Connect with us

Kerala

പരസ്യങ്ങള്‍ നല്‍കി തട്ടിപ്പ്: വിവാഹ ബ്യൂറോകള്‍ നിരീക്ഷണത്തില്‍

Published

|

Last Updated

കൊല്ലം: പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കി തട്ടിപ്പ് നടത്തി വരുന്ന വിവാഹ ബ്യൂറോകള്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതായി വിവരം. ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് പോലീസ് രഹസ്യാനേഷണ വിഭാഗം വിവരശേഖരണം തുടങ്ങിക്കഴിഞ്ഞു. ചില സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലുമാണ്. രേഖാമൂലവും അല്ലാതെയും ലഭിച്ചിട്ടുളള പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിട്ടുളളത്.
കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം തട്ടിപ്പു സ്ഥാപനങ്ങള്‍ അധികവും പ്രവര്‍ത്തിച്ചു വരുന്നതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതില്‍ മലപ്പുറം ജില്ലയിലെ തിരൂര്‍, കോട്ടക്കല്‍ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി തട്ടിപ്പ് നടത്തിവരുന്ന ഒട്ടനവധി വ്യാജ മാര്യേജ് ബ്യൂറോകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
തട്ടിപ്പിനിരയാകുന്നവര്‍ നാണക്കേടുമൂലം വിവരം പുറത്തു പറയുകയോ പരാതിപ്പെടുകയോ ചെയ്യാറില്ല. ഇത് മനസ്സിലാക്കിയാണ് വര്‍ഷങ്ങളായി ഇക്കൂട്ടര്‍ തട്ടിപ്പ് നടത്തി വരുന്നത്. പ്രമുഖ പത്രങ്ങളുടെ മാട്രിമോണിയല്‍ പേജില്‍ ഇരയെ കെണിയില്‍ വീഴ്ത്തും വിധം ആകര്‍ഷകങ്ങളായ പരസ്യം നല്‍കിയാണ് കബളിപ്പിക്കല്‍ നടത്തിവരുന്നത്. തന്റേതല്ലാത്ത കാരണത്താല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ സുന്ദരിയായ യുവതി, സ്വന്തമായി വീട്, സാമ്പത്തിക സ്ഥിതി, വരന്റെ ജാതി, മതം എന്നിവ പ്രശ്‌നമല്ല, വിദേശത്തു ജോലിയുള്ള സുന്ദരിയായ യുവതി, വരന് വിദേശത്ത് ജോലി നല്‍കും, വരന്റെ സാമ്പത്തിക സ്ഥിതി പ്രശ്‌നമില്ല തുടങ്ങിയ രീതിയിലാണ് മാര്യേജ് ബ്യൂറോകള്‍ പരസ്യം നല്‍കുക. ഒപ്പം മാര്യേജ് ബ്യൂറോയുടെ ഫോണ്‍ നമ്പരും കാണും. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ പുരുഷന്‍മാരാണ് അധികവും ഈ പരസ്യക്കെണിയില്‍ വീഴുന്നത്. വിളിക്കുമ്പോള്‍ വിളിച്ചയാളിനെക്കുറിച്ചുളള വിവരങ്ങള്‍ ഇവര്‍ ചോദിച്ചറിയും. നിങ്ങള്‍ക്കനുയോജ്യയാണ് പെണ്‍കുട്ടിയെന്നും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ 1000 രൂപയാണ് ഫീസെന്നും അതു അയച്ചു നല്‍കാനും ആവശ്യപ്പെടുന്നു. ഇതയച്ചു കഴിയുമ്പോള്‍ പെണ്‍കുട്ടിയുടെ ബയോഡാറ്റയും ജാതകക്കുറിപ്പും അയച്ചുതരാന്‍ അടുത്ത ഫീസ് ആവശ്യപ്പെടും. ഇത് 2,000 രൂപ മുതല്‍ മുകളിലോട്ട് ആയിരിക്കും.
ഇതയച്ചു കഴിയുമ്പോള്‍ ജാതകക്കുറിപ്പ് അങ്ങോട്ട് ആവശ്യപ്പെടുകയും ചെയ്യും. പിന്നീട് മാര്യേജ് ബ്യൂറോയില്‍ നിന്ന് ഇങ്ങോട്ട് വിളിയുയണ്ടാകുകയില്ല. അങ്ങോട്ട് വിളിച്ചാല്‍ “നിങ്ങളുടെ ജാതകം ചേരില്ല” എന്നായിരിക്കും മറുപടി. ചില മാര്യേജ് ബ്യൂറോകള്‍ ഇവിടം കൊണ്ടും അവസാനിപ്പിക്കാറില്ല. വ്യാജമായി പെണ്ണുകാണല്‍ ചടങ്ങുവരെ നടത്തി വരുന്നുണ്ട്. ഇതിനായി നാടകത്തിന്റെ സെറ്റ് പോലെ സ്ഥിരം വാടകവീടും പെണ്‍കുട്ടിയും രക്ഷിതാക്കളുമായി ആളുകളും ഉണ്ടാകും.
പെണ്ണ് കാണല്‍ ചടങ്ങിനുശേഷം പിരിയുന്ന പുരുഷന് ഫോണില്‍ കൂടി പിന്നീട് ലഭിക്കുന്നത്, പെണ്ണിന് നിങ്ങളെ ഇഷ്ടപ്പെട്ടില്ല എന്ന മറുപടിയായിരിക്കും. തുച്ഛമായ തുകക്ക് നല്‍കുന്ന ഒരു പത്ര പരസ്യം വഴി നിരവധിയാളുകള്‍ കബളിപ്പിക്കപ്പെടുമ്പോള്‍ തട്ടിപ്പ് സംഘങ്ങള്‍ നേടുന്നത് ലക്ഷങ്ങളാണ്. മാട്രിമോണിയല്‍ പേജുകളില്‍ വരുന്ന വിവാഹപരസ്യത്തില്‍ അവിവാഹിതരായ ഭാഗ്യാന്വേഷികള്‍ ജാഗ്രത പാലിക്കണം എന്നും പരസ്യം നല്‍കുന്ന സ്വപ്‌നത്തില്‍ നിന്ന് നിങ്ങള്‍ വീഴുന്നത് വലിയൊരു കെണിയിലായിരിക്കുമെന്നും ആണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.

 

Latest