Connect with us

Kannur

പോലീസ് വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തണം: കെ സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കണ്ണൂരില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് കാരണം പോലീസിന്റെ വീഴ്ചയാണെന്നും ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കെ സുധാകരന്‍ എം പി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ റേഞ്ചിലെ പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയാകണം അന്വേഷണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമേ മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നുള്ളൂ. വൈകീട്ട് മൂന്ന് മണി മുതല്‍ തന്നെ കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ പോലീസ് സി പി എം ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു.
അക്രമം നടത്തില്ലെന്ന് സി പി എം നേതാക്കള്‍ ഉറപ്പ് നല്‍കിയെന്നാണ് പോലീസ് പറയുന്നത്. ഏത് നേതാവാണ് ഉറപ്പ് നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം. മുഖ്യമന്ത്രിക്ക് വേദിയിലേക്ക് സഞ്ചരിക്കുന്നതിന് മൂന്ന് വഴിയുണ്ടെങ്കിലും ഒരു വഴിയില്‍ പോലും സുരക്ഷയൊരുക്കാന്‍ പോലീസിന് കഴിഞ്ഞില്ല. മുഖ്യമന്ത്രി ഏത് വഴിയിലൂടെയാണ് പോകുകയെന്ന വ്യക്തമായ വിവരവും അക്രമികള്‍ക്ക് ലഭിച്ചത് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ വീഴ്ചയാണ്.
കൂത്തുപറമ്പ് ആവര്‍ത്തിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെ ആസൂത്രണം ചെയ്ത സംഭവമാണ് അക്രമമെന്ന് സുധാകരന്‍ ആരോപിച്ചു. വെടിവെപ്പ് ഉണ്ടാക്കുകയായിരുന്നു സി പി എം പ്രവര്‍ത്തകരുടെ ലക്ഷ്യം. സാഹചര്യത്തെളിവുകളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. യാദൃച്ഛികമായി ഉണ്ടായ സംഭവങ്ങളല്ല ബോധപൂര്‍വമായ അക്രമമാണ് നടന്നത്. നാല് സി പി എം നേതാക്കള്‍ അക്രമികള്‍ക്കൊപ്പം ഉണ്ടായിരുന്നു. കല്ലും ഇരുമ്പ് വടിയും തോര്‍ത്തുമെടുത്താണ് അക്രമികള്‍ എത്തിയത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുക മാത്രമാണ് ലക്ഷ്യമെങ്കില്‍ എന്തിന് കല്ലും ഇരുമ്പ് കമ്പിയും കൊണ്ടുവന്നുവെന്ന് സി പി എം നേതാക്കള്‍ വ്യക്തമാക്കണം.
മുഖ്യമന്ത്രിക്കെതിരായ അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കാണ് കാരണമെന്ന് പറയുന്ന സി പി എം ജില്ലാ സെക്രട്ടറി ഗീബല്‍സാണെന്ന് സുധാകരന്‍ പറഞ്ഞു. അക്രമികളെ നിലക്കുനിര്‍ത്താന്‍ പോലീസിന് ആയില്ല. എല്‍ ഡി എഫിലെ ഘടകകക്ഷി നേതാക്കള്‍ അഴകൊഴമ്പന്‍ പ്രസ്താവനക്ക് പകരം ശക്തമായി പ്രതികരിക്കാന്‍ തയ്യാറാകണം.