Connect with us

National

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രചാരണത്തിന് ജ്യോതിരാദിത്യ സിന്ധ്യയില്ല

Published

|

Last Updated

ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ സ്റ്റാര്‍ പ്രചാരകനായി അറിയപ്പെടുന്ന കേന്ദ്ര ഊര്‍ജ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറക്കില്ല. പത്ത് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ബി ജെ പി സര്‍ക്കാറിനെ തറപറ്റിച്ച് തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസമില്ലാത്തത് തന്നെയാണ് കാരണം.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രതിച്ഛായയാണ് കോണ്‍ഗ്രസിന് മുന്നിലെ പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തില്‍ സിന്ധ്യയെപ്പോലെയുള്ള യുവ നേതാവിനെ വ്യാപകമായി പ്രചാരണത്തിന് ഇറക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. ഗുമാ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മൂന്നാമതും വിജയിച്ച ജ്യോതിരാദിത്യ സിന്ധ്യയായിരിക്കും സംസ്ഥാന നിയമസഭയിലേക്കുള്ള പ്രചാരണം നയിക്കുകയെന്നായിരുന്നു നേരത്തേയുള്ള തീരുമാനം. വിഭാഗീയതയില്‍ പെട്ട് ഉഴലുന്ന പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് ഇതുവഴി ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇതിന് മുതിരേണ്ടെന്നാണ് തീരുമാനം.
മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്. ദിഗ്‌വിജയ് സിംഗ്, കമല്‍നാഥ്, സത്യവ്രത ചതുര്‍വേദി, കാന്തിലാല്‍ ഭുരിയ, ജ്യോതിരാദിത്യ സിന്ധ്യ എന്നിങ്ങനെ പോകുന്നു ആ നിര. ഇവരെല്ലാവരും പാര്‍ട്ടിയിലെ വ്യത്യസ്ത ധാരകളെ പ്രതിനിധാനം ചെയ്യുന്നവരുമാണ്. എങ്കിലും മധ്യപ്രദേശില്‍ പാര്‍ട്ടി വിജയിച്ചാല്‍ അത് വലിയ അത്ഭുതമായിരിക്കും എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.
പാര്‍ട്ടിയിലെ അനൈക്യം ഏറെക്കുറെ അപ്രത്യക്ഷമായെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ കേന്ദ്ര നേതൃത്വം ഇത് പൂര്‍ണമായി വിശ്വസിക്കുന്നില്ല.
32 ജില്ലകളിലായി ഈയിടെ നടന്ന റാലികളില്‍ ഐക്യം പ്രകടമായിരുന്നെങ്കിലും സ്ഥാനാര്‍ഥി പട്ടിക വരുന്നതോടെ സ്ഥിതി വഷളാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മൂന്ന് ദിവസത്തിനകം ആദ്യ പട്ടിക പുറത്തിറക്കുമെന്നാണ് വിവരം.
എല്ലാ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തുന്ന പട്ടിക പുറത്തിറക്കുകയെന്നത് അല്‍പ്പം ദുഷ്‌കരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ മധ്യപ്രദേശില്‍ റാലികളില്‍ പങ്കെടുക്കും.

Latest