Connect with us

Kozhikode

തെരുവ് വിളക്ക്: കോര്‍പറേഷന്‍ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളം

Published

|

Last Updated

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ തെരുവ് വിളക്കുകള്‍ കത്താത്തതിനെ ചൊല്ലിയും രണ്ട് ദിവസത്തിനുള്ളില്‍ കത്തിക്കുമെന്ന മേയറുടെ പ്രസ്താവനയില്‍ വിശദീകരണം ആവശ്യപ്പെട്ടും കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. കൗണ്‍സില്‍ അവസാനിക്കുന്നത് വരെ പ്രതിപക്ഷ ബഹളം തുടര്‍ന്നു. തെരുവ് വിളക്കുകള്‍ കത്തിക്കാമെന്ന് മേയര്‍ നേരത്തെ നല്‍കിയ വാഗ്ദാനം രണ്ടാഴ്ച കഴിഞ്ഞിട്ടും പാലിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് നടന്ന പ്രതിപക്ഷ ബഹളത്തിനിടെ 107 അജന്‍ഡകള്‍ ഒറ്റയടിക്ക് പാസാക്കി കൗണ്‍സില്‍ 40 മിനുട്ട് കൊണ്ട് മേയര്‍ അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ കൗണ്‍സിലില്‍ മാറ്റിവെച്ച ആര്‍ പി മാളിലെ സിനിമാ തിയേറ്ററിലെ ടിക്കറ്റ് നിരക്ക് വര്‍ധന ബഹളത്തിനിടയില്‍ പാസാക്കി. സി പി സലീമും പി കിഷന്‍ചന്ദും എതിര്‍ത്തതിനെ തുടര്‍ന്ന് മുമ്പ് മാറ്റിവെച്ച വിവാദ അജന്‍ഡയാണ് ഏകപക്ഷീയമായി ഇന്നലെ പാസാക്കിയത്. 275ന്റെ ടിക്കറ്റ് നിരക്ക് 300 ആയാണ് ഉയര്‍ത്തിയത്.
നഗരത്തിലെ തെരുവ് വിളക്കുകളുടെ അറ്റക്കുറ്റപ്പണിക്കും മറ്റുമുള്ള പണം കെ എസ് ഇ ബിയില്‍ അടച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം തന്നെ നഗരത്തിലെ തെരുവ് വിളക്കുകളെല്ലാം പ്രവര്‍ത്തനക്ഷമമാക്കുമെന്നുമുള്ള മേയറുടെ പ്രസ്താവന ബഹളത്തില്‍ മുങ്ങുകയായിരുന്നു. കൗണ്‍സിലര്‍മാര്‍ അതാത് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് വാര്‍ഡുകളിലെ തെരുവ്‌വിളക്കുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പ് വരുത്തണമെന്ന തരത്തില്‍ മേയര്‍ വാര്‍ത്താക്കുറിപ്പ് വഴി വിശദീകരണം നല്‍കിയത് ശരിയല്ലെന്നും അത് സംബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കണമെന്നും പ്രതിപക്ഷം പറഞ്ഞു.
പ്രതിപക്ഷ കൗണ്‍സിലര്‍ അവറാനാണ് തെരുവ് വിളക്ക് നഗരത്തില്‍ കത്താത്തതിന്റെ വിശദീകരണം തരണമെന്ന് പറഞ്ഞ് ആദ്യം എഴുന്നേറ്റത്. തുടര്‍ന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യവുമായി എഴുന്നേറ്റു. പ്രതിപക്ഷാംഗങ്ങള്‍ “മേയര്‍ രാജിവെക്കൂ പുറത്തുപോകൂ”വെന്ന മുദ്രാവാക്യം മുഴക്കി. ഇതിനിടയില്‍ കൗണ്‍സിലില്‍ നടപടിപ്രകാരമല്ലാതെ ഒരു കാര്യത്തിലും വിശദീകരണം നല്‍കില്ലെന്ന് മേയര്‍ പ്രൊഫ. എ കെ പ്രേമജം പറഞ്ഞു. തുടര്‍ന്നും മുദ്രാവാക്യം വിളി ഉയര്‍ന്നപ്പോള്‍ മേയര്‍ സഭ നിര്‍ത്തിവെച്ച് കക്ഷിനേതാക്കളുടെ യോഗം വിളിച്ചു.
സഭ നിര്‍ത്തിയ ഇടവേളയിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാസ്റ്ററും പ്രതിപക്ഷ കൗണ്‍സിലറായ അന്‍വറും സത്യഭാമയുമായും തെരുവ് വിളക്ക് വിഷയത്തില്‍ വാഗ്വാദങ്ങള്‍ ഉണ്ടായി.
കക്ഷി നേതാക്കളുടെ യോഗത്തിന് ശേഷം വീണ്ടും യോഗം ആരംഭിച്ച് ശ്രദ്ധക്ഷണിക്കലിനായി പ്രതിപക്ഷ കൗണ്‍സിലര്‍ സി പി സലീമിനെ മേയര്‍ വിളിച്ചെങ്കിലും പ്രതിപക്ഷം തെരുവ് വിളക്ക് വിഷയത്തില്‍ ബഹളം തുടര്‍ന്നു. ബഹളത്തിനിടയില്‍ താനല്ല രാജിവെക്കേണ്ടതെന്നും ഉമ്മന്‍ ചാണ്ടിയാണ് രാജിവെക്കേണ്ടതെന്നും മേയര്‍ പറഞ്ഞത് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചു.

 

Latest