Connect with us

Articles

പുരാവസ്തു വകുപ്പിന്റെ കിനാവുകള്‍

Published

|

Last Updated

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടം വരെ സ്വര്‍ണ വേട്ടക്ക് വേണ്ടി സാഹസിക യാത്ര നടത്തിയ ചരിത്രം ഒരുപാടുണ്ട ്. ആ സാഹസിക യാത്രയില്‍ ജീവന്‍ നഷ്ടപ്പെട്ടവരും സ്വര്‍ണ ശേഖരം കിട്ടിയവരും ഉണ്ട്. ചില ശാസ്ത്രീയ കണ്ടെത്തലുകളുടെയും ചരിത്ര പശ്ചാത്തലങ്ങളുടെയും നാടോടിക്കഥകളുടെയും അടിസ്ഥാനത്തിലും ഭൂമിശാസ്ത്ര പ്രത്യേകതകളും മറ്റും മുന്‍നിര്‍ത്തിയുമുള്ള പര്യവേക്ഷണമാണ് ആ നൂറ്റാണ്ടുകളില്‍ ഉണ്ടായത്. എന്നാല്‍, ഉറക്കത്തില്‍ കണ്ടതിന്റെ പേരില്‍ സ്വര്‍ണ ഉദ്ഖനനം നടത്തുന്നത് ചരിത്രത്തില്‍ അപൂര്‍വമായിരിക്കും. അതും പുരാവസ്തു വകുപ്പിന്റെ കാര്‍മികത്വത്തില്‍; സര്‍ക്കാര്‍ പണം ഉപയോഗിച്ച്, പോലീസ് സംരക്ഷണയില്‍. ചരിത്രത്തിലെ ഈ അപൂര്‍വ നേട്ടത്തിനും അവകാശികള്‍ ഇന്ത്യയാണ് എന്നതാണ് അത്ഭുതം. കിനാവിന്റെ “ബലത്തില്‍” ഒന്നും നോക്കാതെയുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ)യുടെ ഈ നീക്കം ചില സംശയങ്ങളെ ബലപ്പെടുത്തുന്നതാണ്. രാഷ്ട്രത്തിന്റെ പുരോഗമന മുഖമാണ് ഇവിടെ കുഴിച്ചെടുക്കുന്നത്. ഒടുവില്‍ അതിന്റെ അസ്ഥിപഞ്ജരം അവശേഷിക്കുകയും ചെയ്യും.
ഉത്തര്‍ പ്രദേശിലെ ഉന്നാവോ ജില്ലയിലെ രാജാ റാവു റാം ബക്‌സ് സിംഗിന്റെ കോട്ടക്കുള്ളിലാണ് കഴിഞ്ഞ പതിനെട്ടാം തീയതി മുതല്‍ ആയിരം ടണ്‍ സ്വര്‍ണം തേടിയുള്ള ഖനനം ആരംഭിച്ചത്. കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആയിരം ടണ്‍ വരുന്ന സ്വര്‍ണ നിക്ഷേപമുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര പൂജാരിയായ ശോഭാന്‍ സര്‍ക്കാര്‍ കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് കത്ത് നല്‍കിയിരുന്നു. രാവിലെ നടന്ന ഭൂമി പൂജയോടെയാണ് ഖനന നടപടികള്‍ ആരംഭിച്ചത്. നൂറ് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള രണ്ട് ബ്ലോക്കുകളായി നടത്തുന്ന ഖനനത്തിന് ജില്ലാ മജിസ്‌ട്രേറ്റ് വിജയ് കിരണ്‍ ആനന്ദാണ് തുടക്കമിട്ടത്. ഉന്നാവോയിലെ അവസാനത്തെ നാട്ടുരാജാവായിരുന്ന രാജാ റാവു റാം ബക്‌സ് സിംഗ് 1857ല്‍ ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ശോഭന്‍ സര്‍ക്കാര്‍ എന്ന സന്യാസിയുടെ കിനാവില്‍ നിന്നാണ് ഖനനത്തിലേക്കെത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് ഫത്തേപൂര്‍ ജില്ലയിലെ ആദംപൂര്‍ ഗ്രാമത്തില്‍ 2500 ടണ്‍ സ്വര്‍ണ ശേഖരമുണ്ടെന്നും ഈ സന്യാസിക്ക് വെളിപാടുണ്ടായിരുന്നു. ഖനനത്തില്‍ സ്വര്‍ണം പോയിട്ട് ഇരുമ്പുലക്ക പോലും കിട്ടിയിട്ടില്ല എ എസ് ഐക്ക്. പുരാവസ്തു പണ്ഡിറ്റുകളുടെ ഈ ആധുനികോത്തര വേലക്കെതിരെ “ആര്‍ എസ് എസിന്റെ” പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡിയടക്കമുള്ള (കാലിനടിയിലെ മണ്ണൊലിപ്പ് തടയാനായി സന്യാസിയെ പൊക്കിപ്പറഞ്ഞ് “ഭസ്മമാകുന്നതില്‍” നിന്ന് മോഡി തടിയൂരി) വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് ആദ്യം, സന്യാസിയുടെ സ്വപ്‌ന ദര്‍ശനത്തിലല്ല മറിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഖനനമെന്ന് പറഞ്ഞൊപ്പിച്ചു.
പാത്രക്കഷണങ്ങള്‍, ഗ്ലാസ്, കുട്ടികളുടെ കളിക്കോപ്പ്, ചുമരിന്റെ ഭാഗങ്ങള്‍ എന്നിവയാണ് ഖനനത്തിലൂടെ ലഭിച്ചത്. ആഗോള ബുദ്ധിജീവികളും പണ്ഡിതന്‍മാരും ഈ നീക്കത്തെ എതിര്‍ത്തതിനാല്‍ പ്രഥമ ഡയറക്ടര്‍ അലക്‌സാണ്ടര്‍ കന്നിംഗ്ഹാമിനെ കൂട്ട് പിടിക്കേണ്ടിവന്നു. ഏഴാം നൂറ്റാണ്ടില്‍ ചൈനീസ് സഞ്ചാരി ഹ്യുയാന്‍ സാംഗ് സന്ദര്‍ശിച്ച പുരാതന ഹയാമുഖാണ് ദൗണ്ടിയ ഖേര ഗ്രാമമെന്ന് ആദ്യം തിരിച്ചറിഞ്ഞത് അലക്‌സാണ്ടര്‍ കന്നിംഗ്ഹാമായിരുന്നു. എന്നാല്‍, ഇത്തരം നൂറിലേറെ സ്ഥലങ്ങള്‍ കന്നിംഗ്ഹാം കണ്ടെത്തിയിരിക്കെ, ഇവിടെ മാത്രം കുഴിക്കുന്നതിന്റെ സാംഗത്യമെന്തെന്ന മറുചോദ്യത്തിന് ഉത്തരമില്ല. ഒരാഴ്ചയിലേറെ കുഴിച്ചിട്ടും ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ശിപായി ലഹളയില്‍ ഉപയോഗിച്ച “അത്യപൂര്‍വ” ആയുധങ്ങള്‍ കണ്ടെത്താനാണ് ഖനനമെന്ന് തിരുത്തിയിരിക്കുകയാണ് പണ്ഡിറ്റുകള്‍. എന്നാല്‍, ശിപായി ലഹളയുടെ ജീവിച്ചിരിക്കുന്ന സ്മാരകമാണ് ലക്‌നോയിലെ റസിഡന്‍സി ബംഗ്ലാവ്. നൂറുകണക്കിന് വെടിയുണ്ടകളേറ്റ ബംഗ്ലാവ് ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ മുഴുവന്‍ വീരഗാഥകളും പറഞ്ഞുതരുന്നുണ്ട്.
