Connect with us

Palakkad

ജനസമ്പര്‍ക്ക പരിപാടി വിജയകരമാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍

Published

|

Last Updated

പാലക്കാട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ദിവസം മുന്‍കൂട്ടി പരാതി നല്‍കാത്തവരില്‍ നിന്ന് പരാതി വാങ്ങുന്നതിന് സൗകര്യമുണ്ടാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍.
പരിപാടി ദിവസം ഉച്ചക്ക് ഒരു മണി മുതല്‍ രണ്ട് മണി വരെയുളള സമയങ്ങളില്‍ മുന്‍കൂട്ടി പരാതി നല്‍കാന്‍ കഴിയാത്തവരില്‍ നിന്ന് മുഖ്യമന്ത്രി നേരിട്ട് പരാതി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ മൂന്ന് മണിക്ക് ശേഷവും പരാതി സ്വീകരിക്കും. നവംബര്‍ 11നാണ് ജനസമ്പര്‍ക്ക പരിപാടി. ഇതിന് മുന്നോടിയുളള സ്‌ക്രീനിംഗ് കമ്മിറ്റി ജില്ലയുടെ ചുമതലയുളള മന്ത്രി എ പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ഒക്‌ടോബര്‍ 28 ന് രാവിലെ ഒമ്പതിന് യോഗം ചേരും. ഈ യോഗത്തിലായിരിക്കും മുഖ്യമന്ത്രി നേരിട്ട് പരിഹരിക്കേണ്ട പരാതികള്‍ കണ്ടെത്തുക.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വിജയകരമായി നടത്തുന്നതിന് 10,000 ചതുരശ്ര അടിയില്‍ പന്തലൊരുക്കും. വേദി സംബന്ധിച്ചുളള അന്തിമ തീരുമാനമെടുത്തില്ല. പാലക്കാട് മുനിസിപ്പല്‍ സ്റ്റേഡിയം, വിക്‌ടോറിയ കോളജ് ഗ്രൗണ്ട് എന്നിവ പരിഗണനയിലാണ്. വേദി, പന്തല്‍ എന്നിവ നിര്‍മിക്കുന്നത് സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പിനായിരിക്കും പന്തലിന്റെ നിര്‍മാണചുമതല. നേരത്തെ പരാതി നല്‍കിയവര്‍ക്കും പുതിയ പരാതിയുമായി എത്തുന്നവര്‍ക്കും പന്തലില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കും. പരിപാടി വിജയകരമായി നടത്തുന്നതിന് മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പരിപാടിയുടെ ചുമതലയുളള ഡി വൈ എസ് പി, എം എല്‍ അനില്‍ യോഗത്തില്‍ അറിയിച്ചു. വളന്‍ഡിയര്‍ക്കാവശ്യമായ പരിശീലനം നല്‍കും. നേരത്തെ പരാതി നല്‍കിയവര്‍ക്കുളള സീറ്റിലേക്കുളള പ്രവേശനം പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലായിരിക്കും. അദ്ദേഹം അറിയിച്ചു. പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ട ചുമതലകളെപ്പറ്റി എ ഡി എം കെ ഗണേശന്‍ വിവരിച്ചു. ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രത്യേക പാസ് നല്‍കും. ഗുണഭോക്താക്കളുടെ യാത്ര സുഗമമാക്കുന്നതിന് കെ എസ ആര്‍ ടി സി പത്യേക യാത്രാസൗകര്യം ഏര്‍പ്പെടുത്തും. മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഇ-ടോയ്‌ലെറ്റ് സംവിധാനം ഉറപ്പാക്കും. കുടിവെളള വിതരണം ഉറപ്പാക്കുന്നതിന് സന്നദ്ധസംഘടനകളുടെ സഹായം തേടും. പരിപാടി നടക്കുന്ന ഭാഗത്തെ റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിനെയും മുനിസിപ്പാലിറ്റിയെയും ചുമതലപ്പെടുത്തി. വേദി വിക്‌ടോറിയ കോളജ് പരിസരത്താണെങ്കില്‍ സമീപത്തെ ടോള്‍ പിരിവ് നിര്‍ത്തിവെപ്പിക്കും.
എ ഡി എം കെ ഗണേശന്‍, പാലക്കാട് അസി. കലക്ടര്‍ സാംബശിവ റാവു, ആര്‍ ഡി ഒ എം കെ കലാധരന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍ നളിനി, ടി പി സുമതിക്കുട്ടിയമ്മ, ടി സ്വാമിനാഥന്‍, ഹുസൂര്‍ ശിരസ്തദാര്‍ രാമചന്ദ്രന്‍, റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയര്‍ കെ വി അസഫ്, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബാബു എന്‍ ജോസഫ്, കെ എസ് ഇ ബി എക്‌സി. എന്‍ജിനീയര്‍ എം എസ് ഗീത, ടൗണ്‍ നോര്‍ത്ത് സി ഐ കെ എം ബിജു, കുടുംബശ്രീ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി രവീന്ദ്രന്‍, പാലക്കാട് മുനിസിപ്പല്‍ സെക്രട്ടറി പി വിജയന്‍, കേരള വാട്ടര്‍ അതോറിറ്റി എക്‌സി. എന്‍ജിനീയര്‍ പി എസ അരവിന്ദാക്ഷന്‍ പങ്കെടുത്തു.

Latest