Connect with us

Kozhikode

നഗരത്തില്‍ തെരുവ്‌നായ ശല്യം രൂക്ഷം: അധികൃതര്‍ക്ക് നിസംഗത

Published

|

Last Updated

കോഴിക്കോട്: നഗരത്തില്‍ തെരുവ്‌നായ ശല്യം ദിനംപ്രതി വര്‍ധിക്കുന്നു. രാത്രി കാലങ്ങളിലാണ് തെരുവ്‌നായ ശല്യം കൂടുതലുളളത്. കോര്‍പ്പറേഷന്‍ പരിസരത്തെ ബീച്ച്, ലയണ്‍സ് പാര്‍ക്ക് പരിസരം, ഭട്ട് റോഡ് എന്നിവിടങ്ങളിലാണ് നായ ശല്യം രൂക്ഷമായിരിക്കുന്നത്. വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്.
അക്രമകാരികളായ നായകള്‍ ബീച്ചും പരിസരങ്ങളും സ്വന്തമാക്കിയതോടെ കുട്ടികളും കുടുംബങ്ങളും ഭീതിയോടെയാണ് ബീച്ചിലെത്തുന്നത്. ബസ് യാത്രക്കാര്‍ക്ക് ഭീഷണിയായി മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലും നായശല്യം രൂക്ഷമാണ്.
കൂട്ടത്തോടെയാണ് നായകള്‍ നഗരത്തിലിറങ്ങുന്നത്. ഇവയുടെ കടിയേറ്റ് നിരവധി പേര്‍ ആശുപത്രിയിലായിട്ടും അധികൃതര്‍ നടപടികളൊന്നും എടുക്കാത്തത് വ്യാപക പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. നായകള്‍ക്ക് കുത്തിവെയ്‌പ്പെങ്കിലും നടത്തേണ്ടത് അത്യാവശ്യമാണ്. നിരവധി ഇരു ചക്രവാഹനങ്ങളാണ് നായകാരണമായി അപകടത്തില്‍ പെടുന്നത്. പെട്ടന്ന് മുന്നിലേക്ക് ചാടുന്ന നായയില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനം വെട്ടിച്ചും നായയുടെ ശരീരത്തില്‍ കയറിയുമാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്.
എരഞ്ഞിപ്പാലം ബൈപ്പാസിലൂടെ ഇവയുടെ ശല്യം മൂലം നടക്കാനാവാത്ത അവസ്ഥയാണുളളത്. എരഞ്ഞിപ്പാലം ജംഗ്ഷന്‍ മുതല്‍ അരയിടത്തുപാലം വരെയുള്ള ബൈപ്പാസ് പരിസരത്ത് പകലും രാത്രിയും ശല്യമുണ്ട്. ഫുട്പാത്തില്‍ വരെ കയറിയ കാടും റോഡിന്റെ വശങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളുമാണ് ഇവടെ നായശല്യം കൂടുതലാകാന്‍ കാരണം. താരതമ്യേന കച്ചവടസ്ഥാപനങ്ങള്‍ കുറഞ്ഞ പ്രദേശമായതിനാല്‍ റോഡിലുടെ ഒറ്റക്ക് നടന്നുപോവുക ഇപ്പോള്‍ ഏറെ ശ്രമകരമാണ്. രാവിലേയും വൈകുന്നേരവും സ്‌കൂള്‍കുട്ടികളടക്കം നടന്നുപോകുന്ന ഇവിടെ നായശല്യം രൂക്ഷമായതോടെ രക്ഷിതാക്കളും രണ്ടുനേരവും കുട്ടികള്‍ക്കൊപ്പം പോവേണ്ട അവസ്ഥയാണ്.
സരോവരം ബയോപാര്‍ക്കിലും മാസങ്ങളായി നായകളുടെ ശല്യം രൂക്ഷമാണ്. ബീച്ച്‌റോഡിന്റെ ഇരുവശങ്ങളിലുമായി വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങളും കുടുംബശ്രീപ്രവര്‍ത്തകര്‍ കൂട്ടിയിടുന്ന മാലിന്യകെട്ടുകളുമാണ് പ്രധാനമായും ഇവയുടെ ഭക്ഷണം. എരഞ്ഞിപ്പാലം ബൈപ്പാസിന് പുറമേ മാവൂര്‍റോഡ്, പ്ലാനറ്റോറിയം റോഡ്, നടക്കാവിന്റെ വിവിധ ഭാഗങ്ങള്‍, കല്ലായ് പാലവും പരിസരങ്ങളും, പുതിയറ റോഡ്, ഗാന്ധിറോഡ്, ശ്രീകണ്‌ഠേശ്വരക്ഷേത്ര പരിസരം, തൊണ്ടയാട്-മലാപ്പറമ്പ് റോഡ്, മെഡിക്കല്‍കോളജ് ഭാഗങ്ങള്‍, പന്നിയങ്കര ഭാഗം, ഫറോക്ക് ,രാമനാട്ടുകര തുടങ്ങി നഗരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും നായകളെക്കൊണ്ട് പെറുതിമുട്ടിയിരിക്കുകയാണ്. വെള്ളിമാട്കുന്ന്, എന്‍ ജി ഒ ക്വാര്‍ട്ടേഴസ്, മൂഴിക്കല്‍ തുടങ്ങി കോര്‍പ്പറേഷന്‍ പരിധിയിലും പഞ്ചായത്തുകളെ പോലെ തന്നെ തെരുവ്‌നായ ശല്യം കൂടുതലാണ്. ഇവിടുത്തെ പൊട്ടിപ്പൊളിഞ്ഞ് ആള്‍താമസമില്ലാത്ത വീടുകളും കുറ്റിക്കാടുകളുമാണ് നായകളുടെ താവളങ്ങള്‍.

Latest