Connect with us

Malappuram

വികസനത്തിനും കരുതലിനും വ്യവസായ, സാമൂഹിക നീതി വകുപ്പുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും: പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം: വികസനത്തിനും കരുതലിനും വ്യവസായ, സാമൂഹിക നീതി വകുപ്പുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ഐ ടി- വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സാമുഹിക നീതി ദിനാചരണത്തോടനുബന്ധിച്ച് പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് കേരള സോഷ്യല്‍ സെക്യുരിറ്റി മിഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം പഞ്ചായത്ത് സാമൂഹിക നീതിവകുപ്പ് മന്ത്രി എം കെ മുനീറിന് കൈമാറി സംസാരിക്കുകയായിരുന്നു അദേഹം. ലാഭത്തിലുള്ള മുഴുവന്‍ പൊതു മേഖലാ സ്ഥാപനങ്ങളും ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കുഞ്ഞാലിക്കുട്ടി അറിയിച്ചു.
മൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷനുളള 50 ലക്ഷവും മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള കാരുണ്യ ഡെപ്പോസിറ്റ് സ്‌കീമിനുള്ള 20 ലക്ഷവുമാണ് മലബാര്‍ സിമന്റ്‌സ് സോഷ്യല്‍ സെക്യുരിറ്റി മിഷന് കൈമാറിയത്. സാമൂഹിക നീതിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം നല്‍കിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറാ മമ്പാടിനെ മന്ത്രി എം കെ മുനീര്‍ പ്രശംസിച്ചു.
സാമുഹിക നീതി വകുപ്പിന്റെ പുതിയ പദ്ധതിയായ “വീ കെയര്‍” പദ്ധതി ഡിസംബറില്‍ പ്രഖ്യാപിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ സിമന്റ്‌സ് എം ഡി. പി പത്മ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറാ മമ്പാട്, കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ തുടങ്ങിയവര്‍ സംസാരിച്ചു. മലബാര്‍ സിമന്റ്‌സ് ഡയരക്റ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ സാമുഹീക നീതി വകുപ്പ് ഡയരക്ടര്‍ ജിതേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.