Connect with us

National

രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസംഗം: ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: മുസാഫര്‍ നഗര്‍ കലാപത്തെ കുറിച്ച് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ബി ജെ പി നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ട് ലക്ഷ്യമിട്ട് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ച് വര്‍ഗീയവിദ്വേഷത്തിനിടയാക്കുന്ന പരാമര്‍ശങ്ങള്‍ രാഹുല്‍ നടത്തിയെന്നാണ് ബി ജെ പിയുടെ ആക്ഷേപം. ഇതു സംബന്ധിച്ച് തയ്യാറാക്കിയ പരാതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്തിന് കൈമാറി.
പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കോണ്‍ഗ്രസിന്റെ ദേശീയ പാര്‍ട്ടി എന്ന അംഗീകരം റദ്ദ് ചെയ്യണമെന്നും എ ഐ സി സി വൈസ് പ്രസിഡന്റായ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിന്റെ ഇത്തരം പ്രസ്താവനകള്‍ പതിവായുള്ളതും സാമ്പ്രദായികവുമാണെന്ന് ബി ജെ പി വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്‌വി കുറ്റപ്പെടുത്തി. പെരുമാറ്റച്ചട്ട ലംഘനത്തിന് രാഹുല്‍ ഗാന്ധിക്കെതിരെ എഫ് ഐ ആര്‍ തയ്യാറാക്കണമെന്നാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിക്കുന്നത്.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ബി ജെ പിക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ഹിന്ദു-സിഖ്, ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ ഉണ്ടാക്കും വിധമാണ് അദ്ദേഹം പ്രസംഗിച്ചതെന്നും ബി ജെ പിയുടെ പരാതിയില്‍ കുറ്റപ്പെടുത്തുന്നു.
മുസാഫര്‍നഗര്‍ കലാപത്തിന്റെ ഇരകളുടെ ബന്ധുക്കളായ യുവാക്കളെ പാക് രഹസ്യാന്വേഷണ ഏജന്‍സി ബന്ധപ്പെട്ടുവെന്നും ഐ ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് താനിത് പറയുന്നതെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.