Connect with us

National

ഉള്ളി വില വര്‍ധന: സി സി ഐ സംസ്ഥാന പര്യടനം നടത്തുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഉള്ളി വില റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിനിടെ, കോംപറ്റീഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്നു. സംസ്ഥാനങ്ങളിലെ മാര്‍ക്കറ്റുകള്‍ എങ്ങനെയാണ് വില വര്‍ധനയോട് പ്രതികരിക്കുന്നതെന്നും പൂഴ്ത്തിവെപ്പ് ഉണ്ടോയെന്നും മനസ്സിലാക്കാനാണ് ഇത്.
പൂഴ്ത്തിവെപ്പിനെ സംബന്ധിച്ച് കൂടുതല്‍ തെളിവ് ശേഖരിക്കാനും മറ്റ് നിയമവിരുദ്ധ വ്യാപാരം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി സി ഐ) സംസ്ഥാന പര്യടനം നടത്തുന്നത്. വന്‍തോതില്‍ ഉള്ളി ഉത്പാദിപ്പിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിലെ വ്യാപാരം നന്നായി വിലയിരുത്തും. ഉള്ളി വില വന്‍തോതില്‍ കുതിക്കുകയാണ്. പാറ്റ്‌നയിലും ഭോപ്പാലിലും കിലോഗ്രാമിന് നൂറ് രൂപ വരെയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉള്ളി വില രാഷ്ട്രീയ വിഷയം കൂടിയായിരിക്കുകയാണ്. ഉള്ളി വ്യാപാരത്തെ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ സി സി ഐക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതില്‍ പൂഴ്ത്തിവെപ്പും മറ്റ് അനധികൃത വ്യാപാരവും നടക്കുന്നതായി പരാമര്‍ശമുണ്ടായിരുന്നു.
വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സവാള വാങ്ങി വിതരണം ചെയ്യാനുള്ള ഡല്‍ഹി സര്‍ക്കാറിന്റെ നിര്‍ദേശത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിലസം അനുമതി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണ് ഉള്ളി വിതരണം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയത്. ഡിസംബര്‍ നാലിനാണ് 70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് വോട്ടെടുപ്പ്. അതിനിടയില്‍ ഉള്ളിയുടെ വില കിലോഗ്രാമിന് 80- 90 രൂപയായി കുതിച്ചുയര്‍ന്നത് ഭരണകക്ഷിയായ കോണ്‍്ഗ്രസിന് അതിയായ ആശങ്കയുണ്ടാക്കിയിരുന്നു. ഡല്‍ഹിയില്‍ വിതരണം ചെയ്യാന്‍ നാസിക്കില്‍ നിന്ന് സവാള വാങ്ങാനാണ് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കമ്മീഷന്റെ അനുമതി തേടിയത്. വാങ്ങുന്ന ഉള്ളിക്ക് സബ്‌സിഡി നല്‍കില്ലെന്ന് മുഖ്യമന്ത്രി കമ്മീഷന് ഉറപ്പ് നല്‍കിയിരുന്നു.