Connect with us

Kerala

അറബി കോളജുകളിലെ സിലബസ് പരിഷ്‌കാരം: വിദഗ്ധ സമിതി പുനഃസംഘടിപ്പിക്കണം എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ അറബി കോളജുകളിലെ സിലബസ് പരിഷ്‌കരിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി പുനഃസംഘടിപ്പിക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. വിദഗ്ധ സമിതിയംഗങ്ങളില്‍ ഭൂരിപക്ഷവും വഹാബി പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരാണ്. അവര്‍ക്കിടയിലെ വിവിധ ഗ്രൂപ്പുകള്‍ക്ക് വേണ്ടി വിദഗ്ധ സമിതി അംഗത്വം വീതം വെച്ചിരിക്കുകയാണ്. വൈദഗ്ധ്യവും പ്രാഗത്ഭ്യവും മാനദണ്ഡമാക്കുന്നതിന് പകരം മുജാഹിദ് ഗ്രൂപ്പുകളുടെ സന്തുലിതത്വം പാലിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. സിലബസില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും പ്രയോഗവത്കരിക്കാനും അധികാരമുള്ള സമിതിയില്‍ കേരളത്തിലെ മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷമായ സുന്നി പക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന അംഗങ്ങളില്ലെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
സിലബസ് നിര്‍ണയാധികാരം ദുരുപയോഗിച്ച് സ്‌കൂള്‍, കോളജ് അറബി പാഠപുസ്തകങ്ങളില്‍ വഹാബികള്‍ തങ്ങളുടെ ആശയഗതികള്‍ കടത്തിക്കൂട്ടിയ മുന്‍കാല അനുഭവം കേരളത്തിലുണ്ട്. ശക്തമായ പ്രതിഷേധങ്ങളുമായി സുന്നി സംഘടനകള്‍ അന്ന് രംഗത്തിറങ്ങിയതിന്റെ ഫലമായി അവ നീക്കം ചെയ്യുകയാണുണ്ടായത്. വിദഗ്ധ സമിതിയില്‍ സുന്നി വിഭാഗത്തിനു കൂടി മതിയായ പ്രാതിനിധ്യം ഉറപ്പാക്കണം. സുന്നി മാനേജ്‌മെന്റിന് കീഴില്‍ നിരവധി അറബി കോളജുകള്‍ നിലവിലുണ്ടെന്നിരിക്കെ സമിതിയിലെ പങ്കാളിത്തം പ്രധാനമാണ്. സമിതി പുനഃക്രമീകരിക്കാതെ മുന്നോട്ട് പോകാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി എസ് എസ് എഫ് രംഗത്തിറങ്ങും. വിദ്യാഭ്യാസ വകുപ്പും സര്‍ക്കാറും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ നേതൃത്തത്തില്‍ യോഗം കെ അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, കെ ഐ ബഷീര്‍, എ എ റഹീം, പി വി അഹ്മദ് കബീര്‍, ഹാഷിര്‍ സഖാഫി കായംകുളം, ഉമര്‍ ഓങ്ങല്ലൂര്‍, വി പി എം ഇസ്ഹാഖ് സംബന്ധിച്ചു.

Latest