Connect with us

Kerala

ചതുപ്പുനിലം വീണ്ടെടുക്കല്‍: സര്‍ക്കാര്‍ കണക്കുകള്‍ അവ്യക്തം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ചതുപ്പു നിലങ്ങള്‍ വീണ്ടെടുത്ത് കൃഷിയോഗ്യമാക്കുന്നത് സംബന്ധിച്ച് കൃഷി വകുപ്പിന്റെ കൈവശമുള്ള കണക്കുകള്‍ അവ്യക്തം. അനധികൃതമായി നികത്തിയിരിക്കുന്ന കൃഷി ഭൂമികളും ചതുപ്പ് നിലങ്ങളും പിടിച്ചെടുത്ത് കൃഷിയോഗ്യമാക്കുന്നതില്‍ സര്‍ക്കാറിന്റെ അനാസ്ഥ തുടരുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് വകുപ്പിന്റെ കണക്കുകളിലും വ്യക്തതയില്ലാത്തത്. സംസ്ഥാനത്ത് 711.5521 ഹെക്ടര്‍ കൃഷിഭൂമിയും ചതുപ്പു നിലങ്ങളും ഉള്‍പ്പെടുന്ന ഭൂമി മാത്രമാണ് ഭൂമാഫിയകള്‍ കൈയേറി നികത്തിയിരിക്കുന്നതെന്നാണ് കൃഷി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 1076 കൃഷി ഭവനുകള്‍ വഴി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇതില്‍ 807 കേസുകളില്‍ റവന്യു വകുപ്പ് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 96.6009 ഹെക്ടര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. 2008 ലെ കേരള തരിശുഭൂമി, നെല്‍വയല്‍ നിയമം അനുസരിച്ചാണ് ഭൂമിയുടെ അളവ് സംബന്ധിച്ച ഡേറ്റാ ബേങ്ക് തയ്യാറാക്കിയിട്ടുള്ളത്. ഡേറ്റാ ബേങ്കില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍ 0.8 ഹെക്ടര്‍ കൃഷി ഭൂമി മാത്രമാണ് നികത്തിയിട്ടുള്ളത്. ഈ ഭൂമി തിരിച്ചുപിടിക്കാനാവശ്യമായ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
കൊല്ലം ജില്ലയില്‍ 1.95 ഹെക്ടര്‍ കൃഷി ഭൂമിയാണ് ഇത്തരത്തില്‍ നികത്തിയിരിക്കുന്നത്. ഇവിടെ 35 കേസുകളില്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ 130.09 ഹെക്ടര്‍ ഭൂമിയാണ് ഡേറ്റാ ബേങ്കിന്റെ കണക്കനുസരിച്ച് നികത്തിയതായി സൂചിപ്പിക്കുന്നത്. അതേസമയം ഇവിടെ ഒരു സര്‍ക്കാര്‍ ഏജന്‍സിയും നിയമപരമായ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കൃഷിഭൂമികളോ ചതുപ്പു നിലങ്ങളോ കുളങ്ങളോ ഒന്നും തന്നെ നികത്തിയതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ആലപ്പുഴയില്‍ 170 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ചൂണ്ടിക്കാട്ടിയിരിക്കുന്നു. കോട്ടയം ജില്ലയില്‍ വ്യാപകമായി നടക്കുന്ന കൃഷിഭൂമി നികത്തല്‍ ഉണ്ടായിട്ടും ഇത് ഡേറ്റാ ബേങ്കിന്റെ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇടുക്കി ജില്ലയില്‍ 10.5 ഹെക്ടര്‍ ഭൂമിയാണ് അനധികൃതമായി നികത്തിയിട്ടുള്ളത്.
ഡേറ്റാ ബേങ്കിന്റെ കണക്കനുസരിച്ച് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൃഷി ഭൂമി നികത്തല്‍ നടന്നിരിക്കുന്നത്. 180.58 ഹെക്ടര്‍ തരിശുഭൂമിയും നെല്‍വയലുകളുമാണ് ഇവിടെ നികത്തിയിട്ടുള്ളത്. 144 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 3.117 ഹെക്ടര്‍ ഭൂമി തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തൃശൂര്‍ ജില്ലയില്‍ 116.815 ഹെക്ടര്‍ തരിശുഭൂമിയാണ് നികത്തിയത്. 40.81 ഹെക്ടര്‍ ഭൂമി തിരിച്ചു പിടിക്കുകയും ചെയ്തു.
പാലക്കാട് ജില്ലയില്‍ 92.048 ഹെക്ടറും മലപ്പുറത്ത് 133.50 ഹെക്ടറും തരിശുഭൂമിയാണ് നികത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍നിന്ന് ഭൂമി തിരിച്ചു പിടിച്ച് കൃഷിയോഗ്യമാക്കിയതായി റിപ്പോര്‍ട്ടിലില്ല. കോഴിക്കോട് ജില്ലയെ സംബന്ധിച്ച് വിവരങ്ങളൊന്നും തന്നെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. കണ്ണൂരില്‍ 40.46 ഹെക്ടര്‍ ഭൂമിയാണ് നികത്തിയിരിക്കുന്നത്. വയനാട്, കാസര്‍കോട് ജില്ലകളില്‍ യഥാക്രമം 1.16ഉം 3.56ഉം ഹെക്ടര്‍ ഭൂമി വീതമാണ് ഈ വിഭാഗത്തിലുള്ളത്. എല്ലാ ജില്ലകളില്‍നിന്നുമായി 96.06 ഹെക്ടര്‍ ഭൂമി തിരിച്ചു പിടിച്ചിട്ടുണ്ട്.

Latest