Connect with us

Malappuram

അറിവിനെ സമരായുധമാക്കുക; എസ് എസ് എഫ് നേരറിവിന്റെ വിപ്ലവ സഞ്ചാരം നാളെ തുടങ്ങും

Published

|

Last Updated

മലപ്പുറം: എസ് എസ് എഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കുന്ന നേരറിവിന്റെ വിപ്ലവ സഞ്ചാരം നാളെ രാവിലെ എട്ട് മണിക്ക് തുടങ്ങും. മലയാളം സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉദ്ഘാടന സമ്മേളനങ്ങള്‍ നടക്കും. അറിവിനെ സമരായുധമാക്കുക എന്ന പ്രമേയത്തില്‍ നവംബര്‍ 2ന് പെരിന്തല്‍മണ്ണയിലാണ് സമ്മേളനം നടക്കുന്നത്.
നന്മയും സംസ്‌കൃതിയും മാനവികതയും അന്യമാകുന്ന സാമുഹിക പരിസരങ്ങളില്‍ വിമോചനത്തിന്റെ വിളക്ക് തെളിച്ച് ക്യാമ്പസ് അന്തരീക്ഷത്തെ പഠന പോരാട്ടങ്ങളുടെ കര്‍മ്മഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് എസ് എസ് എഫ് നടത്തിവരുന്നത്. വിപ്ലവ സഞ്ചാരം നവംബര്‍ ഒന്നിന് അലിഗഢ് ഓഫ് ക്യാമ്പസിലാണ് സമാപിക്കുക. സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍മുസ്‌ലിയാരും, സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാരും ജാഥാ ക്യാപ്റ്റന്‍മാര്‍ക്ക് പതാക കൈമാറും. കുണ്ടൂര്‍ മഖാം, മമ്പുറം മഖാം എന്നിവിടങ്ങളില്‍ നടക്കുന്ന സിയാറത്തിന് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും.
മലയാളം സര്‍വകലാശാലയില്‍ പി സുരേന്ദ്രനും കാലിക്കറ്റ് സര്‍വകലാശാലയില്‍ കല്‍പറ്റ നാരായണനും ഫഌഗ് ഓഫ് ചെയ്യും. ജില്ലാ ക്യാമ്പസ് സക്രട്ടറി ടി അബ്ദുന്നാസര്‍ ജില്ലാ ഗൈഡന്‍സ് സെക്രട്ടറി സി കെ എം ഫാറൂഖ് എന്നിവരാണ് വിപ്ലവ സഞ്ചാരം നയിക്കുന്നത്. കെ പി ശമീര്‍, ഫിറോസ്ഖാന്‍ വണ്ടൂര്‍, ശാഫി കാളാട്, സൈനുല്‍ ആബിദ് തിരൂര്‍ എന്നിവര്‍ ഉപനായകരായി യാത്രയിലുണ്ടാകും. എം കെ മുഹമ്മദ് സ്വഫ്‌വാന്‍ പി കെ അബ്ദുസ്വമദ് എന്നിവര്‍ കോ-ഡിനേറ്ററുമായി യാത്ര ക്രമീകരിക്കും. ജില്ലയിലെ പ്രധാന 30 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ക്യാമ്പസുകളിലാണ് വിപ്ലവ സഞ്ചാരത്തിന് സ്വീകരണ സമ്മേളനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
മലയാള സര്‍വകലാശാലയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് സെക്രട്ടറി എ എ റഹീം പ്രമേയ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് എ.ശിഹാബുദ്ധീന്‍ സഖാഫി അദ്ധധ്യക്ഷത വഹിക്കും. എസ് എസ് എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ പറവന്നൂര്‍ അഭിവാദ്യം ചെയ്യും. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം.അബ്ദുല്‍ മജീദ് പ്രമേയ പ്രഭാഷണം നടത്തും. ജില്ലാ ട്രഷറര്‍ ദുല്‍ഫുഖാറലി സഖാഫി അധ്യക്ഷത വഹിക്കും. ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ് സ്വാദിഖ് അഭിവാദ്യം ചെയ്യും.
കോണ്‍ഫറന്‍സിന്റെ ഭാഗമായി ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ ദഅ്‌വാ പ്രഭാഷണം നടക്കുന്നുണ്ട്. നാളെ താനൂര്‍ ഗവണ്‍മെന്റ് കോളജ്, പി എസ് എം ഒ കോളജ്, ഇ എം ഇ എ കോളജ്, കോപ്പറേറ്റീവ് കോളജ്, എന്നിവിടങ്ങളിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
ചെമ്മാട്, താനൂര്‍, കൊണ്ടോട്ടി, പള്ളിക്കല്‍ ബസാര്‍ എന്നിവിടങ്ങളില്‍ ദഅ്‌വാ പ്രഭാഷണവും നടക്കും.

 

Latest