Connect with us

Gulf

6,000 വര്‍ഷം പഴക്കമുള്ള തിമിംഗലത്തിന്റെ അസ്ഥിപഞ്ജരം നീക്കല്‍ ശ്രമകരമെന്ന് ഗവേഷകന്‍

Published

|

Last Updated

അബുദാബി: തലസ്ഥാനത്ത് 2006ല്‍ നടത്തിയ പര്യവേക്ഷണത്തില്‍ കണ്ടെത്തിയ 6,000 വര്‍ഷം പഴക്കമുള്ളതും ദ്രവിക്കാത്തതുമായ തിമിംഗലത്തിന്റെ അസ്ഥിപഞ്ജരം നീക്കല്‍ ശ്രമകരമെന്ന് ഗവേഷകന്‍.
മുസഫ്ഫയിലെ വ്യവസായ മേഖലയിലാണ് 2006ല്‍ രാജ്യത്തിന്റെ പര്യവേക്ഷണ ചരിത്രത്തില്‍ നാഴികകല്ലായി മാറിയ അസ്ഥിപഞ്ജരം കണ്ടെത്തിയത്. എണ്ണ വ്യവസായ രംഗത്തെ ഭൂതത്ത്വശാസ്ത്രജ്ഞരായിരുന്നു വ്യാവസായികാവശ്യങ്ങള്‍ക്ക് മണ്ണ് മാന്തുന്നതിനിടയില്‍ ഇത് കണ്ടെത്തിയത്. എന്നാല്‍ ഇത് സുരക്ഷിതമായി സംരക്ഷണ കേന്ദ്രത്തിലേക്ക് നീക്കുന്നതാണ് ഗവേഷകര്‍ ഉള്‍പ്പെട്ട സംഘത്തിന് ഏറെ വെല്ലുവിളിയായി മാറിയിരിക്കുന്നത്. അവശിഷ്ടത്തിന്റെ ഭാഗമായ തലയോട്ടിയും കൊക്കും നീക്കലാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. രണ്ടര മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ നീളവും ഒന്നര മീറ്ററില്‍ അധികം വീതിയുമുള്ളതാണ് തിമിംഗലത്തിന്റെ ഈ അവശിഷ്ടങ്ങളെന്ന് ഗവേഷകരില്‍ ഒരാളായ ഡോ. ജോണ്‍ സ്റ്റീവാര്‍ഡ് വ്യക്തമാക്കി.
അസ്ഥികള്‍ കേടാവാതെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് പൊട്ടിയ അസ്ഥികള്‍ ചേര്‍ത്തു പൂര്‍ണ അസ്ഥികൂടം ശരിപ്പെടുത്തി വരികയാണ്. ഇത് ശ്രമകരമായ എഞ്ചിനിയറിംഗ് ജോലിയാണ്. ഓരോ ഭാഗവും കൃത്യമായി എവിടെയാണ് ചേര്‍ക്കേണ്ടതെന്ന് ദീര്‍ഘനേരം ആലോചിച്ച് കണ്ടെത്തിയാണ് ചെയ്തിരിക്കുന്നത്.
ഏഴു വര്‍ഷക്കാലം നീണ്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാവുമെന്നും പിന്നീട് അസ്ഥിപജ്ഞരം ശാസ്ത്ര സമൂഹം ഉള്‍പ്പെടെയുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നടന്ന ചില പര്യവേക്ഷണങ്ങളില്‍ അനേകം നൂറ്റാണ്ടുകള്‍ക്ക മുമ്പ് അബുദാബി വനപ്രദേശമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പര്യവേക്ഷണത്തിന്റെ ഭാഗമായി ആനത്താരയുണ്ടായിരുന്നുവെന്നതും മാധ്യമങ്ങളില്‍ പ്രധാനപ്പെട്ട വാര്‍ത്തയായിരുന്നു.

---- facebook comment plugin here -----

Latest