എ എസ് ഐയുടെ ഇത്തരം നീക്കങ്ങള്‍ ചില ബോധ്യങ്ങളുടെ ആവര്‍ത്തനമാണ്. സന്യാസിമാരുടെയും പൂജാരിമാരുടെയും തോന്നലുകളെയും കിനാവുകളെയും മറ്റും യാഥാര്‍ഥ്യവത്കരിച്ച് ബഹുസ്വര സമൂഹത്തെ കൂടുതല്‍ ഏകശിലാത്മകതയിലേക്ക് കൊണ്ടുവരികയെന്ന ഹിഡന്‍ അജന്‍ഡകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായേ ഇതിനെ കാണാനാകൂ. തികഞ്ഞ മതേതരത്വത്തിന്റെ കാവലാളുകളെന്ന് സ്വയം ചാപ്പ കുത്തിയ കോണ്‍ഗ്രസിന്റെ നേതാവും കേന്ദ്രമന്ത്രിയുമായ ചരണ്‍ദാസ് മഹന്തിന്റെ വാക്കുകളില്‍ ഖനനത്തിന്റെ സവര്‍ണ പശ്ചാത്തലമുണ്ട്. “രാമനും കൃഷ്ണനും ജനിച്ച മണ്ണാണ് ഇന്ത്യ. അതിനാല്‍ ഭൂമിക്കടിയില്‍ സ്വര്‍ണം കുഴിച്ചിട്ടിട്ടുണ്ടെന്ന് പറയുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.” ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഭൂമി പരിശോധിച്ചതിലും ഇത്തരം അന്ധമായ അനുസരണ കാണാനാകും. കോട്ട സ്ഥിതി ചെയ്യുന്ന പ്രദേശം 60 ഏക്കറിലേറെ വരുന്നതാണ്. എവിടെ തുടങ്ങണമെന്ന് ശങ്കിച്ചു നിന്ന ഉദ്യോഗസ്ഥര്‍ക്ക് സന്യാസി ശോഭന്‍ സര്‍ക്കാര്‍ സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുക്കുകയായിരുന്നു ശാസ്ത്രീയമായി പരിശോധിക്കേണ്ട സ്ഥലം. സകലമാന ശാസ്ത്രീയ പഠനവും നടത്തി “പ്രാഗത്ഭ്യം” തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് എവിടെ തുടങ്ങണമെന്നത് പറഞ്ഞുകൊടുക്കാന്‍ ഒരു സന്യാസി വേണ്ടിവന്നു എന്നിടത്താണ് അനുസരണാബോധത്തിന്റെ വ്യാപ്തി പരിശോധിക്കേണ്ടത്. സവര്‍ണബോധത്തിന്റെ പ്രയോക്താക്കളെ ഏതുവിധേനയും സംരക്ഷിക്കുന്നതും അതിന് വേണ്ടി വിടുവേല ചെയ്യുന്നതും എ എസ് ഐയുടെ പ്രധാന കര്‍ത്തവ്യമായിരിക്കുന്നു എന്നുവേണം കരുതാന്‍. മസാച്ചുസറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപകനായിരുന്ന യശശ്ശരീരന്‍ ഉമര്‍ ഖാലിദിയുടെ വാക്കുകള്‍ കടമെടുത്താല്‍ “ഹിന്ദുത്വ ശക്തികളുടെ വേലക്കാരിയാണ് ഈ സര്‍ക്കാര്‍ സ്ഥാപനം” എന്ന വിശേഷണത്തേക്കാള്‍ യോജിച്ച മറ്റൊന്നില്ല എ എസ് ഐക്ക് ചാര്‍ത്തിക്കൊടുക്കാന്‍.
