Connect with us

Eranakulam

ഡി ആര്‍ ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലിനെ ചോദ്യം ചെയ്യാന്‍ സി ബി ഐ അനുമതി തേടി

Published

|

Last Updated

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ ഡി ആര്‍ ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറലായ ജോണ്‍ ജോസഫിനെ ചോദ്യം ചെയ്യുന്നതിന് സി ബി ഐ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി. ഇതുസംബന്ധിച്ച കത്ത് കൊച്ചി സി ബി ഐ യൂനിറ്റില്‍ നിന്ന് ഡല്‍ഹിയിലെ സി ബി ഐ ആസ്ഥാനത്തേക്കയച്ചു. സി ബി ഐ കേന്ദ്ര ധനകാര്യ വകുപ്പിന് ഈ കത്ത് കൈമാറും. ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറക്ക് ജോണ്‍ ജോസഫിനെ ചോദ്യം ചെയ്യാനാണ് സി ബി ഐ ഒരുങ്ങുന്നത്. ജോയിന്റ് സെക്രട്ടറിയുടെ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി ആവശ്യമുണ്ട്. ഡി ആര്‍ ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാര്‍ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജോണ്‍ ജോസഫിനെ സി ബി ഐ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയായ ഫയാസിനെ തനിക്ക് പരിചയപ്പെടുത്തിയത് ജോണ്‍ ജോസഫാണെന്ന് സി മാധവന്‍ സി ബി ഐയുടെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. ഫയാസിനെ സഹായിക്കാന്‍ ജോണ്‍ ജോസഫ് ഇടപെട്ടതായി അനില്‍കുമാറും മൊഴി നല്‍കി. ഫയാസ് എത്തുന്ന വിമാനത്തിന്റെ വിശദാംശങ്ങള്‍ കാണിച്ച് ജോണ്‍ ജോസഫ് തനിക്ക് എസ് എം എസ് അയച്ചിരുന്നുവെന്നാണ് അനില്‍കുമാറിന്റെ മൊഴി.
ജോണ്‍ ജോസഫിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിനെതിരെ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് സി ബി ഐ അന്വേഷണ സംഘം. ജോണ്‍ ജോസഫിനെതിരെ നേരത്തെ ഉയര്‍ന്നിരുന്ന ചില ആരോപണങ്ങളും സി ബി ഐ പരിശോധിക്കുന്നുണ്ട്.

 

Latest