Connect with us

Malappuram

അലകടലായി അഹ്‌ലുസ്സുന്ന

Published

|

Last Updated

മലപ്പുറം: മലവെള്ളംപോലെ ആരോപണങ്ങളും ആക്ഷേപങ്ങളും ഒഴുകിയെത്തിയാല്‍ നഷ്ടമാകുന്നതല്ല തങ്ങളുടെ ആദര്‍ശമെന്ന് വിളിച്ചറിയിച്ച് ജില്ലയിലെ സുന്നി കുടുംബം മലപ്പുറത്തെ ജനസാഗരമാക്കി മാറ്റി.
പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ച് പാരാവാരം കണക്കെ ഇരച്ചുവന്ന ജനക്കൂട്ടം മലപ്പുറത്തിന് പുതിയ അനുഭവമായി മാറുകയായിരുന്നു. ജുമുഅ നിസ്‌കാരം കഴിഞ്ഞതോടെയാണ് ജില്ലാ ആസ്ഥാനത്തേക്ക് പ്രവര്‍ത്തകരുടെ യാത്ര ആരംഭിച്ചത്. വൈകുന്നേരമായതോടെ അത് ഒഴുക്കായി പരിണാമം പ്രാപിച്ചു. കിഴക്കേതലയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തെ ഉള്‍കൊള്ളാനാകാതെ മലപ്പുറത്തെ റോഡുകള്‍ നിറഞ്ഞ് കവിഞ്ഞു.
നാല് മണിയോടെ കിഴക്കേതലയില്‍ നിന്ന് ആരംഭിച്ച പ്രകടനം സമ്മേളന നഗരിയായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ഹാളില്‍ സമാപിക്കുമ്പോള്‍ സമ്മേളനം ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. ടൗണ്‍ഹാളും പരിസരവും ജനങ്ങളാല്‍ വീര്‍പ്പ് മുട്ടുന്ന കാഴ്ചയായിരുന്നു. സമ്മേളനം വീക്ഷിക്കാന്‍ എല്‍ സി ഡി ടെലിവിഷനുകളും ദൂരസ്ഥലങ്ങളിലേക്ക് ശബ്ദ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇതിനെയെല്ലാം കവച്ച് വെക്കുന്ന രീതിയിലാണ് ജനം ഒഴുകിയെത്തിയത്. മലപ്പുറം നഗരത്തിലെ വീട്ടുകാര്‍ പ്രവര്‍ത്തകര്‍ക്ക് മഗ്‌രിബ് നിസ്‌കാരത്തിനും വുളു എടുക്കാനും സൗകര്യം ചെയ്തുകൊടുത്ത് സമ്മേളനത്തില്‍ പങ്കാളികളായി. നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറിയും റോഡിലിരുന്നുമെല്ലാമാണ് നേതാക്കളുടെ പ്രസംഗങ്ങള്‍ ശ്രവിച്ചത്. സുന്നിശക്തിയില്‍ വിറളിപൂണ്ടവര്‍ കള്ളപ്രചരണങ്ങളിലൂടെ നടത്തുന്ന ആരോപണങ്ങള്‍ക്കുള്ള ശക്തമായ താക്കീതായി മാറി എസ് വൈ എസ് ആദര്‍ശ സമ്മേളനം. ആരോപണങ്ങളുടെ മുനയൊടിക്കുന്ന പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ മറുപടി പ്രസംഗം വിഘടിത ശക്തികളുടെ കൂടാരങ്ങളെ പിടിച്ചുകുലാക്കാന്‍ പോന്നതായിരുന്നു.
മലപ്പുറത്തെ സുന്നി സംഘ ചരിത്രത്തില്‍ വേറിട്ട അധ്യായമായി മാറുകയായിരുന്നു ആദര്‍ശ സമ്മേളനം. പ്രകടനത്തിന് നേതാക്കളായ സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, ഒ കെ മൂസാന്‍കുട്ടി മുസ്‌ലിയാര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുഹാജി വേങ്ങര, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, അലവിക്കുട്ടിഫൈസി എടക്കര, കെ പി ജമാല്‍ കരുളായി നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest