Connect with us

International

പാക്കിസ്ഥാനെതിരെ യു എന്‍ റിപ്പോര്‍ട്ട്‌

Published

|

Last Updated

ന്യൂയോര്‍ക്ക്/ലാഹോര്‍: രാജ്യത്ത് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ (ആളില്ലാ വിമാനം വഴിയുള്ള ആക്രമണം) കുറിച്ച് പാക്കിസ്ഥാന് അറിവുണ്ടായിരുന്നതായി ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍. തീവ്രവാദത്തെ നേരിടുമ്പോള്‍ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പാക്കിസ്ഥാനെതിരെ കുറ്റപ്പെടുത്തലുകളുള്ളത്. 2004 ജൂണ്‍ മുതല്‍ 2008 ജൂണ്‍ വരെ നടന്ന അമേരിക്കന്‍ ഡ്രോണ്‍ ആക്രമണങ്ങളെക്കുറിച്ച് പാക്കിസ്ഥാനിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാറിനും രഹസ്യാന്വേഷണ വിഭാഗമായ സി ഐ എക്കും അറിവുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം ഉന്നത രഹസ്യസ്വഭാവമുള്ള രേഖകള്‍ പരസ്പരം കൈമാറിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ബെന്‍ എമേഴ്‌സണ്‍ അവകാശപ്പെടുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2004നും 2008നും ഇടയില്‍ പാക്കിസ്ഥാനിലെ ഗോത്ര മേഖലകളില്‍ 330 ഡ്രോണ്‍ ആക്രമണങ്ങളാണ് അമേരിക്ക നടത്തിയത്. ആക്രമണങ്ങളില്‍ 2,200 ലധികം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 600ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ 200 സൈനികര്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം സാധാരണ പൗരന്‍മാരായിരുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ തരുന്ന വിവരം.
പാക് പ്രധാനമന്ത്രി നവാസ് ശരീഫ് യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി വാഷിംഗ്ടണില്‍ നടത്തുന്ന കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് എന്നത് ഏറെ അന്താരാഷ്ട്ര പ്രാധാന്യമുള്ളതായാണ് വിലയിരുത്തല്‍. രാജ്യത്ത് അമേരിക്ക നടത്തുന്ന ഡോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം എന്നതാണ് ഒബാമയുമായുള്ള ചര്‍ച്ചകളില്‍ നവാസ് ശരീഫ് മുഖ്യമായും ഉന്നയിക്കുന്ന ആവശ്യം.
അതേസമയം, ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് മുന്‍ പാക്ക് പ്രസിഡന്റ് യൂസുഫ് റാസ ഗീലാനി തള്ളിക്കളഞ്ഞു. 2007 വരെ പര്‍വേസ് മുശര്‍റഫിന്റെ സര്‍ക്കാറാണ് നിലവിലുണ്ടായിരുന്നത്. 2011 ലാണ് ഗീലാനി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. തുടര്‍ന്ന് ഒബാമയുമായി നടത്തിയ ആശയവിനിമയത്തില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണങ്ങളോടുള്ള തന്റെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നാണ് ഗീലാനി അവകാശപ്പെടുന്നത്. പാക് മണ്ണില്‍ ആക്രമണം നടത്തുന്നതിനു വേണ്ടി യാതൊരു ഉടമ്പടിയും പാക്കിസ്ഥാനും അമേരിക്കയും തമ്മില്‍ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്തിനകത്ത് അമേരിക്ക നടത്തിയ ചില ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തന്‍ അന്ന് അനുമതി നല്‍കിയിരുന്നതായി കഴിഞ്ഞ ഏപ്രിലില്‍ മുശര്‍റഫ് ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.