Connect with us

Kerala

കവിതാ പിള്ളയും സഹായിയും റിമാന്‍ഡില്‍

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തെ വിവിധ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം തരപ്പെടുത്താമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി കവിത ജി പിള്ള, ഡ്രൈവര്‍ മുഹമ്മദ് അല്‍ത്താഫ് എന്നിവരെ എറണാകുളം അഡീഷനല്‍ സി ജെ എം കോടതി റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനു എറണാകുളത്ത് എത്തിച്ച ഇരുവരെയും വൈദ്യപരിശോധനക്കു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ഇരുവരെയും കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഞായറാഴ്ച ഇവരുടെ തട്ടിപ്പിനെക്കുറിച്ച് ഒരു പരാതി കൂടി ലഭിച്ചതായി എറണാകുളം സെന്‍ട്രല്‍ സി ഐ ഫ്രാന്‍സിസ് ഷെല്‍ബി പറഞ്ഞു. ഇതോടെ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇവര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം ഏഴായി.
ശനിയാഴ്ച വയനാട് തിരുനെല്ലിയില്‍ അറസ്റ്റിലായ കവിത ജി പിള്ളയെയും (38) സഹായി എറണാകുളം മരട് നെട്ടൂര്‍ കണവത്ത്പറമ്പില്‍ മുഹമ്മദ് അല്‍ത്താഫിനെയും (25) കൊച്ചിയില്‍ എത്തിച്ച വിവരം അറിഞ്ഞു പരാതിക്കാര്‍ സ്റ്റേഷനിലെത്തി ഇവരെ തിരിച്ചറിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കവിത ഒളിവില്‍ പോകുകയായിരുന്നു.
ഇവര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഈ മാസം 21 ന് കവിത തിരുനെല്ലിയില്‍ മകനും സഹായിക്കുമൊപ്പം മുറിയെടുത്തു. ഇവര്‍ ഇവിടെ തിരുമ്മല്‍ ചികിത്സയും നടത്തിയിരുന്നു. ശനിയാഴ്ച പത്രത്തില്‍ കവിതയുടെ ഫോട്ടോ കണ്ട് സംശയം തോന്നിയ ലോഡ്ജ് ഉടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. കവിതാ പിള്ളയ്‌ക്കെതിരെ കേസുള്ള എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍്യൂനിന്നുള്ള പോലീസ് സംഘം ശനിയാഴ്ച രാത്രി കവിതയെയും അല്‍ത്താഫിനെയും ഏറ്റുവാങ്ങി.
വിവിധ കോഴ്‌സുകളില്‍ പ്രവേശനം ഉറപ്പാക്കാമെന്ന് വാഗ്ദാനം ചെയ്തു കവിത ആറ് കോടി രൂപയുടെ തട്ടിപ്പ്്യൂനടത്തിയെന്നാണ് പോലീസിന്റെ കണക്ക്. കവിതയുടെ കൂട്ടാളി ശിവറാമിനെ്യൂനേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പുഷ്പഗിരി, കിംസ്, അമല, അമൃത തുടങ്ങിയ മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്തായിരുന്നു കവിതയുടെയും സംഘത്തിന്റെയും തട്ടിപ്പ്. ഇതിനായി എറണാകുളത്തു കെ ജി കെ ഗ്രൂപ്പ് എന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനവും നടത്തിയിരുന്നു.