Connect with us

Kozhikode

സര്‍ക്കാര്‍ അധ്യാപകരെ അനുവദിച്ചില്ലെങ്കില്‍ രക്ഷിതാക്കള്‍ അധ്യാപകരാകും

Published

|

Last Updated

കോഴിക്കോട്: നല്ലളം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ആവശ്യമായ അധ്യാപക തസ്തികകള്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10ന് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ പ്രതീകാത്മക ക്ലാസ് എടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കോഴിക്കോട് ഡി ഡി ഇ യുടെ ശുപാര്‍ശ പ്രകാരമുള്ള പ്രധാനധ്യാപകന്റേയും സഹധ്യാപകരുടേയും തസ്തിക സൃഷ്ടിക്കണം. കുട്ടികളുടെ പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, കമ്പ്യൂട്ടര്‍ ലാബ് സംവിധാനങ്ങള്‍ അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് പ്രതിഷേധം. 29 അധ്യാപക തസ്തികകളിലേക്ക് ഇപ്പോഴുള്ളത് 13 സംരക്ഷിതാധ്യാപകരും രണ്ട് സ്ഥിരാധ്യാപകരുമാണ്. 29 തസ്തികകളില്‍ നാല് എണ്ണമാണ് സൃഷ്ടിക്കപ്പെട്ടത്. ബാക്കിയുള്ള ഒഴിവിലേക്ക് സംരക്ഷിത അധ്യാപകര്‍ ഒഴികെയുള്ളവരെ പി ടി എ ആണ് നിയമിച്ചിരിക്കുന്നത്. 1949 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഇംഗ്ലീഷിന് ഒരു അധ്യാപകന്‍ പോലും ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
കൂടാതെ 200ല്‍ പരം കുട്ടികള്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതുന്ന ഈ സ്‌കൂളില്‍ പ്രധാനാധ്യാപകനില്ലാത്തത് പരീക്ഷ നടത്തിപ്പിനെ കാര്യമായി ബാധിക്കുമെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാണിച്ചു. പി ടി എ നിയമിച്ച അധ്യാപകര്‍ക്ക് മാസം ശമ്പളം നല്‍കാന്‍ 50,000 രൂപ വേണമെന്ന് ഇത് പി ടി എക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് ബന്ധപ്പെട്ട ഓഫീസുകളില്‍ പി ടി എ ഭാരവാഹികള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുമുണ്ട്. ഭാരവാഹികള്‍ അറിയിച്ചു. സംരക്ഷണ സമിതി കണ്‍വീനര്‍ കെ എം റഫീഖ്, ചെയര്‍മാന്‍ കോയാമാമു, ട്രഷറര്‍ സാജന്‍ ഉമ്മന്‍, പി ടി എ പ്രസിഡന്റ് വി പി ആലിക്കോയ, വൈസ് ചെയര്‍മാന്‍ എം ഉമ്മര്‍കോയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.