ചരിത്ര നിര്‍മിതികളെയും സ്മാരകങ്ങളെയും കാവിവത്കരിക്കാന്‍ എ എസ് ഐയോളം മെയ്‌വഴക്കം പ്രകടിപ്പിച്ച സ്ഥാപനം വിരളമായിരിക്കും. ആര്‍ എസ് എസിനും മറ്റ് പരിവാര്‍ സംഘടനകള്‍ക്കും മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത് രാഷ്ട്രത്തിന്റെ മതേതരത്വമെന്ന മാറ് പിളര്‍ന്ന് ചോര നക്കിക്കുടിക്കാന്‍ അവരെ പ്രാപ്തരാക്കിയതിന് പിന്നില്‍ എ എസ് ഐയുടെ സഹായം എമ്പാടുമുണ്ട്. പരിവാര്‍ സംഘടനാ നേതാക്കള്‍ക്ക് ആളെക്കൂട്ടേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ. സംഘടനയുടെ താത്വിക മണ്ഡലം പരിപോഷിപ്പിക്കേണ്ട ചുമതല സര്‍ക്കാര്‍ പുരാവസ്തു ഗവേഷകര്‍ ഭംഗിയായി നിര്‍വഹിച്ചിരുന്നു. മിത്തുകളിലും ഇതിഹാസങ്ങളിലും പരാമര്‍ശിക്കപ്പെട്ട ബിംബങ്ങളെയും നായകന്‍മാരെയും യാഥാര്‍ഥ്യവത്കരിച്ച് കൂടുതല്‍ ഛിദ്രമുണ്ടാക്കാന്‍ കൂട്ടുനിന്നതിലൂടെ ചരിത്രത്തെ വ്യഭിചരിച്ചവരുടെ “പിമ്പാ”യാണ് എ എസ് ഐ പ്രവര്‍ത്തിച്ചത്. അത്തരം ചില വൃത്തികെട്ട കളികളാണ് എ എസ് ഐ ഇന്നോളം രാഷ്ട്രത്തിന്റെ ചരിത്ര മണ്ഡലത്തിന് ചെയ്ത മഹത്തായ സേവനം. ബാബരി പള്ളി പൊളിയന്‍മാര്‍ക്ക് ചരിത്ര പിന്‍ബലം ഉണ്ടാക്കിക്കൊടുത്തത് എ എസ് ഐയുടെ വിചിത്ര കണ്ടുപിടിത്തങ്ങളായിരുന്നു. ബാബരി മസ്ജിന്റെ ചരിത്ര വിധിന്യായത്തില്‍ ജഡ്ജി അവലംബിച്ചതും ഇതായിരുന്നു. 2003ല്‍ പുറത്തുവിട്ട തികച്ചും സംശയാസ്പദമായ റിപ്പോര്‍ട്ടാണ് ഇത്. ഉദ്ഖനനത്തിലൂടെ ലഭിച്ച തൂണുകളുടെ പാദകം ക്ഷേത്രത്തിന്റെതാണെന്നായിരുന്നു എ എസ് ഐയുടെ വാദം. എന്നാല്‍ അവിടെ തൂണുകളുടെ പാദകമേ ഉണ്ടായിരുന്നില്ലെന്ന് പ്രമുഖ പണ്ഡിതന്‍ ഉമര്‍ ഖാലിദി പറയുന്നു. വിവിധ തലങ്ങളില്‍ നിന്ന് ലഭിച്ച ചുണ്ണാമ്പ് മിശ്രിതം കൂഴഞ്ഞുമറിഞ്ഞ് കാലമോ രൂപമോ നിജപ്പെടുത്താനാകാത്ത വിധത്തിലുമായിരുന്നു. മാത്രമല്ല, ഉദ്ഖനന സമയത്ത് കിട്ടിയ മൃഗങ്ങളുടെ എല്ലും ചില മണ്‍രൂപങ്ങളും അവിടെ 12 ാം നൂറ്റാണ്ടിനും 16 ാം നൂറ്റാണ്ടിനുമിടയില്‍ രാമക്ഷേത്രമുണ്ടായിരുന്നു എന്ന വാദത്തെ തള്ളിക്കളയുന്നതുമായിരുന്നു. ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ്; ക്ഷേത്രം പൊളിച്ചാണ് ബാബര്‍ പള്ളിയുണ്ടാക്കിയതെന്ന് എ എസ് ഐ സമര്‍ഥിച്ചത്. പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലിനെ റൊമിളാ ഥാപ്പറിനെ പോലെയുള്ളവര്‍ ചരിത്ര മണ്ടത്തരമെന്ന് അന്നേ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് കോടതിക്കും “ബോധ്യമായി” എന്നാണ് 2010 ഒക്‌ടോബറിലെ ബാബരി വിധി കാണിക്കുന്നത്. ബാബരി വിധി പ്രസ്താവിച്ച ജസ്റ്റിസ് ധരം വീര്‍ ശര്‍മ വിധിന്യായത്തില്‍ ഇക്കാര്യം സുതരാം പറയുന്നുണ്ട്. “തര്‍ക്ക മന്ദിരം പണിതത് അവിടെയുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചാണ്. പൊളിക്കപ്പെട്ട കെട്ടിടം ഹിന്ദുമത വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തെളിയിച്ചിട്ടുണ്ട്”.
