Connect with us

National

ട്വിറ്ററില്‍ കുടുങ്ങി വീണ്ടും തരൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ട്വിറ്ററില്‍ കുറിപ്പെഴുതി കേന്ദ്രമന്ത്രി ശശി തരൂര്‍ വീണ്ടും വിവാദത്തില്‍. പാറ്റ്‌നയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് തരൂര്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് വിവാദമായത്. പറ്റ്‌നയില്‍ ബി ജെ പിയുടെ റാലിയുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങളില്‍ മരിച്ചവരുടെ കുടംബങ്ങളെ അനുശോചനമറിയിച്ചുകൊണ്ടായിരുന്നു തരൂര്‍ ട്വീറ്റ് ചെയതത്. രാഷ്ട്രീയം ആശയപരമായിരിക്കണമെന്നും തരൂര്‍ അതില്‍ പറയുന്നു.
“പാറ്റ്‌നയിലെ ബി ജെ പി റാലിയുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെയും പരുക്കുപറ്റിയവരെയും അനുശോചനം അറിയിക്കുന്നു. രാഷ്ട്രീയം ആശയപരമായിരിക്കണം” എന്നായിരുന്നു ട്വീറ്റ്. ഇതിലെ “പാറ്റ്‌നയിലെ ബി ജെ പി റാലിയുമായി ബന്ധപ്പെട്ടുണ്ടായ അക്രമ” മെന്ന പരാമര്‍ശത്തില്‍ പിടിച്ച് രൂക്ഷമായ പ്രതികരണങ്ങളാണ് വന്നത്. കുറിപ്പിന് താഴെ വന്ന കമന്റുകള്‍ അതിരുവിട്ടതോടെ ശശി തരൂര്‍, രാഷ്ട്രീയമായ കമന്റുകള്‍ പാടില്ലെന്ന് വിലക്കുകയായിരുന്നു. തരൂര്‍ വസ്തുതകളെ വളച്ചൊടിക്കുകയാണെന്നാണ് പ്രതികരിച്ചവര്‍ ഏറെയും അഭിപ്രായപ്പെട്ടത്. അതേസമയം “ബി ജെ പി റാലിയുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണം” എന്ന തന്റെ പ്രയോഗം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും താന്‍ ആക്രമണവുമായി ബി ജെ പിയെ ബന്ധപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തരൂര്‍ വിശദീകരിച്ചു. ഇതിന് മുമ്പും ശശി തരൂര്‍ ട്വിറ്ററില്‍ കുറിപ്പെഴുതി വിവാദത്തിലകപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന് തരൂര്‍ ട്വിറ്റര്‍ വഴി ആവശ്യപ്പെട്ടത് വിവാദത്തിനിടയാക്കിയിരുന്നു.