Connect with us

Gulf

ഇന്ത്യക്കാരുടെ അനധികൃത റിക്രൂട്ട്‌മെന്റ് സജീവം

Published

|

Last Updated

അജ്മാന്‍: മോഹനവാഗ്ദാനങ്ങള്‍ നല്‍കി അഫ്ഗാനിസ്ഥാനിലേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റ് തുടരുന്നു. മാസം ഒരു ലക്ഷം രുപയാണ് ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും യാത്ര നിരോധിച്ചതിനാലാണ് ഇന്ത്യക്കാരെ യു എ ഇയില്‍ എത്തിച്ച് അയക്കുന്നത്.

യു എ ഇയിലേക്ക് സന്ദര്‍ശക വിസയില്‍ എത്തി ഇവിടെ നിന്നുമാണ് ഈ രാജ്യങ്ങളിലേക്ക് പോകുന്നത്. അഫ്ഗാന്‍ വിസക്ക് ഒന്നര ലക്ഷം രൂപയാണ് വാങ്ങുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഉയര്‍ന്ന തസ്തികയും ശമ്പളവുമാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും അവിടെ എത്തുമ്പോള്‍ പലര്‍ക്കും സഹായിയുടെ ജോലിയാണ് ലഭിക്കുന്നത്. യു എന്നിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാന്റെ ആറ് ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളുടെ മിലിറ്ററി ക്യാമ്പുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് എന്നറിയുന്നു. വിസ ആവശ്യമില്ലെങ്കിലും ഇതിന്റെ വന്‍ ചൂഷണമാണ് നടക്കുന്നത്. മോഹന വാഗ്ദാനങ്ങളില്‍പ്പെട്ട് നിരവധി പേര്‍ യു എ ഇ വഴി പോയി എന്നാണ് അറിയുന്നത്. സംഘങ്ങളാക്കി പ്രത്യേക വിമാനത്തിലാണ് ഇത്തരക്കാരെ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോകുന്നത്.
ഇന്ത്യയില്‍ നിന്നും റിക്രൂട്ട്‌മെന്റ് നടത്തി യു എ ഇയില്‍ എത്തിച്ച് വിവിധയിടങ്ങളില്‍ താമസിപ്പിച്ച ശേഷം ഘട്ടം ഘട്ടമായാണ് റിക്രൂട്ട്‌മെന്റ്. ഭീകരവാദികളുടെയും തീവ്രവാദികളുടെയും അക്രമ പരമ്പര അരങ്ങേറുന്ന അഫ്ഗാനിസ്ഥാനില്‍ ഉയര്‍ന്ന ശമ്പളത്തിന്റെ വാഗ്ദാനത്തില്‍ പലരും ജീവന്‍ പണയം വെച്ചും രാജ്യം കടക്കുകയാണ്.
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകരെ സ്വീകരിക്കുന്നതെന്നറിയുന്നു. ഇന്ത്യയിലെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് അഫ്ഗാനിസ്ഥാനിലേക്ക് കടക്കുന്നവരിലധികവും. കേരള-കര്‍ണാടക സംസ്ഥാനങ്ങളിലുള്ളവരെ റിക്രൂട്ട് ചെയ്യുന്നത് കാസര്‍കോട് ഉപ്പള സ്വദേശിയാണെന്ന് സൂചനയുണ്ട്. ഇയാള്‍ ഇരകളെ യു എ ഇയിലെത്തിച്ച് ദുബൈയിലുള്ള തമിഴ്‌നാട് സ്വദേശിക്ക് കൈമാറുന്നു. തമിഴ്‌നാട് സ്വദേശി കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഒരുമിച്ച് അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നു. ഇത്തരക്കാരെ താമസിപ്പിക്കാന്‍ യു എ ഇയില്‍ വിവിധയിടങ്ങളില്‍ പ്രത്യേക ക്യാമ്പുകളുമുണ്ടെന്നാണ് അറിയുന്നത്.
നാട്ടില്‍ റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ ഇലക്ട്രിക്, പ്ലമ്പര്‍, ആശാരി, എ സി മെക്കാനിക് എന്നി വിഭാഗങ്ങളിലാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. അവിടെ എത്തിക്കഴിഞ്ഞാലോ കഥ മാറി. ക്യാമ്പില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ ആറുമാസത്തില്‍ ഒരു മാസമാണ് അവധി. ഒരു വര്‍ഷത്തേക്കാണ് കരാര്‍. അഫ്ഗാനിസ്ഥാനിലെ മിലിറ്ററി ക്യാമ്പുകള്‍ വിവിധ രാജ്യങ്ങള്‍ നിര്‍ത്തലാക്കുന്നതിനാല്‍ അവിടെ നിന്നും സുഡാനിലേക്ക് കാമ്പുകള്‍ മാറ്റുമ്പോള്‍ ഇത്തരക്കാരെ അവിടേക്കും മാറ്റുന്നുണ്ടെന്നാണ് വിവരം. ഇത്തരം റിക്രൂട്ട്‌മെന്റിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നാട്ടില്‍ പലരും ഗള്‍ഫില്‍ പോകുന്നുവെന്ന പേരിലാണ് അഫ്ഗാനിലേക്ക് കടക്കുന്നത്.

Latest