Connect with us

National

ബി ജെ പി റാലിക്ക് മുമ്പ് പാറ്റ്‌നയില്‍ സ്‌ഫോടന പരമ്പര

Published

|

Last Updated

പാറ്റ്‌ന: ബീഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലിക്ക് തൊട്ടുമുമ്പ് സ്‌ഫോടന പരമ്പര. സ്‌ഫോടനങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 66 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ മോഡി റാലിയെ അഭിസംബോധന ചെയ്യാന്‍ എത്തുന്നതിന് തൊട്ടു മുമ്പാണ് സ്‌ഫോടനങ്ങള്‍. റാലി നടക്കുന്ന ഗാന്ധി മൈതാനത്തിന്റെ സമീപമാണ് ശക്തി കുറഞ്ഞ സ്‌ഫോടനങ്ങള്‍ നടന്നത്. ഒരാളെ അറസ്റ്റ് ചെയ്യുകയും നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ബി ജെ പിയുടെ ഹൂങ്കാര്‍ റാലി നടക്കുന്ന ഗാന്ധി മൈതാനത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലായി എട്ട് സ്‌ഫോടനങ്ങളാണുണ്ടായത്. മൈതാനത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പാറ്റ്‌ന റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന് പുറത്തുള്ള ടോയ്‌ലെറ്റിലാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. മൈതാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സിനിമാ തിയേറ്ററിലാണ് രണ്ടാമത്തെ സ്‌ഫോടനം. റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണത്തിലിരിക്കുന്ന ടോയ്‌ലെറ്റില്‍ നിന്ന് രണ്ട് ബോംബുകള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കിയതായി റെയില്‍വേ പോലീസ് സൂപ്രണ്ട് അറിയിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു.
സ്‌ഫോടനങ്ങള്‍ നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം മൈതാനത്ത് നിന്ന് കണ്ടെടുത്ത ബോംബ് നിര്‍വീര്യമാക്കിയതായി പോലീസ് അറിയിച്ചു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് ഡി ജി പി പറഞ്ഞു.
സ്‌ഫോടനങ്ങള്‍ നടന്നതോടെ റാലിക്കെത്തിയ ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി. മോഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയും മൈതാനത്തിന് സമീപത്ത് നിന്ന് പുകയുയരുന്നുണ്ടായിരുന്നു. സ്‌ഫോടനത്തെ അപലപിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ഥിച്ചു. അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടിയെടുക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
സ്‌ഫോടനത്തെ കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ), ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍ എസ് ജി) സംഘങ്ങള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
തീവ്രവാദി ആക്രമണമാണോ രാഷ്ട്രീയ ഗൂഢാലോചനയാണോയെന്ന് വ്യക്തമാക്കാന്‍ ഇപ്പോഴാകില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍ പി എന്‍ സിംഗ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുവിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചു.

Latest