Connect with us

International

35ഓളം ലോക നേതാക്കളുടെ ഫോണുകളും അമേരിക്ക ചോര്‍ത്തിയെന്ന്‌

Published

|

Last Updated

ലണ്ടന്‍: ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ മൊബൈല്‍ ഫോണ്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ 35ഓളം ലോക നേതാക്കളുടെ ഫോണുകളും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ചോര്‍ത്തല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയ രഹസ്യാന്വേഷണ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡനാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പത്രം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
യു എസ് ദേശീയ സുരക്ഷാ ഏജന്‍സിക്കാണ് യു എസ് സര്‍ക്കാര്‍ ലോക നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ നല്‍കിയത്. തുടര്‍ന്നാണ് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയത്. വൈറ്റ് ഹൗസിലെയും പെന്റഗണിലെയും ഉദ്യോഗസ്ഥര്‍ക്കും രഹസ്യ വിവരങ്ങള്‍ ലഭ്യമായിരുന്നതായി ഗാര്‍ഡിയന്‍ വെളിപ്പെടുത്തി. 35 ലോക നേതാക്കളുടെ 200 നമ്പറുകളാണ് അമേരിക്ക ശേഖരിച്ചത്.
നേരത്തെ മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് ജര്‍മനിയില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ വൈറ്റ് ഹൗസ് നിഷേധിച്ചിരുന്നില്ല. ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കാം എന്നായിരുന്നു വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.
ജര്‍മന്‍ വിദേശകാര്യ മന്ത്രി യു എസ് സ്ഥാനപതി ജോണ്‍ ബി എമേഴ്‌സനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

 

Latest