Connect with us

Gulf

ഇന്ത്യന്‍ പങ്കാളിത്തം വര്‍ധിച്ചു

Published

|

Last Updated

ദുബൈ: ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഇന്ത്യന്‍ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ടെന്ന് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവ വിദേശ വിഭാഗം എക്‌സിക്യൂട്ടീവ് മോഹന്‍കുമാറും ഡി സി ബുക്‌സ് സി ഇ ഒ രവി ഡി സിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പവലിയനുകളുടെ എണ്ണത്തിലും എഴുത്തുകാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.

പ്രസാധകരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണ്. നവം. ആറ് ബുധനാഴ്ച ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മേള ഉദ്ഘാടനം ചെയ്യും. ഏഴ് (വ്യാഴം) “നിങ്ങളിലെ എഴുത്തുകാരന്റെ ജനനം” എന്ന വിഷയത്തില്‍ രാവിലെ 10 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് വരെ നടക്കുന്ന സെമിനാറില്‍ ഡോ. എ പി ജെ അബ്ദുല്‍ കലാം, സാഹിത്യകാരന്മാരായ റാണാസ് ഗുപ്ത, വിക്രം ചന്ദ്ര, മാര്‍ക്കസ് സെഡ്‌വിക്ക്, ഡി സി ബുക്‌സ്. സി ഇ ഒ രവി ഡി സി എന്നിവര്‍ പങ്കെടുക്കും. എട്ട് (വെള്ളി) മലയാള ഭാഷക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിലുള്ള ആഘോഷച്ചടങ്ങ് നടക്കും. ജ്ഞാനപീഠജേതാവും കവിയുമായ ഒ എന്‍ വി കുറുപ്പ്, കവിയും സാമൂഹികപ്രവര്‍ത്തകയുമായ സുഗതകുമാരി, നാടകകൃത്തും കവിയുമായ കാവാലം നാരായണപ്പണിക്കര്‍, മലയാള സര്‍വകലാശാല വൈസ് ചാന്‍സിലറും കവിയുമായ കെ ജയകുമാര്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കവി ചെമ്മനം ചാക്കോ, സാഹിത്യകാരനും അഭിനേതാവുമായ വി കെ ശ്രീരാമന്‍ സംബന്ധിക്കും.
അന്നേ ദിവസം പാചക വിദഗ്ധനായ സഞ്ജീവ് കപൂര്‍ പാചകമേള അവതരിപ്പിക്കും.
ഒമ്പത് (ശനി) സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ വസ്തുക്കള്‍ രചിച്ച ശെഹനാസ് ഹുസൈന്‍ മകളും ജീവചരിത്രകാരിയുമായ നിലോഫറുമായി സംഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന പരിപാടിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സദസിനെ അഭിസംബോധന ചെയ്യും. വൈകുന്നേരം നാലിന് ഗള്‍ഫ് സിറാജ് ചീഫ് റിപ്പോര്‍ട്ടര്‍ മനു റഹ്്മാന്റെ “മറക്കാന്‍ വയ്യ” എന്ന പുസ്തകം കെ ജയകുമാര്‍ ഐ എ എസ് പ്രകാശനം ചെയ്യും. 10 (ഞായര്‍) കുട്ടികളുടെ പ്രീയപ്പെട്ട എഴുത്തുകാരന്‍ റസ്‌കിന്‍ ബോണ്ട് വായനക്കാരുമായി സംവദിക്കും. 11 (തിങ്കള്‍) ഐ ടു ഹാഡ് എ ലൗ സ്‌റ്റോറി എന്ന നോവലിലൂടെ പ്രശസ്തനായ രവീന്ദര്‍ സിംഗും ബോളിവുഡ താരങ്ങളായ ദീപ്തി നവലും ഫാറൂഖ് ശേഖും പങ്കെടുക്കും. 13 (ബുധന്‍) വൈകുന്നേരം 7.30ന് മലയാള നോവലിസ്റ്റ് കെ എല്‍ മോഹനവര്‍മ പുസ്തക ചര്‍ച്ചയില്‍ പങ്കെടുക്കും.
14 (വ്യാഴം) സിനിമാതാരം കമല്‍ ഹാസന്‍ സംബന്ധിക്കും. “ഇന്ത്യന്‍ സിനിമയുടെ 10 വര്‍ഷത്തെ യാത്ര എന്ന വിഷയത്തില്‍ സദസുമായി സംവദിക്കും. വൈകുന്നേരം വൈകുന്നേരം 7.15ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പ്രഭാഷണം നടത്തും. 15 (വെള്ളി) വൈകുന്നേരം ആറിന് കെ എം അബ്ബാസിന്റെ കഥകളെ കുറിച്ചുള്ള ചര്‍ച്ച നടക്കും. 16 (ശനി) പ്രശസ്ത കവി സച്ചിദാനന്ദനും താഹ മാടായിയും തമ്മിലുള്ള സംഭാഷണം നടക്കും. ലോകത്തെ പ്രമുഖ പ്രസാധകരെല്ലാം പങ്കെടുക്കുന്ന മേളയില്‍ വിപുലവും വൈവിധ്യവുമാര്‍ന്ന പുസ്തകശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഗള്‍ഫ് സിറാജിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍/യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് വായനക്കാരുമായി സംവദിക്കാനും പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും പ്രത്യേകം സൗകര്യമുണ്ട്. കൂടാതെ പ്രത്യേക വിലക്കിഴിവും നല്‍കുമെന്നും രവി ഡി സിയും മോഹന്‍ കുമാറും അറിയിച്ചു.