Connect with us

International

ബ്രിട്ടനില്‍ കൊടുങ്കാറ്റ് ശക്തം; നാല് മരണം

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടനിലും ഫ്രാന്‍സിലും കൊടുങ്കാറ്റ്. തെക്കന്‍ ബ്രിട്ടനില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ കൊടുങ്കാറ്റ് കനത്ത ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. ആറ് ലക്ഷത്തോളം വീടുകളിലെ വൈദ്യുതി പൂര്‍ണമായും നിലച്ചു. പോര്‍ച്കൗല്‍, സൗത്ത് വേല്‍സ് തുടങ്ങിയ തീരദേശ മേഖലകളിലെ റോഡുകളും വാര്‍ത്താ വിനിമയ സൗകര്യങ്ങളും ഭാഗികമായി നശിച്ചു. വടക്കന്‍ ലണ്ടനിലും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും കാറ്റ് ആഞ്ഞടിച്ചിട്ടുണ്ട്. ലണ്ടനടക്കമുള്ള നഗരങ്ങളിലെ പ്രധാന പാതകളിലേക്ക് കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി.
കൊടുങ്കാറ്റ് ഇനിയും ശക്തമാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരവധി വിമാന, തീവണ്ടി സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് മാത്രം 130 വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ജനങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മണിക്കൂറില്‍ 159 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞടിച്ചത്.