Connect with us

Gulf

ഇന്ത്യയില്‍ നിന്ന് 65 പ്രസാധകരും 20 എഴുത്തുകാരും

Published

|

Last Updated

അടുത്ത മാസം ആറിന് ആരംഭിക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ ഇന്ത്യയില്‍ നിന്ന് 65 പ്രമുഖ പ്രസാധകരും 20 പ്രശസ്തരായ എഴുത്തുകാരും പങ്കെടുക്കുമെന്ന് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാറും ഡി സി ബുക്‌സ് സി ഇ ഒയും എം ഡിയുമായ രവി ഡിസിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2011ല്‍ 30 പ്രസാധകരും 2012ല്‍ 40 പ്രസാധകരുമാണ് പുസ്തകോത്സവത്തില്‍ പങ്കെടുത്തത്.
8,000 മുതല്‍ 10,000 വരെ ശീര്‍ഷകങ്ങളിലായി ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ഡി സി ബുക്‌സ് മാത്രം എത്തിക്കും. കഴിഞ്ഞ വര്‍ഷം 6,20,000 സന്ദര്‍ശകരായിരുന്നുവെങ്കില്‍ ഈ വര്‍ഷം ഏഴു ലക്ഷത്തില്‍ അധികം പേരെയാണ് പ്രതീക്ഷിക്കുന്നത്. വില്‍പ്പനയില്‍ 10 ശതമാനത്തിന്റെ വര്‍ധനവുണ്ടാവും. ഇന്ത്യന്‍ പുസ്തകങ്ങളുടെ വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ വര്‍ധനവുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.
എഴുത്തിനെയും പുസ്തകങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. സാഹിത്യം ജനങ്ങളില്‍ നല്ല ചിന്ത ഉണര്‍ത്തുമെന്ന തിരിച്ചറിവാണ് സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ ഇത്തരം ഒരു മഹാസംരഭത്തിന് 32 വര്‍ഷം മുമ്പ് തുടക്കം കുറിക്കാന്‍ പ്രേരിപ്പിച്ചതെന്ന് മോഹന്‍കുമാര്‍ അനുസ്മരിച്ചു.
കഴിഞ്ഞ 32 വര്‍ഷവും ശൈഖ് സുല്‍ത്താനാണ് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ വര്‍ഷവും അദ്ദേഹം മേള ഉദ്ഘാടനം ചെയ്യും. മറ്റൊരിടത്തും ഭരണാധികാരി ഇത്തരത്തില്‍ പുസ്തകോത്സവത്തില്‍ സജീവമായി പങ്കാളിയാവുന്നത് കാണാനായിട്ടില്ലെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പുസ്തകോത്സവത്തില്‍ സന്ദര്‍ശനം നടത്തിയ അനുഭവം അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു. ശൈഖ് സുല്‍ത്താന്റെ 44മത്തെ പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ഷാര്‍ജ പുസ്തകോത്സവം വെറും കച്ചവടമല്ല, പുസ്തകത്തിന്റെയും വായനക്കാരുടെയും ആത്മാവിനെ നമുക്ക് മേളയില്‍ തൊട്ടറിയാന്‍ സാധിക്കും.
1,14,750 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ലോകത്തില്‍ വലിപ്പത്തില്‍ നാലാം സ്ഥാനമാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിനുള്ളത്. ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങള്‍ക്കായി 4,500 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് മാറ്റിവെച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്നും ഉള്‍പ്പെടെയുള്ള പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാര്‍ ഡോ. ശൈഖ് സുല്‍ത്താന്റെ അതിഥിയായാണ് എത്തുന്നത്. എല്ലാ ചെലവും ഷാര്‍ജ സര്‍ക്കാരാണ് വഹിക്കുന്നത്. ദിനേന 300 പേജിലധികം വായിച്ചിരിക്കണമെന്ന നിഷ്ഠയുള്ള മികച്ച വായനക്കാരനാണ് ശൈഖ് സുല്‍ത്താന്‍.
ലോകത്തൊരിടത്തും ഒരു വിദേശ രാജ്യത്തെ പ്രസാധകര്‍ക്കായി ഇത്രയും വലിയ മേഖല മാറ്റിവെക്കുന്ന പതിവില്ല. ശൈഖ് സുല്‍ത്താന്റെ ദേശത്തിനും ഭാഷക്കും അതീതമായ കാഴ്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നത്. 550 സാംസ്‌കാരിക പരിപാടികളും ഇതോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി നടക്കുമെന്നും മോഹന്‍ കുമാര്‍ വെളിപ്പെടുത്തി.

Latest