Connect with us

Wayanad

തോല്‍പ്പെട്ടി-കുട്ട റോഡില്‍ രാത്രിയാത്രാ നിരോധ നീക്കത്തിനെതിരെ ജില്ലാ വികസന സമിതി

Published

|

Last Updated

കല്‍പറ്റ: മാനന്തവാടി-തോല്‍പ്പെട്ടി റോഡിലൂടെയുള്ള രാത്രികാല യാത്രാ നിരോധനത്തിനായി ചില സംഘടനകള്‍ നടത്തുന്ന നീക്കത്തെ ശക്തമായി എതിര്‍ക്കണമെന്ന് ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിന്റെ സാഹചര്യത്തില്‍ വനം ഒഴിവാക്കിക്കൊണ്ട് കര്‍ണാടകത്തിലേക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുള്‍ അഷ്‌റഫ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഇരു സംസ്ഥാനങ്ങളും ബദല്‍പാത പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇതുസാധ്യമാക്കാവുന്ന മാനന്തവാടി-പയ്യംപള്ളി-പാല്‍വെളിച്ചം-ചേകാടി റോഡ്, കാട്ടിക്കുളം-അപ്പപ്പാറ-പനവല്ലി-തോല്‍പ്പെട്ടി റോഡ് എന്നിവ അടിയന്തിരമായി വികസിപ്പിക്കാനും ഗതാഗതയോഗ്യമാക്കാനും വികസന സമിതി ശിപാര്‍ശ ചെയ്തു.
രാത്രികാലങ്ങളില്‍ വനം വകുപ്പ് ചങ്ങലയിട്ട് വഴി തടയുന്നതുമൂലം ചെട്ട്യാലത്തൂര്‍ ഗ്രാമവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്ന് യോഗം വനം വകുപ്പിനോട് ആവശ്യപ്പെട്ടു.
പ്രദേശവാസികള്‍ക്ക് ഭൂഗര്‍ഭ കേബിള്‍ സംവിധാനം വഴി വൈദ്യുതി ലഭിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കാന്‍ കെ എസ് ഇ ബി ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ദിരാ ആവാസ് യോജന പ്രകാരമുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് നല്‍കാത്ത പഞ്ചായത്തുകള്‍ 7 ദിവസത്തിനകം ലിസ്റ്റ് തയ്യാറാക്കി നല്‍കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു.
അക്ഷയ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ തുക ഈടാക്കുന്നതിനെതിരെ പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ കോ-ഓര്‍ഡിനേറ്ററോട് സമിതി ആവശ്യപ്പെട്ടു.
പ്ലാന്‍ ഫണ്ട് വിനിയോഗം മുപ്പത് ശതമാനത്തില്‍ കുറവുള്ള വകുപ്പുകളുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം. എന്‍ ടി മാത്യു അദ്ധ്യക്ഷത വഹിച്ചു.
പട്ടികവര്‍ഗ്ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ദേവകി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.