ഇതാണ് യഥാര്‍ഥത്തില്‍ എ എസ് ഐയും പരിവാര്‍ പണ്ഡിതരും നിനച്ചതും. ഇതിഹാസങ്ങളിലും മിത്തുകളിലുമുള്ളവ യാഥാര്‍ഥ്യവത്കരിക്കുകയും മധ്യകാല, ആധുനിക കാലഘട്ടത്തിലുമുള്ള ചരിത്ര ശേഷിപ്പുകളെയും സ്മാരകങ്ങളെയും കവര്‍ച്ചാമുതലായി സ്ഥാപിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം എ എസ് ഐ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അതിന്റെ ഫലം കൊയ്യുന്നതാകട്ടെ പരിവാര്‍ സംഘടനകളും. മധ്യകാലത്തെ ചരിത്ര സ്മാരകങ്ങള്‍ക്ക് കീഴെ ക്ഷേത്രങ്ങള്‍ തിരയുന്ന ശ്രമമാണ് എ എസ് ഐ പ്രധാനമായും ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ഹൈദരാബാദില്‍ ചാര്‍മിനാറിന്റെ സമീപം ക്ഷേത്ര ശേഷിപ്പുകളുണ്ടെന്ന എ എസ് ഐ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 1970ല്‍ ഭാഗ്യലക്ഷ്മി ക്ഷേത്രം അവിടെ പൊങ്ങിയത്. ചാര്‍മിനാറിന്റെ അത്രതന്നെ പഴക്കം ഈ ക്ഷേത്രത്തിനുമുണ്ടെന്നാണ് പരിവാര സംഘടനകളുടെ ഇപ്പോഴത്തെ വാദം. വിശ്വപ്രസിദ്ധമായ ഹൈദരാബാദ് പഴയ നഗരത്തിലെ 420 വര്‍ഷം പഴക്കമുള്ള ചാര്‍മിനാറിന്റെ പരിസരത്ത് മുമ്പ് ക്ഷേത്രം നിലനിന്നിരുന്നുവെന്ന വാദം ഫോട്ടോഗ്രാഫുകളിലൂടെ ദി ഹിന്ദു പത്രം കഴിഞ്ഞ നവംബറില്‍ പുറത്തുകൊണ്ടുവന്നിരുന്നു. 60 വര്‍ഷം മുമ്പ് പകര്‍ത്തിയ ചാര്‍മിനാറിന്റെ പഴയ ചിത്രമാണ് ദി ഹിന്ദു പ്രസിദ്ധീകരിച്ചത്. ചാര്‍മിനാറിന്റെ പഴയ ചിത്രത്തില്‍ ഭാഗ്യലക്ഷ്മി ക്ഷേത്രം നിലനിന്നിരുന്നതിന്റെ ഒരു അടയാളവും വ്യക്തമല്ല. അതേ സമയം, ചാര്‍മിനാറിന്റെ നാല് തൂണുകളിലൊന്നിന്റെ താഴെ താത്കാലികമായി ഇപ്പോള്‍ ക്ഷേത്രം കെട്ടിയുണ്ടാക്കിയിട്ടുണ്ട്. ഇനിയുമുണ്ട് ചരിത്ര സ്മാരകങ്ങളെ ഹൈന്ദവവത്കരിക്കാനുള്ള എ എസ് ഐയുടെ വെറുപ്പിന്റെ കഥ പറയുന്ന ശ്രമങ്ങള്‍. 2007ല്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ചിത്തൂര്‍ഗഢ് കോട്ടക്ക് ചുറ്റും ഉദ്ഖനനം നടത്തി വിചിത്രമായ വസ്തുത കണ്ടെത്തി. കോട്ടക്കടിയില്‍ ഒരു ഭൂഗര്‍ഭ പാത ഉണ്ടത്രെ. അലാവുദ്ദീന്‍ ഖില്‍ജി തടവിലാക്കിയ ഹിന്ദു സ്ത്രീകള്‍ ചാടി മരിച്ച ജൗഹര്‍ കുണ്ടിലേക്കുള്ള വഴിയാണത്രെ ഇത്. പത്മിനി ജൗഹാര്‍ എന്നാണ് അതിന് പേര് വിളിച്ചത്. 