Connect with us

National

'ഭക്ഷണം പോലും നല്‍കുന്നില്ല; സര്‍ക്കാറിന്റെ ശ്രദ്ധ അനാവശ്യ വിവാദങ്ങളില്‍'

Published

|

Last Updated

മുസാഫര്‍നഗര്‍: മുസാഫര്‍നഗര്‍ ഇരകളെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കണ്ട് ആവലാതികള്‍ ബോധിപ്പിച്ചതിന് ശേഷം ജമീല്‍ അഹ്മദ് പ്രതീക്ഷയിലായിരുന്നു. ഉപജീവനമാര്‍ഗം തിരിച്ചു കിട്ടുമെന്നും കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യുമെന്നും വീണ്ടും സുരക്ഷിതാവസ്ഥ ഉണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍, ഈ പ്രതീക്ഷ അടങ്ങാത്ത കോപത്തിലേക്ക് വഴിമാറിയിരിക്കുകയാണ് ഇപ്പോള്‍. മുസാഫര്‍നഗര്‍ ഇരകളുമായി പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐ ബന്ധപ്പെടുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് രോഷത്തിന് കാരണം.
“വിശപ്പ് മാറ്റാന്‍ നേരാംവണ്ണം ഭക്ഷണം പോലും കിട്ടുന്നില്ല. കിടക്കകളോ മരം കോച്ചുന്ന തണുപ്പില്‍ നിന്ന് രക്ഷ തേടാന്‍ പുതപ്പുകളോ ഇല്ല. ഈ സാഹചര്യത്തിലാണ് ഞങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് വിളികള്‍ വന്നതായി രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ നേരാം വണ്ണം കൊണ്ടുനടക്കാന്‍ പണം പോലുമില്ല. കലാപം രൂക്ഷമായതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം കുത്ബയില്‍ നിന്ന് എല്ലാം ഇട്ടെറിഞ്ഞ് പോന്ന നൂറുകണക്കിന് കുടുംബങ്ങളില്‍ ഒന്നാണ് എന്റെ കുടുംബവും. കഴിഞ്ഞ മാസം 10 മുതല്‍ അഭയാര്‍ഥി ക്യാമ്പിലാണ്. ഓരോ ദിവസവും കഴിഞ്ഞുകൂടുന്നത് തന്നെ വളരെ കഷ്ടപ്പെട്ടിട്ടാണ്. അവര്‍ക്ക് പാക് ഏജന്റുകളെ സംബന്ധിച്ചാണ് ശ്രദ്ധ.” ബാസികലാന്‍ ക്യാമ്പില്‍ കഴിയുന്ന ജമീല്‍ അഹ്മദ് കരച്ചിലടക്കി പറയുന്നു.
ഇരകളെ സന്ദര്‍ശിക്കാന്‍ വന്ന രാഷ്ട്ര നേതാക്കളെ കണ്ട് വേവലാതികള്‍ പറയാന്‍ കഴിഞ്ഞ ചുരുക്കം ആളുകളില്‍ ഒരാളാണ് ജമീല്‍. “കൂട്ടക്കൊലകള്‍ നടന്ന ആ രാത്രിയില്‍ ഗ്രാമത്തില്‍ നിന്ന് കുടുംബത്തോടൊപ്പം രക്ഷപ്പെട്ടത് വിവരിക്കുമ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞുപോയിരുന്നു. വീട് അവര്‍ തകര്‍ത്തു തരിപ്പണമാക്കി. ഉപജീവനമാര്‍ഗം നശിപ്പിച്ചു. രാഷ്ട്ര നേതാക്കള്‍ എന്തെങ്കിലും ചെയ്തു തരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിപ്പോഴും തുടരുന്നു. ഞങ്ങളൊരു നാടകം ആഗ്രഹിക്കുന്നില്ല. അത് മനസ്സിലാക്കാനും സാധിക്കില്ല.” ജമീല്‍ കൂട്ടിച്ചേര്‍ത്തു.
കുത്ബയില്‍ നിന്ന് രക്ഷപ്പെട്ട് പോന്ന മുഹമ്മദ് സഫര്‍ യൂസുഫും ഇതേ വികാരമാണ് പങ്ക് വെക്കുന്നത്. “ഭരണകൂടം എന്തെങ്കിലും ചെയ്തു തരുമെന്ന് പ്രതീക്ഷിച്ചിരുന്നു. കലാപം അവസാനിച്ചിട്ട് നാല്‍പ്പതിലേറെ ദിവസമായി. ഇതുവരെ പറയത്തക്ക യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പ്രദേശവാസികളുടെ ഔദാര്യത്തിലാണ് ഓരോ ദിവസവും കഴിയുന്നത്. ഞങ്ങളുടെ കഷ്ടസ്ഥിതി വെച്ച് രാഷ്ട്രീയം കളിക്കുകയാണ് അവര്‍. ഞങ്ങള്‍ വീടില്ലാത്തവരാണെന്ന കാര്യം അവര്‍ മനസ്സിലാക്കുന്നില്ല. അല്ലെങ്കിലും വീടില്ലാത്തവര്‍ക്ക് വോട്ടില്ലല്ലോ?. കുറച്ച് അരിയും പരിപ്പും, ഒരു പുതപ്പ്, ഒരു ടൂത്ത് ബ്രഷ;് ഇതില്‍ ഒതുങ്ങിയിരിക്കുകയാണ് സര്‍ക്കാറിന്റെ സഹായം.” സഫര്‍ രോഷത്തോടെ പറഞ്ഞു.
ഖൈരാന അഭയാര്‍ഥി ക്യാമ്പിലെ അബ്ദുല്‍ ഖദീര്‍ പറയുന്നത് നോക്കുക. “ഈ പ്രസ്താവന എന്താണ് അര്‍ഥമാക്കുന്നത്? ദിവസം മുഴുവനും മാധ്യമപ്രവര്‍ത്തകര്‍ വന്ന് അപമാനിക്കുന്ന ചോദ്യങ്ങളുന്നയിക്കുകയാണ്. പാക്കിസ്ഥാനോടാണോ ഇന്ത്യയോടാണോ കൂറ് എന്നാണ് അവര്‍ക്കറിയേണ്ടത്. പാക്കിസ്ഥാനില്‍ എത്ര ഫോണുകള്‍ സ്വീകരിച്ചു തുടങ്ങിയ ചോദ്യങ്ങളുന്നയിക്കുന്നു.” ഇവിടെ രാഹുലിന്റെ കോലം കത്തിച്ചിരുന്നു.
“കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഞങ്ങളെ സംരക്ഷിക്കാനാകുന്നില്ല. കുത്ബയില്‍ സെപ്തംബര്‍ എട്ടിന് കലാപകാരികള്‍ ബന്ധുക്കളെ കൊന്നു. ഇവിടെ ദിവസവും ഇഞ്ചിഞ്ചായി മരിക്കുന്നു.” ബാസികലാനിലെ ക്യാമ്പില്‍ കഴിയുന്ന അഹ്മദിന്റെ ഈ പ്രതികരണത്തില്‍ മുസാഫര്‍നഗര്‍ കലാപത്തിന്റെ ഇരകളുടെ ഇന്നത്തെ ജീവിതത്തിന്റെ യഥാര്‍ഥ ചിത്രമുണ്ട്.