Connect with us

Kozhikode

ഇ-ഡിസ്ട്രിക്ട് പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങി

Published

|

Last Updated

കോഴിക്കോട്: സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ കാത്തുനില്‍ക്കുന്ന അവസ്ഥക്ക് വിടപറയാം എന്ന ഉറപ്പില്‍ ആരംഭിച്ച ഇ-ഡിസ്ട്രിക്ട് പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങള്‍ സേവനകേന്ദ്രങ്ങള്‍, ഓണ്‍ലൈന്‍ എന്നിവ വഴി സുതാര്യമായും കാര്യക്ഷമമായും വേഗതയിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇ- ഡിസ്ട്രിക്ട് പ്രൊജക്ട് പദ്ധതിയിലൂടെയാണ് ജില്ലയെ മാര്‍ച്ച് 24ന് ഇ- ജില്ലയായി പ്രഖ്യാപിച്ചത്. ജാതി, നേറ്റിവിറ്റി, വരുമാനം തുടങ്ങിയ താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കിയിരുന്ന 23 സര്‍ട്ടിഫിക്കറ്റ് ജില്ലയിലെ 150 അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭ്യമാകുമെന്നായിരുന്നു അന്ന് നല്‍കിയ ഉറപ്പ്.
പുതിയ രീതിക്ക് മുമ്പ് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലൊഴികെ ആര്‍ക്കും അഞ്ച് രൂപയുടെ കോട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷ നല്‍കിയാല്‍ രണ്ടു ദിവസത്തിനുള്ളില്‍ വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ നിന്ന് രണ്ട് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞാലും അക്ഷയ വഴി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകാത്ത സ്ഥിതിയായിരിക്കുന്നു ഇപ്പോള്‍. സര്‍ട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാത്തതിനാല്‍ അക്ഷയ സെന്റര്‍ നടത്തിപ്പുകാരും ജനങ്ങളും തമ്മില്‍ ബഹളമുണ്ടാകുന്നതും പതിവാണ്. അഞ്ച് രൂപക്ക് പകരം എന്‍പതും നൂറും രൂപ ചെലവാകുന്നുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു.
അപേക്ഷയിലെ ഏതെങ്കിലും കോളം പൂരിപ്പിക്കാതിരുന്നാല്‍ ഇത് തിരിച്ചയക്കും. കൂടാതെ വരുമാന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷയോടൊപ്പം ഐഡന്റിറ്റി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഭൂമിയുടെ ആധാരം തുടങ്ങിയവയുടെ കോപ്പി കൂടി അയക്കണമെന്നാണ് വ്യവസ്ഥ. ഇതെല്ലാം സമര്‍പ്പിച്ചും കോളം പൂരിപ്പിച്ച് അയച്ചാലും വീണ്ടും കാലതാമസം നേരിടുന്നുവെന്നാണ് പ്രധാന ആക്ഷേപം. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റിന് നെട്ടോട്ടമോടുന്നവര്‍ക്ക് ഇത് ആശ്വാസത്തിന് പകരം തിരിച്ചടിയാവുകയാണ്. സംസ്ഥാന ഐ ടി മിഷന്‍, നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ്, സംസ്ഥാന അക്ഷയ പ്രൊജക്ട്, റവന്യൂ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

Latest