2003ല്‍ മധ്യപ്രദേശിലെ ധാറില്‍ കമല്‍ മൗലാ പള്ളി ഒരു ക്ഷേത്രമാണെന്ന് മുദ്രകുത്തി. 15ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതായിരുന്നു പള്ളി. അവിടെ ഇപ്പോള്‍ ഹൈന്ദവ ആരാധനകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ബീഹാറിലെ സസാരത്തെ ഷേര്‍ഷാ സൂരിയുടെ മഖ്ബറക്ക് ചുറ്റും മൂന്ന് പുതിയ ക്ഷേത്രങ്ങള്‍ പണിയാനാവശ്യമായ അടിത്തറ ഒരുക്കിക്കൊടുത്തത് എ എസ് ഐയാണ്.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയിലെ ജുമാ മസ്ജിദടക്കമുള്ള ചരിത്ര സ്മാരകങ്ങളും മുസ്‌ലിം ആരാധനാലയങ്ങളും മറ്റും കാവിവത്കരിക്കാനുള്ള ബൗദ്ധിക അടിത്തറ എ എസ് ഐ ഒരുക്കിയെടുക്കും. ചിലരുടെ ഉറക്കത്തില്‍ കാണല്‍ പോലും വസ്തുതാവത്കരിക്കുന്ന ശ്രമം നടക്കുമ്പോള്‍ അതും പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ഇന്ത്യ അറിയപ്പെടേണ്ടത് മുസ്‌ലിം ചിഹ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ചരിത്ര ശേഷിപ്പുകള്‍ കൊണ്ടല്ലെന്നും മറിച്ച് ഹൈന്ദവ കോണിലൂടെയാണെന്നുമുള്ള വാദത്തിലധിഷ്ഠിതമായ പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സാധൂകരിക്കാനുള്ള എല്ലാം ഒരുക്കിക്കൊടുക്കും ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങള്‍. ബഹുസ്വരതയിലൂടെയുള്ള അടയാളങ്ങളുടെ ചരിത്ര പ്രക്ഷേപണമാണ് രാഷ്ട്രത്തിന്റെ പ്രഭ വര്‍ധിപ്പിക്കുകയെന്ന ലളിത യുക്തിയൊന്നും ഇവിടെ വിലപ്പോകില്ല. ഓരോ നിര്‍മിതിയും അതിന്റെ സ്വത്വത്തില്‍ നിലനിര്‍ത്തുകയും പരിപാലിക്കുകയുമാണ് വേണ്ടത്. എന്നാല്‍, എ എസ് ഐ നിയന്ത്രണത്തിലാക്കിയതിനു ശേഷം ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള നിരവധി പള്ളികളും ദര്‍ഗകളുമാണ് നാമാവശേഷമായത്. ആരാധനകള്‍ നിര്‍വഹിക്കാനും മരിച്ചവരെ ഖബറടക്കാനും കഴിയാതെ ബുദ്ധിമുട്ടുന്ന ഡല്‍ഹി മുസ്‌ലിംകളുടെ വേപഥു ആര് കാണാന്‍! എ എസ് ഐയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും സ്വപ്‌ന സാക്ഷാത്കാരത്തിലൂടെ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചു കളയാമെന്ന് നിനച്ചിരിക്കുമ്പോള്‍ പ്രത്യേകിച്ചും.

kabeerthiruvambady@gmail.com

---- facebook comment plugin here -----

Latest