Connect with us

Gulf

രാജ്യത്ത് എത്തുന്നതിന് മുമ്പ് വിസ പരിശോധന: പദ്ധതി തയാറാക്കുന്നു

Published

|

Last Updated

ദുബൈ: രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാരന്റെ വിസ പരിശോധിക്കാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കാന്‍ യു എ ഇ ഒരുങ്ങുന്നു. യാത്രക്കാരനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാന്‍ സാധിക്കുന്ന സമഗ്രമായ സംവിധാനത്തിന് രൂപം നല്‍കാനാണ് പഠനം നടന്നുവരുന്നതെന്ന് ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് ദുബൈയുടെ അസി. ഡയറക്ടര്‍ ജനറല്‍ കേണല്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി വ്യക്തമാക്കി.

വരുന്ന യാത്രക്കാരനെ രാജ്യത്ത് ഇറങ്ങുന്നതില്‍ നിന്ന് നിരോധിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിലൂടെ അറിയാന്‍ സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല രാജ്യങ്ങളും ഇത്തരം സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് യാഥാര്‍ഥ്യമാക്കാനായാല്‍ ഉദ്യോഗസ്ഥരുടെ സമയം ലാഭിക്കാന്‍ സാധിക്കുന്നതിനൊപ്പം മറ്റു രാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ രാജ്യത്തേക്ക് പുറപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയും.
രാജ്യത്ത് എത്തുന്ന മറ്റ് യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖമമായി എമിഗ്രേഷന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കാനും സഹായകമാവും. നിയമലംഘകര്‍ രാജ്യത്ത് എത്തുന്നത് മുന്‍കൂട്ടി തടയാനും സംവിധാനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഞങ്ങള്‍ ആരെയെങ്കിലും രാജ്യത്ത് നിന്നു അകറ്റി നിര്‍ത്താനല്ല ഇത്തരം ഒരു സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്നതിന് നിരോധനമുളള നിയമലംഘകരെ രാജ്യത്ത് പ്രവേശിപ്പിക്കാതിരിക്കാനാണ്.
2020ല്‍ ദുബൈ വിമാനത്താവളം 9.8 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് പ്രവേശന നിരോധനം നിലനില്‍ക്കുന്ന 3,51,318 പേര്‍ക്ക് പ്രവേശനം നിഷേധിച്ചതായി കഴിഞ്ഞ മാസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് വ്യക്തമാക്കിയതും അദ്ദേഹം ഓര്‍മിപ്പിച്ചു.
2012 ഡിസംബറില്‍ വ്യാജ വിസയില്‍ എത്തിയ 1,304 പേരെ പിടികൂടിയതും വെളിപ്പെടുത്തിയിരുന്നു. 2011ല്‍ ഇത്തരത്തില്‍ 1,090 പേരെയായിരുന്നു പിടികൂടിയതെന്നും ഖാലിദ് നാസര്‍ അല്‍ റസൂഖി പറഞ്ഞു.

Latest