്കലും വിശുദ്ധ ഖുര്‍ആന്‍ തീയിട്ട് കരിക്കലും.
നിയമപാലകരുടെ ശാസ്ത്രീയവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ മുഴുവനും വിഘടിത സമസ്തക്കാരും എസ് കെ എസ് എസ് എഫിന്റെ പ്രവര്‍ത്തകരുമാണ്.
നരിക്കോട് എറന്തല ഇ കെ മഹല്ല് കമ്മിറ്റിയുടെ അംഗവും അവരുടെ റിസീവറുമാണ് ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട പൊന്നന്‍ മുഹമ്മദ്. ഇദ്ദേഹം പോലീസിനു കൊടുത്ത മൊഴി അനുസരിച്ച് പിടികിട്ടാനുള്ള നാലുപേരും ചേളാരി സമസ്തയുടെയും എസ് കെ എസ് എസ് എഫിന്റെയും പ്രവര്‍ത്തകരാണ്.
ഈ സത്യം പുറത്തുവന്ന സാഹചര്യത്തില്‍ വിഘടിതര്‍ മതസംഘടനയെന്ന കുപ്പായം അഴിച്ചുമാറ്റി മാറിനിന്ന് സമൂഹത്തോടും സമുദായത്തോടും കാണിച്ച വഞ്ചനക്ക് മാപ്പ് പറയണമെന്ന് അബ്ദുല്ലത്വീഫ് സഅദി പറഞ്ഞു.

Latest