Connect with us

Ongoing News

കണ്ണൂര്‍ സംഭവത്തില്‍ ദുരൂഹത; ഉന്നതതല അന്വേഷണം വേണമെന്ന് എല്‍ ഡി എഫ്‌

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂരില്‍ മുഖ്യമന്ത്രിക്കു നേരെ നടന്ന അക്രമസംഭവത്തിലെ ദുരൂഹത നീക്കി യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി നിയമനടപടികള്‍ നടത്തുന്നതിന് നിഷ്പക്ഷവും നീതിപൂര്‍വവുമായ ഉന്നതതല അന്വേഷണം വേണമെന്ന് ഇടതു മുന്നണി. മുഖ്യമന്ത്രി ജനങ്ങളില്‍നിന്ന് കൂടുതല്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ സഹതാപം നേടുന്നതിനു വേണ്ടിയുള്ള രാഷ്ട്രീയ കുറുക്കുവഴി ഈ അക്രമത്തിനു പിന്നിലുണ്ടോയെന്ന സംശയം ന്യായമാണെന്നും എല്‍ ഡി എഫ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരാനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അടിയന്തര എല്‍ ഡി എഫ് യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടുകയെന്നത് എല്‍ ഡി എഫിന്റെ പ്രഖ്യാപിത സമരമാണെന്നും ഇതിനപ്പുറം ശാരീരികമായി ആക്രമിക്കുകയെന്നത് തങ്ങളുടെ പരിപാടിയല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അക്രമത്തെ എല്‍ ഡി എഫ് ശക്തിയായി അപലപിക്കുന്നു. യഥാര്‍ഥ അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന വ്യാജേന കൂടിനിന്നവരില്‍നിന്നാണ് ആക്രമണമുണ്ടായതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ വ്യക്തമാകുന്നത് എല്‍ ഡി എഫിന്റെ ചേരിയില്‍നിന്നല്ല മുഖ്യമന്ത്രിയുടെ കാറിനുനേരേ കല്ലേറുണ്ടായത് എന്നാണ്.
മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ മറവില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ യുദ്ധക്കളം സൃഷ്ടിക്കുന്ന അക്രമങ്ങള്‍ക്കാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അതുപോലെ പോലീസിനെ ഉപയോഗിച്ച് ജനപ്രതിനിധികള്‍ക്കും എല്‍ ഡി എഫ് നേതാക്കള്‍ക്കുമെതിരെ കള്ളക്കേസുകള്‍ ചമച്ച് അവരെ ജയിലിലടക്കാനും സര്‍ക്കാര്‍ ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തുകയാണ്. ഇത്തരം നടപടികള്‍കൊണ്ട് സോളാര്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പ് കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാനാകില്ല. കളങ്കിതനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ എല്‍ ഡി എഫ് നടത്തിവരുന്ന സമരം ജനാധിപത്യത്തിലും സമാധാനത്തിലും അധിഷ്ഠിതമാണ്. ഏതെങ്കിലും സങ്കുചിത ലക്ഷ്യത്തോടെയുള്ളതല്ല സമരം. ജയിലിലടക്കപ്പെടേണ്ട ഒരാള്‍ സംസ്ഥാനത്തിന്റെ ഭരണാധികാരിയായി തുടരുന്നതിലെ അനൗചിത്യത്തിനും അധാര്‍മികതക്കുമെതിരെയാണ് പ്രക്ഷോഭമെന്നും എല്‍ ഡി എഫ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.